വിമാനത്താവള പ്രവർത്തനശേഷി വർധന ഇന്നുമുതൽ
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിെൻറ പ്രവർത്തനശേഷി വർധിപ്പിക്കുന്നത് ഞായറാഴ്ച മുതൽ പ്രാബല്യത്തിലാകും. പ്രതിദിനം 10,000 യാത്രക്കാർ എന്ന നിയന്ത്രണമാണ് മന്ത്രിസഭ ഉത്തരവിനെ തുടർന്ന് നീക്കംചെയ്യുന്നത്. പ്രതിദിനം 25,000ത്തിനും 30,000ത്തിനും ഇടയിൽ യാത്രക്കാരെയാണ് ഇൗ ആഴ്ച മുതൽ പ്രതീക്ഷിക്കുന്നത്. 35 അന്താരാഷ്ട്ര വിമാനക്കമ്പനികൾക്കാണ് നിലവിൽ കുവൈത്തിൽനിന്ന് സർവിസിന് അനുമതിയുണ്ടായിരുന്നത്. ഇത് 52 ആക്കി ഉയർത്തും. അതിനിടെ കൂടുതൽ യാത്രക്കാരെയും വിമാനങ്ങളെയും സ്വീകരിക്കാൻ വിമാനത്താവളം സജ്ജമായതായി വ്യോമയാന വകുപ്പ് ഡയറക്ടർ ജനറൽ യൂസുഫ് അൽ ഫൗസാൻ അറിയിച്ചു. കോവിഡിനു മുമ്പത്തെ നിലയിലേക്ക് പ്രവർത്തനം മാറ്റാൻ സജ്ജമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കഠിനാധ്വാനം ചെയ്ത എല്ലാ ജീവനക്കാർക്കും അദ്ദേഹം നന്ദി അറിയിച്ചു.
നിയന്ത്രണം നീങ്ങിയതോടെ അടുത്ത ദിവസം മുതൽ വിമാന ടിക്കറ്റ് നിരക്ക് ഗണ്യമായി കുറയും. കഴിഞ്ഞ ആഗസ്റ്റ് ഒന്നിനാണ് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വാണിജ്യ സർവിസുകൾ പുനരാരംഭിച്ചത്. ലോകത്തിലെ വിവിധ നഗരങ്ങളിലേക്ക് നേരിട്ടുള്ള സർവിസുകൾ ഉണ്ടെങ്കിലും വിമാനത്താവളത്തിെൻറ പ്രവർത്തനം പൂർണതോതിൽ ആയിരുന്നില്ല. പ്രതിദിന യാത്രക്കാരുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയതാണ് ഇതിനു കാരണം. സീറ്റുകൾ പരിമിതമായതിനാൽ കൂടിയ നിരക്കാണ് വിമാനക്കമ്പനികൾ ഈടാക്കുന്നത്. രാജ്യത്തെ കോവിഡ് സാഹചര്യം മെച്ചപ്പെട്ടതോടെയാണ് വിമാനത്താവള പ്രവർത്തന ശേഷി വർധിപ്പിക്കാൻ മന്ത്രിസഭ അനുമതി നൽകിയത്.
കുവൈത്ത് എയർവേസ് അസർബൈജാൻ സർവിസ് നവംബർ 18 മുതൽ
കുവൈത്ത് സിറ്റി: അസർബൈജാനിലെ ബകുവിലേക്ക് കുവൈത്ത് എയർവേസ് വിമാന സർവിസ് നവംബർ 18 മുതൽ ആരംഭിക്കും. ഞായർ, വ്യാഴം ദിവസങ്ങളിൽ സർവിസ് ഉണ്ടാകും. ഇൗജിപ്തിലെ അലക്സാൻഡ്രിയയിലേക്കും ഇന്ത്യയിലെ പുതിയൊരു നഗരത്തിലേക്കും വിമാന സർവിസ് ആരംഭിക്കാൻ പദ്ധതിയുള്ളതായും കുവൈത്ത് എയർവേസ് അധികൃതർ സൂചന നൽകി. കോവിഡ് വ്യാപനത്തിനുമുമ്പ് സർവിസ് നടത്തിയിരുന്ന എല്ലാ കേന്ദ്രങ്ങളിലേക്കും വിമാനമയക്കാൻ തയാറെടുക്കുന്നതായി അധികൃതർ വ്യക്തമാക്കി. അതത് രാജ്യങ്ങളിലെ വ്യോമയാന അധികൃതരുമായി ബന്ധപ്പെടുന്നുണ്ട്. ചില രാജ്യങ്ങൾ ഇപ്പോഴും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ജൂൺ പകുതിക്കുശേഷം കുവൈത്ത് എയർവേസ് ന്യൂയോർക്, ലണ്ടൻ, സരയോവോ, പാരിസ്, ജനീവ, മ്യൂണിക്, ഫ്രാങ്ക്ഫുർട്ട്, ട്രബ്സൺ, ബോഡ്രം, തിബിലിസ്, മലാക, കൈറോ, ആംസ്റ്റർഡാം, മുംബൈ, ഡൽഹി, കൊച്ചി, ചെന്നൈ, തിരുവനന്തപുരം, ബംഗളൂരു, അഹ്മദാബാദ്, ഇസ്ലാമാബാദ്, ലാഹോർ, കൊളംബോ, ധാക്ക എന്നിവിടങ്ങളിലേക്ക് കുവൈത്ത് എയർവേസ് സർവിസ് ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

