ഇന്ത്യൻ സമൂഹത്തിന് നന്ദിയും കടപ്പാടും അറിയിച്ച് അംബാസഡർ
text_fieldsഇന്ത്യൻ എംബസിയിൽ സംഘടിപ്പിച്ച ചടങ്ങിൽ അംബാസഡർ ഡോ.ആദർശ് സ്വൈക വിടവാങ്ങൽ പ്രസംഗം നടത്തുന്നു
കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിന് നന്ദിയും കടപ്പാടും അറിയിച്ചു ചുമതല ഒഴിയുന്ന ഇന്ത്യൻ അംബാസഡർ ഡോ.ആദർശ് സ്വൈക. ഇന്ത്യൻ എംബസിയിൽ സംഘടിപ്പിച്ച കുവൈത്തിലെ ഇന്ത്യൻ കമ്യൂണിറ്റി അസോസിയേഷൻ ഭാരവാഹികളുടെ യോഗത്തിൽ അംബാസഡർ വിടവാങ്ങൽ പ്രസംഗം നടത്തി.
ഇന്ത്യ-കുവൈത്ത് ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിൽ കുവൈത്തിലെ ഏറ്റവും വലുതും ഊർജസ്വലവുമായ ഇന്ത്യൻ സമൂഹത്തിന്റെ വിലപ്പെട്ട സംഭാവനയെയും അവർ ആസ്വദിക്കുന്ന സൗഹാർദത്തെയും ഡോ. ആദർശ് സ്വൈക എടുത്തുപറഞ്ഞു. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തൽ, വിമാന യാത്ര പ്രശ്നം പരിഹരിക്കൽ, കുവൈത്തിലെ ഇന്ത്യൻ എൻജിനീയർമാരുടെ വിഷയങ്ങൾ കൈകാര്യം ചെയ്യൽ എന്നിവയിൽ താൻ ചുമതലയിൽ ഇരിക്കുമ്പോൾ കൃത്യമായ ഇടപെടൽ നടത്തിയതായും അതിന്റെ ഫലം കിട്ടിയതായും ഡോ. ആദർശ് സ്വൈക പറഞ്ഞു. സാമ്പത്തികം, വ്യാപാര സഹകരണം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ ക്ഷേമം എന്നിവയിൽ ഇന്ത്യ-കുവൈത്ത് ബന്ധം ശക്തിപ്പെട്ടതും സൂചിപ്പിച്ചു. ഡോ.ആദർശ് സ്വൈക നൽകിയ മികച്ച സംഭാവനകളെ വിവിധ സംഘടന നേതാക്കൾ പ്രശംസിച്ചു. കെനിയയിലെ ഇന്ത്യയുടെ പുതിയ ഹൈകമീഷണറായി ഡോ.ആദർശ് സ്വൈകയെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നിയമിച്ചിട്ടുണ്ട്. വൈകാതെ അദ്ദേഹം ഈ ചുമതല ഏറ്റെടുക്കും. പരമിത ത്രിപതിയാണ് കുവൈത്തിലെ പുതിയ ഇന്ത്യൻ അംബാസഡർ. ഇവർ വൈകാതെ കുവൈത്തിലെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

