അമീർ കപ്പ് ഫുട്ബാൾ: ഖാദിസിയയെ തോൽപിച്ച് കസ്മ സെമി ഫൈനലിൽ
text_fieldsഅമീർ കപ്പ് ഫുട്ബാൾ ടൂർണമെൻറിൽ ഖാദിസിയ, കസ്മ മത്സരത്തിൽനിന്ന്
കുവൈത്ത് സിറ്റി: അമീർ കപ്പ് ഫുട്ബാൾ ടൂർണമെൻറിൽ ശക്തരായ ഖാദിസിയയെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപിച്ച് കസ്മ സ്പോർട്സ് ക്ലബ് സെമി ഫൈനലിൽ പ്രവേശിച്ചു. നിശ്ചിത സമയത്തും അധിക സമയത്തും രണ്ടുവീതം ഗോൾ നേടി സമനില പാലിച്ചതിനെ തുടർന്നാണ് പെനാൽറ്റി ഷൂട്ടൗട്ട് നടത്തിയത്. 33ാം മിനിറ്റിൽ ഷബീബ് അൽ ഖാലിദിയിലൂടെ കസ്മയാണ് ആദ്യഗോൾ നേടിയത്.
41ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ സൂപ്പർ താരം ബദർ അൽ മുതവ്വയിലൂടെ ഖാദിസിയ ഗോൾ മടക്കി. രണ്ടാം പകുതി അവസാനിക്കാനിരിക്കെ 85ാം മിനിറ്റിൽ രണ്ടാം ഗോൾ നേടി കസ്മ വീണ്ടും ഞെട്ടിച്ചു. വീണ്ടും പെനാൽറ്റിയിലൂടെ ബദർ അൽ മുതവ്വ ഖാദിസിയക്ക് ജീവൻ നൽകി.
അധിക സമയത്ത് ഗോളൊന്നും പിറന്നില്ല. കുവൈത്തിലെ രണ്ട് ചാമ്പ്യൻ ക്ലബുകളിലൊന്നായ ഖാദിസിയക്കെതിരെ അട്ടിമറി വിജയമാണ് കസ്മ സ്വന്തമാക്കിയത്. മറ്റൊരു മത്സരത്തിൽ കുവൈത്ത് സോക്കർ ക്ലബ് സാൽമിയയെ രണ്ടിനെതിരെ നാല് ഗോളിന് തോൽപിച്ചു.

