ഇന്ത്യൻ സർവകക്ഷി പ്രതിനിധി സംഘം സന്ദർശനം; ഭീകരതക്കെതിരെ ഉറച്ച പോരാട്ടം തുടരും
text_fieldsഇന്ത്യൻ സർവകക്ഷി പ്രതിനിധി സംഘം കുവൈത്ത് ടവറുകൾക്കരികെ
കുവൈത്ത് സിറ്റി: ഭീകരതക്കെതിരായ നിലപാട് വിശദീകരിക്കുന്നതിന്റെ ഭാഗമായി കുവൈത്തിലെത്തിയ ഇന്ത്യൻ സർവകക്ഷി പ്രതിനിധി സംഘം രണ്ടുദിവസത്തെ സന്ദർശനം പൂർത്തിയാക്കി മടങ്ങി. ചൊവ്വാഴ്ച മാധ്യമ പ്രവർത്തകരുമായി പ്രത്യേക കൂടിക്കാഴ്ചയും സംഘടിപ്പിച്ചു. ഭീകരതയെ അതിന്റെ എല്ലാ രൂപങ്ങളിലും നേരിടാനുള്ള ഇന്ത്യയുടെ നയം പ്രതിനിധി സംഘം ആവർത്തിച്ചു. കുവൈത്ത് നാഷനൽ ലൈബ്രറിയിൽ നടന്ന 'റിഹ്ല-ഇ-ദോസ്തി: 250 വർഷത്തെ ഇന്ത്യ-കുവൈത്ത് സൗഹൃദം' എന്ന പ്രത്യേക പ്രദർശനം പ്രതിനിധി സംഘം സന്ദർശിച്ചു. അപൂർവ കൈയെഴുത്തു പ്രതികൾ, പുരാതന പുസ്തകങ്ങൾ, ചരിത്ര നാണയങ്ങൾ, സാംസ്കാരിക കലാരൂപങ്ങൾ എന്നിവയാൽ സമ്പന്നമായ പ്രദർശനം സംഘം നോക്കികണ്ടു.
ഭീകരതക്കെതിരായ ഇന്ത്യയുടെ ശക്തമായ നിലപാട് സർക്കാർ, സിവിൽ സമൂഹം, മാധ്യമങ്ങൾ, ചിന്തകർ, ഇന്ത്യൻ സമൂഹത്തിലെ അംഗങ്ങൾ എന്നിവരുൾപ്പെടെ കുവൈത്തിലെ പൊതുസമൂഹത്തിൽ ഫലപ്രദമായി എത്തിച്ചുകൊണ്ടാണ് പ്രതിനിധി സംഘം മടങ്ങിത്.തിങ്കളാഴ്ചയാണ് ബി.ജെ.പി എം.പി ബൈജയന്ത് പാണ്ഡയുടെ നേതൃത്വത്തിലുള്ള സർവകക്ഷി പ്രതിനിധി സംഘം കുവൈത്തിലെത്തിയത്. നിഷികാന്ത് ദുബെ, ഫാങ്നോൺ കൊന്യാക്, രേഖ ശർമ, അസദുദ്ദീൻ ഉവൈസി, സത്നാം സിങ് സന്ധു, ഗുലാം നബി ആസാദ്, ഹർഷ് ശ്രിംഗള എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. കുവൈത്ത് ഉപപ്രധാനമന്ത്രിയും കാബിനറ്റ് കാര്യ സഹമന്ത്രിയുമായ ഷെരിദ അൽ മൗഷർജിയുമായി സംഘം തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു.
രാഷ്ട്രീയ, ഉദ്യോഗസ്ഥ നേതൃത്വങ്ങളുമായി കൂടിക്കാഴ്ചകൾ നടത്തും. സിവിൽ സമൂഹത്തിലെ പ്രമുഖർ, ഇന്ത്യൻ പ്രവാസികൾ എന്നിവരുമായി പ്രതിനിധി സംഘം സംവദിച്ചു. കുവൈത്തിലെ ചരിത്രപ്രസിദ്ധമായ മസ്ജിദുൽ കബീർ, കുവൈത്ത് ടവർ മറ്റു പ്രധാന ഇടങ്ങൾ എന്നിവയും സംഘം സന്ദർശിച്ചു.പഹൽഗാം ഭീകരാക്രമത്തെ തുടർന്നുള്ള ഓപറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യൻ സർവകക്ഷി പ്രതിനിധി സംഘം കുവൈത്തിലെത്തിയത്. കുവൈത്തിൽനിന്ന് സൗദിയിലേക്ക് തിരിച്ച സംഘം 30 ന് സംഘം അൾജീരിയയിലേക്ക് തിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

