അൽ സൂർ റിഫൈനറി രണ്ടാം ഘട്ടത്തിലേക്ക്
text_fieldsഅല്‍ സൂര് റിഫൈനറി
കുവൈത്ത് സിറ്റി: ലോകത്തിലെ ഏറ്റവും വലിയ റിഫൈനറികളിലൊന്നായ കുവൈത്തിലെ അൽ സൂർ റിഫൈനറി പൂർണ ഉല്പാദന ശേഷിയിലേക്ക്.
റിഫൈനറിയുടെ രണ്ടാം ഘട്ടം ആരംഭിക്കുന്നതായി കുവൈത്ത് ഇന്റഗ്രേറ്റഡ് പെട്രോളിയം ഇൻഡസ്ട്രീസ് കമ്പനി (കെ.ഐ.പി.ഐ.സി) സി.ഇ.ഒ വലീദ് അൽ ബാദർ അറിയിച്ചു. ആദ്യ ഘട്ടം തുടങ്ങി മാസങ്ങൾക്കു ശേഷംതന്നെ രണ്ടാം ഘട്ടം ആരംഭിക്കാനായി. രാജ്യത്തിന്റെ പെട്രോളിയം വ്യവസായ ചരിത്രത്തിലെ വലിയ നേട്ടമാണ് ഇതെന്നു അദ്ദേഹം കൂട്ടിച്ചേർത്തു.
രണ്ടാം ഘട്ടം ആരംഭിക്കുന്നതോടെ ശുദ്ധീകരണ ശേഷി 2,05,000 ബാരലിൽനിന്ന് 4,10,000 ബാരലായി വർധിപ്പിക്കും. മൂന്നാമത്തെയും അവസാനത്തെയും ഘട്ടത്തോടെ പരമാവധി ശുദ്ധീകരണ ശേഷി 6,15,000 ബാരൽ വരെ കൈവരിക്കുമെന്നാണ് പ്രതീക്ഷ.
ഉയർന്ന നിലവാരമുള്ള പെട്രോളിയം കയറ്റുമതിയും ആഗോള വിപണിയിലെ ഭാവി സവിശേഷതകളുമായി പൊരുത്തപ്പെടുന്ന ഉൽപന്നങ്ങളുടെ പ്രോത്സാഹനവും അൽ സൂർ റിഫൈനറിയുടെ പ്രത്യേകതയാണ്.
കുവൈത്തിന്റെ എണ്ണ വ്യവസായത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിനുള്ള കുവൈത്ത് പെട്രോളിയം കമ്പനിയുടെ ഏറ്റവും പ്രധാനപ്പെട്ട സ്തംഭങ്ങളിലൊന്നാണ് അൽ സൂർ റിഫൈനറി.
തൊഴിൽ അവസരങ്ങൾ നൽകുന്നതിലൂടെയും എണ്ണ വിപണി ഉറപ്പാക്കുന്നതിലൂടെയും റിഫൈനറിക്ക് സാമ്പത്തിക ലാഭം കൈവരിക്കാൻ കഴിയുമെന്ന് വലീദ് അൽ ബാദർ ചൂണ്ടിക്കാട്ടി. രാജ്യത്തെ വൈദ്യുതോർജ്ജ നിർമാണത്തിനും റിഫൈനറി സഹായം ചെയ്യുന്നു. ആഗോള വിപണികളിലേക്ക് കയറ്റുമതി ചെയ്യുന്നതിനുള്ള മറ്റു ശുദ്ധീകരണ ഉൽപന്നങ്ങളും നൽകുന്നു. കടലിനു നടുവിൽ കമ്പനി ഏറ്റവും വലിയ വ്യാവസായിക ദ്വീപ് സ്ഥാപിച്ചതിനാൽ പെട്രോളിയം ഉൽപന്നങ്ങളുടെ കയറ്റുമതി സുഗമമായി നടന്നുവരുന്നു. പദ്ധതിയുടെ ആരംഭഘട്ടം മുതലുള്ള പരിശ്രമങ്ങൾക്കും കെ.പി.സിയുടെ തുടർച്ചയായ പിന്തുണക്കും എണ്ണ മേഖലയിലെ അസോസിയേറ്റ് കമ്പനികളുമായുള്ള സംയുക്ത സഹകരണത്തിനും വലീദ് അൽ ബാദർ നന്ദി അറിയിച്ചു.
പ്രതിദിനം 6,15,000 ബാരല്‍ ഉൽപാദനശേഷിയുള്ള അല്‍ സൂര് എണ്ണ ശുദ്ധീകരണ പദ്ധതിയുടെ നിർമാണം 2018 ലാണ് ആരംഭിച്ചത്. റിഫൈനറി പൂർണസജ്ജമാകുന്നതോടെ സൗദി അറേബ്യ കഴിഞ്ഞാൽ മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖലയിലെ ശുദ്ധീകരണ ശേഷിയുള്ള രണ്ടാമത്തെ വലിയ രാജ്യമായി കുവൈത്ത് മാറും. 2024 ഓടെ കുവൈത്തിന്റെ ഇന്ധന കയറ്റുമതി മൂന്ന് മടങ്ങിലധികം വർധിക്കുമെന്നും കണക്കാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

