അൽ അഖ്സ പള്ളി അതിക്രമം; ശക്തമായി അപലപിച്ച് കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: ഫലസ്തീൻ ജനതക്കെതിരായ ഇസ്രായേലിന്റെ തുടർച്ചയായ അതിക്രമങ്ങളെ ശക്തമായി അപലപിച്ച് കുവൈത്ത്. കഴിഞ്ഞ ദിവസം അൽ അഖ്സ പള്ളിയിൽ ഇസ്രായേൽ അധിനിവേശക്കാർ നടത്തിയ അതിക്രമത്തെയും വെസ്റ്റ് ബാങ്ക് സാൽഫിറ്റിലെ ഹാജ ഹമീദ പള്ളിക്ക് നേരെയുള്ള ആക്രമണവും അന്താരാഷ്ട്ര നിയമത്തിന്റെയും പ്രമേയങ്ങളുടെയും നഗ്നമായ ലംഘനമാണെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. ഇത്തരം പ്രകോപനപരമായ നടപടികളെ കുവൈത്ത് ശക്തമായി നിരാകരിക്കുന്നു.
അപകടകരവും ആവർത്തിച്ചുള്ളതുമായ ഇസ്രായേൽ ലംഘനങ്ങൾ അവസാനിപ്പിക്കുന്നതിനും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനും അന്താരാഷ്ട്ര സമൂഹം ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതിന്റെ ആവശ്യകതയും ഉണർത്തി. 1967 ജൂൺ നാലിലെ അതിർത്തികളും കിഴക്കൻ ജറൂസലം തലസ്ഥാനമാക്കി സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കാനുള്ള ഫലസ്തീൻ ജനതയുടെ ന്യായമായ അവകാശത്തെ പിന്തുണക്കുന്നതിൽ കുവൈത്തിന്റെ ചരിത്രപരവും അചഞ്ചലവുമായ നിലപാടും വിദേശകാര്യ മന്ത്രാലയം പുതുക്കി.
ഫലസ്തീൻ ജനതയെ പിന്തുണക്കണം - അറബ് ഇന്റർ പാർലമെന്ററി
കുവൈത്ത് സിറ്റി: ഇസ്രായേൽ അധികാരികളും കുടിയേറ്റക്കാരും ഫലസ്തീൻ ജനതക്കെതിരെ നടത്തുന്ന ലംഘനങ്ങളെ അറബ് ഇന്റർ പാർലമെന്ററി യൂനിയൻ ശക്തമായി അപലപിച്ചു. ഫലസ്തീനെ പിന്തുണക്കുന്നതിൽ അന്താരാഷ്ട്ര സമൂഹം അവരുടെ നിയമപരവും ധാർമികവുമായ ഉത്തരവാദിത്തങ്ങൾ നിർവഹിക്കണമെന്നും ആവശ്യപ്പെട്ടു. അധിനിവേശ സേനയും തീവ്രവാദ ഗ്രൂപ്പുകളും അൽ അഖ്സ പള്ളിയുടെ മുറ്റത്തേക്ക് അതിക്രമിച്ചു കയറിയതും, പ്രകോപന നടപടികളും, പുണ്യസ്ഥലത്തിന്റെ പവിത്രതയെ ലംഘിക്കുന്നതും യൂനിയൻ ചൂണ്ടിക്കാട്ടി.
ഹാജ ഹമീദ പള്ളിക്ക് നേരെയുള്ള ആക്രമണവും യൂനിയൻ അപലപിച്ചു. ഫലസ്തീൻ ജനതയുടെ മതപരവും ചരിത്രപരവുമായ ഐഡന്റിറ്റി ഇല്ലാതാക്കാനുള്ള വ്യക്തമായ ശ്രമമാണിവ. ഇസ്രായേലിന്റെ ആവർത്തിച്ചുള്ള ആക്രമണം മേഖലയിൽ നീതിയുക്തവും ശാശ്വതവുമായ സമാധാനം കൈവരിക്കുന്നതിനുള്ള സാധ്യതകളെ ദുർബലപ്പെടുത്തുന്നതായും മുന്നറിയിപ്പ് നൽകി. വെടിനിർത്തൽ കരാറിൽ ഒപ്പുവെച്ച എല്ലാ മാനദണ്ഡങ്ങളും പാലിക്കാൻ ഇസ്രായേൽ ബാധ്യസഥരാണ്. ഫലസ്തീൻ ജനതയെ പിന്തുണക്കുന്നതിലും അവരുടെ ന്യായമായ അവകാശങ്ങൾ സംരക്ഷിക്കുന്നതിലും നിയമപരവും ധാർമികവുമായ ഉത്തരവാദിത്തങ്ങൾ നിറവേറ്റണമെന്ന് അന്താരാഷ്ട്ര സമൂഹത്തെ യൂനിയൻ ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

