വ്യോമഗതാഗതം സാധാരണ നിലയിൽ; സമാധാനം...
text_fieldsകുവൈത്ത് സിറ്റി: മേഖലയിലും രാജ്യത്തും ആശങ്ക നിറച്ച തിങ്കളാഴ്ച രാത്രിക്കുശേഷം ചൊവ്വാഴ്ച സമാധാനത്തിന്റെ പകൽ. ഇസ്രായേലും ഇറാനും തമ്മിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതായി യു.എസ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസത്തോടെയാണ് ജനങ്ങൾ സ്വീകരിച്ചത്. ഇതോടെ മേഖലയിലെ സംഘർഷാവസ്ഥ അവസാനിക്കുമെന്ന പ്രതീക്ഷയിലാണ് രാജ്യങ്ങളും ജനങ്ങളും.
തിങ്കളാഴ്ച വൈകീട്ട് ഖത്തറിലെ യു.എസ് വ്യോമതാവളത്തിനുനേരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയത് കുവൈത്തിൽ അടക്കം ജി.സി.സി രാജ്യങ്ങളിൽ ആശങ്ക സൃഷ്ടിച്ചിരുന്നു. പിറകെ കുവൈത്തും ഖത്തറും ബഹ്റൈനും തങ്ങളുടെ വ്യോമപാതകൾ അടച്ചു. ആക്രമണം തങ്ങൾക്കുനേരെയും നീളുമോ എന്നത് മുന്നിൽ കണ്ട് എല്ലാ രാജ്യങ്ങളും അടിയന്തിര സംവിധാനങ്ങളും ഒരുക്കി. എന്നാൽ അനിഷ്ട സംഭവങ്ങൾ ഒന്നുമുണ്ടായില്ല.
വ്യോമ ഗതാഗതം പുനരാരംഭിച്ചു
തിങ്കളാഴ്ച രാത്രി അടച്ച വ്യോമാതിർത്തി വൈകാതെ തുറന്നതോടെ അർധരാത്രിയോടെ വിമാനങ്ങളുടെ സർവിസുകൾ പുനരാരംഭിച്ചു. ചൊവ്വാഴ്ച വിമാനങ്ങൾ പതിവുപോലെ സർവിസ് നടത്തി. എന്നാൽ കൊച്ചി വിമാനമുൾപ്പെടെ ഏതാനും ചിലത് റദ്ദാക്കി. ഇറാൻ ഖത്തറിലെ യു.എസ് വ്യോമതാവളം ആക്രമിച്ചതിന് പിറകെ മേഖലയിൽ രൂപപ്പെട്ട സംഭവവികാസങ്ങളെ തുടർന്ന് തിങ്കളാഴ്ച രാത്രി എട്ടോടെയാണ് കുവൈത്ത് വ്യോമാതിർത്തി അടച്ചത്. 11 മണിയോടെ വ്യോമാതിർത്തി തുറക്കുന്നതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) അറിയിച്ചു.
രാജ്യത്തിന് ചുറ്റുമുള്ള വ്യോമാതിർത്തിയുടെ സ്ഥിരതയും സുരക്ഷയും ഉറപ്പുവരുത്തിയതിന് ശേഷമായിരുന്നു നടപടി. ഇതോടെ വ്യോമ ഗതാഗതം സാധാരണ നിലയിലേക്ക് മാറി. ഖത്തറിലെ ആക്രമണത്തിന് പിറകെ കുവൈത്തിൽ നിന്നും കേരളത്തിലേക്കുള്ളതടക്കം പുറപ്പെട്ട വിവിധ വിമാനങ്ങൾ അടിയന്തരമായി തിരിച്ചിറക്കിയിരുന്നു. വ്യോമപാത അടച്ചതിന് പിറകെ ചില വിമാനങ്ങൾ റദ്ദാക്കുകയുമുണ്ടായി. ഇവ രാത്രി വൈകി യാത്ര പുറപ്പെട്ടു.
ഇറാന്‍റെ മിസൈൽ ആക്രമണ മുന്നറിയിപ്പിനു പിന്നാലെ ഖത്തർ തിങ്കളാഴ്ച വൈകീട്ട് 6.45ഓടെ അടച്ച വ്യോമപാത അർധരാത്രി 12 ഓടെയാണ് തുറന്നു. ബഹ്റൈനും എതാനും മണിക്കൂറിലെ നിയന്ത്രണത്തിന് ശേഷം വ്യോമപാത തുറന്നു. സൗദി, യു.എ.ഇ, ഒമാൻ എന്നിവ ചില മുന്നൊരുക്കങ്ങൾ നടത്തിയിരുന്നെങ്കിലും വിമാന സർവിസിനെ ബാധിച്ചില്ല. അതേസമയം യു.എ.ഇയിലേക്കുള്ള ചില വിമാനങ്ങൾ സർവിസ് റദ്ദാക്കിയിരുന്നു. ചൊവ്വാഴ്ച രാവിലെ മുതൽ എല്ലാ സർവിസുകളും പതിവുപോലെ തുടരുന്നുണ്ട്.
കുവൈത്ത് എയർവേസ് ചൊവ്വാഴ്ച സാധാരണപോലെ വിമാന സർവിസുകൾ നടത്തിയതായി അറിയിച്ചു. കഴിഞ്ഞ ദിവസം ചില വിമാന സർവിസുകൾ നിർത്തിവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

