വിമാനത്താവള പ്രവർത്തനം: നാളെ നിർണായക യോഗം
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിെൻറ പ്രവർത്തനം സംബന്ധിച്ച് വ്യാഴാഴ്ച നിർണായക യോഗം നടക്കും. വ്യോമയാന വകുപ്പിലെയും ആരോഗ്യ മന്ത്രാലയത്തിലെയും ഉന്നതർ സംബന്ധിക്കുന്ന യോഗത്തിൽ വിമാനത്താവളം അടച്ചിടുന്നത് മുതൽ നിയന്ത്രണങ്ങളോടെ പ്രവർത്തിക്കുന്നതുവരെയുള്ള വിവിധ സാധ്യതകൾ പരിശോധിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു.
കുവൈത്ത് വിമാനത്താവളത്തിലെത്തുന്ന എല്ലാ യാത്രക്കാർക്കും പി.സി.ആർ പരിശോധന നടത്താൻ തീരുമാനിച്ചിട്ടുണ്ട്. സ്വകാര്യ ലാബുകളുടെകൂടി സഹകരണത്തോടെ പരിശോധനക്ക് സംവിധാനം ഏർപ്പെടുത്തി വിമാനത്താവളം പ്രവർത്തിക്കാൻതന്നെയാണ് സാധ്യത കൂടുതൽ. സമീപ ദിവസങ്ങളിൽ കോവിഡ് കേസുകൾ വർധിച്ചുവരുന്നതാണ് ആശങ്കക്കിടയാക്കുന്നത്. വിദേശത്തെ പി.സി.ആർ പരിശോധനയിൽ നെഗറ്റിവായി കുവൈത്തിലേക്ക് വരുന്നവരെ ഇവിടെ പരിശോധിക്കുേമ്പാൾ നിരവധി പേർക്ക് കോവിഡ് സ്ഥിരീകരിക്കുന്നത് അധികൃതരെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. സർക്കാർ അംഗീകൃത ലാബുകളിൽനിന്ന് പി.സി.ആർ പരിശോധിച്ച് കോവിഡ് മുക്തനാണെങ്കിൽ മാത്രമേ കുവൈത്തിലേക്കു വരാൻ അനുവദിക്കുന്നുള്ളൂ. കുവൈത്തിലെത്തുന്ന എല്ലാ യാത്രക്കാർക്കും പി.സി.ആർ പരിശോധന നടത്താനായി ആറു പരിശോധനകേന്ദ്രങ്ങൾ വിമാനത്താവളത്തിൽ തയാറാക്കി.
ഏകീകൃത ഇലക്ട്രോണിക് പ്ലാറ്റ്ഫോം വഴിയാണ് ഏകോപനം. പരിശോധനക്ക് സ്വകാര്യ ക്ലിനിക്കുകളെ ചുമതലപ്പെടുത്തും. നാല് അംഗീകൃത ലബോറട്ടറികളുമായി എയർപോർട്ട് ഗ്രൗണ്ട് സർവിസ് പ്രൊവൈഡർമാർ ചർച്ച നടത്തിവരുകയാണ്. ഒന്നാം ടെർമിനലിൽ മൂന്നു പരിശോധന കേന്ദ്രങ്ങളും മൂന്ന്, നാല്, അഞ്ച് ടെർമിനലുകളിൽ ഒാരോ കേന്ദ്രവുമാണ് പ്രവർത്തിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

