വിമാനത്താവള നവീകരണം: അമീർ ഇന്ന് തറക്കല്ലിടും
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തിെൻറ വികസന കുതിപ്പിന് ശക്തിപകരുന്ന കുവൈത്ത് വിമാനത്താവളത്തിെൻറ പുതിയ യാത്രടെർമിനലിെൻറ നിർമാണപ്രവൃത്തികൾക്ക് അമീർ ശൈഖ് സബാഹ് അൽഅഹ്മദ് അൽ ജാബിർ അസ്സബാഹ് ചൊവ്വാഴ്ച തറക്കല്ലിടും. തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാെൻറ സാന്നിധ്യത്തിൽ ചൊവ്വാഴ്ച ഉച്ചക്കാണ് തറക്കല്ലിടൽ നടക്കുക.
പ്രൗഢമായ ചടങ്ങിൽ കിരീടാവകാശി ശൈഖ് നവാഫ് അൽഅഹ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് ജാബിർ അൽ മുബാറക് അൽ ഹമദ് അസ്സബാഹ്, മന്ത്രിമാർ എന്നിവർ സംബന്ധിക്കും. തുർക്കിയിലെ പ്രമുഖ നിർമാണ കമ്പനിയായ ലീമാക്കാണ് 131കോടി ദീനാർ ചെലവിൽ പ്രവൃത്തികൾ ഏറ്റെടുത്ത് നടത്തുന്നത്. നാലുവർഷംകൊണ്ട് നിർമാണം പൂർത്തിയാവുമെന്നാണ് കണക്കുകൂട്ടൽ. പദ്ധതി പൂർത്തിയാവുന്നതോടെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് പ്രതിവർഷം രണ്ടര കോടി യാത്രക്കാരെ സ്വീകരിക്കാനാവും. നിലവിൽ 50 ലക്ഷം യാത്രക്കാരാണ് പ്രതിവർഷം വിമാനത്താവളം വഴി യാത്ര നടത്തിക്കൊണ്ടിരിക്കുന്നത്. ആധുനികരീതിയിലുള്ള വിമാനത്താവളത്തിെൻറ നവീകരണത്തിന് ബ്രിട്ടൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലോകപ്രശസ്ത ഡിസൈനർമാരായ ഫോസ്റ്റർ ആൻഡ് പാർട്ണേഴ്സ് ആണ് രൂപരേഖ തയറാക്കിയത്.
1.2 കിലോ മീറ്റർ ദൈർഘ്യമുള്ള മൂന്നു ചിറകുകളുടെ രൂപത്തിൽ മൂന്നു ടെർമിനലുകളാണ് നവീകരണ ഭാഗമായി നിർമിക്കുന്നത്. ഒരൊറ്റ മേൽക്കുരക്കുകീഴിലായിരിക്കും ഈ ടെർമിനലുകൾ. 25 മീറ്റർ ഉയരമുള്ള സെൻട്രൽ സ്പേസാണ് ടെർമിനലിനുണ്ടാവുക. 4,500 കാറുകൾക്ക് നിർത്തിയിടാൻ കഴിയുന്ന ബഹുനില പാർക്കിങ് സമുച്ചയം, ട്രാൻസിറ്റ് യാത്രക്കാർക്കുള്ള ബജറ്റ് ഹോട്ടൽ, വിശാലമായ അറൈവൽ- ഡിപാർച്ചർ ഹാളുകൾ, അനുബന്ധ സൗകര്യങ്ങൾ എന്നിവയുമുണ്ടാവും. നവീകരണം പൂർത്തിയാവുമ്പോൾ 51 പുതിയ എയർക്രാഫ്റ്റ് ഗേറ്റുകളാണ് ഉണ്ടാവുക. ഇത് 21 എണ്ണം എയർബസ് 380 ഇനത്തിൽപെട്ട വലിയ വിമാനങ്ങൾക്കുകൂടി ഉപയോഗിക്കാൻ സാധിക്കുന്നതരത്തിലുള്ളതായിരിക്കും.
പണി പൂർത്തിയാവുേമ്പാൾ ലോകത്തിലെ മികച്ച വിമാനത്താവളങ്ങളുടെ പട്ടികയിൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ഇടംപിടിക്കുമെന്നാണ് കണക്കുകൂട്ടൽ. അനുബന്ധ റോഡുകളുടെ നിർമാണമുൾപ്പെടെ പശ്ചാത്തല സൗകര്യങ്ങൾ ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്. വിമാനത്താവള വികസനം പൂർത്തിയാകുന്നതോടെ നിലവിൽ അനുഭവപ്പെടുന്ന ജനത്തിരക്കിന് ഗണ്യമായ കുറവുണ്ടാകുമെന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
