എയർബസ് സോഫ്റ്റ്വെയർ അപ്ഡേറ്റ്; കുവൈത്തിലും വിമാന സർവിസുകളെ ബാധിച്ചു
text_fieldsകുവൈത്ത് സിറ്റി: പ്രമുഖ വിമാന നിർമാതാക്കളായ എയർബസ്, ഫ്ലൈറ്റ് കൺട്രോൾ സിസ്റ്റങ്ങളിൽ സാങ്കേതിക പിഴവ് കണ്ടെത്തിയതിനെത്തുടർന്ന്
എ320 വിമാനങ്ങളിൽ പരിഹാര നടപടികൾ ആരംഭിച്ചത് കുവൈത്തിലും വിമാന സർവിസുകളെ ബാധിച്ചു. സോഫ്റ്റ്വെയർ അപ്ഡേറ്റിന്റെ ഭാഗമായി ഏകദേശം 6000 എ320 വിമാനങ്ങൾ തിരിച്ചുവിളിക്കുമെന്നാണ് എയർബസ് പ്രഖ്യാപിച്ചിട്ടുള്ളത്.
ഇത് ആഗോളതലത്തിലും സർവിസിനെ ബാധിച്ചു. വിവിധ രാജ്യങ്ങളും കമ്പനികളും ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന വിമാന മോഡലുകളിൽ ഒന്നാണ് എയർബസ് എ320.നടപടിക്രമങ്ങളുടെ ഭാഗമായി കുവൈത്തിലേക്ക് വരുന്നതും പോകുന്നതുമായ ചില വിമാനങ്ങൾക്ക് അടുത്ത ദിവസങ്ങളിൽ കാലതാമസമോ പുന:ക്രമീകരണമോ ഉണ്ടാകാമെന്ന് കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ (പി.എ.സി.എ) അബ്ദുല്ല അൽ രാജ്ഹി പറഞ്ഞു.
വിമാനത്തിന്റെ പ്രവർത്തന സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നിർബന്ധിത അപ്ഡേറ്റ് നടപടി. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷക്കാണ് മുൻഗണന.
സിവിൽ ഏവിയേഷൻ മേഖലയിലെ ഉയർന്ന സുരക്ഷയും ഗുണനിലവാരവും നിലനിർത്തുന്നതിന് ഇത്തരം നടപടികൾ അനിവാര്യമാണെന്നും അൽ രാജ്ഹി കൂട്ടിച്ചേർത്തു.തീവ്രമായ സൗരോർജ വികിരണം ഫ്ലൈറ്റ് കൺട്രോളുകളുടെ പ്രവർത്തനത്തെ ബാധിക്കുമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് എയർബസ് അടിയന്തിരമായി സോഫ്റ്റ്വെയർ അപ്ഡേറ്റുകൾ നടത്തുന്നത്. വിമാനത്തിന്റെ ഇ.എൽ.എ.സി B ഹാർഡ്വെയറിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്വെയർ പതിപ്പായ ‘എൽ104’ തീവ്രമായ സൗരജ്വാലകൾക്ക് ഇരയാകാൻ സാധ്യതയുണ്ടെന്നാണ് കണ്ടെത്തൽ. ഇത് വിമാനത്തിന്റെ എലിവേറ്ററുകൾ അപ്രതീക്ഷിതമായി നീങ്ങാൻ കാരണമായേക്കാം. വിമാനത്തെ അതിന്റെ നിർണിത പരിധിക്കപ്പുറത്തേക്ക് തള്ളിവിടാനും സാധ്യതയുണ്ട്. ഒക്ടോബർ 30ന് കാൻകൂണിൽനിന്ന് ന്യൂവാർക്കിലേക്ക് പറക്കുന്നതിനിടെ ജെറ്റ്ബ്ലൂ എ320 വിമാനം പൈലറ്റിന്റെ ഇടപെടൽ ഇല്ലാതെ അപ്രതീക്ഷിതമായി താഴേക്ക് ഇറങ്ങിയ സംഭവത്തെ തുടർന്നാണ് വെള്ളിയാഴ്ച സോഫ്റ്റ്വെയർ അപ്ഡേറ്റിനായി വിമാനങ്ങൾ തിരിച്ചുവിളിച്ച് എയർബസ് നിർദേശം പുറപ്പെടുവിച്ചത്.
വിമാനങ്ങൾ വൈകുമെന്ന് കുവൈത്ത് എയർവേസ്
കുവൈത്ത് സിറ്റി: നിർദേശങ്ങകൾക്കനുസൃതമായി തങ്ങളുടെ എ320 വിമാനങ്ങൾക്ക് ആവശ്യമായ സോഫ്റ്റ്വെയർ അപ്ഡേറ്റുകൾ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണെന്ന് കുവൈത്ത് എയർവേസ് അറിയിച്ചു. ഇതിന്റെ ഫലമായി ചില വിമാനങ്ങൾ വൈകുമെന്നും വ്യക്തമാക്കി.അന്വേഷണങ്ങൾക്ക് 171 (കുവൈത്തിനുള്ളിൽ) അല്ലെങ്കിൽ +965-24345555 എക്സ്റ്റൻഷൻ 171 (കുവൈത്തിന് പുറത്ത്) എന്ന നമ്പറിൽ കസ്റ്റമർ സർവിസുമായി ബന്ധപ്പെടുകയോ +965-1802050 എന്ന വാട്സ്ആപ് നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യണമെന്ന് എയർലൈൻ യാത്രക്കാരോട് അഭ്യർഥിച്ചു.നിർദേശം പാലിക്കുന്നതിന് ആവശ്യമായ സാങ്കേതിക നടപടികൾ തങ്ങളുടെ എൻജിനീയറിങ്, ഓപറേഷൻസ് ടീമുകൾ നടപ്പിലാക്കുന്നുണ്ടെന്ന് ജസീറ എയർവേസ് അറിയിച്ചു.
വിമാന പ്രവർത്തനങ്ങളിലോ ഫ്ലൈറ്റ് ഷെഡ്യൂളിലോ വലിയ മാറ്റം പ്രതീക്ഷിക്കുന്നില്ലെന്നും കൂട്ടിച്ചേർത്തു. സുരക്ഷയാണ് തങ്ങളുടെ ഏറ്റവും ഉയർന്ന മുൻഗണന. അപ്ഡേറ്റുകൾ നടപ്പിലാക്കുന്നതിൽ വേഗത്തിലും പ്രൊഫഷണലായും പ്രതികരിച്ചതിന് എയർബസ്, പി.എ.സി.എ എന്നിവയോട് ജസീറ എയർവേസ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

