കോഴിക്കോട്-കുവൈത്ത് സെക്ടറിൽ എയർ ഇന്ത്യ എക്സ്പ്രസ് രണ്ട് ഷെഡ്യൂളുകൾ നിർത്തുന്നു
text_fieldsകുവൈത്ത് സിറ്റി: പ്രവാസികൾക്ക് തിരിച്ചടി നൽകി കോഴിക്കോട്-കുവൈത്ത് സെക്ടറിൽ എയർ ഇന്ത്യ എക്സ്പ്രസ് രണ്ട് ഷെഡ്യൂളുകൾ നിർത്തലാക്കുന്നു. ഒക്ടോബർ മാസം ഞായർ, ചൊവ്വ ദിവസങ്ങളിലെ ഷെഡ്യൂളാണ് നിർത്തലാക്കുന്നത്. നിലവിൽ ശനി, ഞായർ, തിങ്കൾ, ചൊവ്വ, വ്യാഴം എന്നിങ്ങനെ ആഴ്ചയിൽ അഞ്ചുദിവസമാണ് കോഴിക്കോട്ടേക്ക് എക്സ്പ്രസ് സർവിസുള്ളത്. പുതിയ ഷെഡ്യൂൾ നിലവിൽവരുന്നതോടെ ആഴ്ചയിൽ മൂന്നുദിവസമായി സർവിസ് ചുരുങ്ങും.
ഒക്ടോബറിൽ ഞായർ, ചൊവ്വ ദിവസങ്ങളിൽ ബുക്ക് ചെയ്തവർ മറ്റു ദിവസങ്ങളിലേക്ക് മാറ്റണമെന്ന് നിർദേശമുള്ളതായി ട്രാവൽസ് ഏജൻസികൾ അറിയിച്ചു. ടിക്കറ്റ് റദ്ദാക്കുന്നവർക്ക് തുക മടക്കിനൽകും. അതേസമയം, നിലവിലുള്ള സർവിസുകൾ കുറക്കുന്നത് മലയാളികളെ വലിയ രീതിയിൽ ബാധിക്കും. നിലവിൽ കോഴിക്കോട്ടേക്ക് കുവൈത്തിൽനിന്ന് നേരിട്ട് സർവിസ് നടത്തുന്നത് എയർ ഇന്ത്യ എക്സ്പ്രസ് മാത്രമാണ്. അഞ്ചു ദിവസ സർവിസിൽ രണ്ടു ദിവസം തടസ്സം നേരിടുന്നത് മറ്റു ദിവസങ്ങളിൽ തിരക്ക് കൂടാനും ടിക്കറ്റ് ലഭ്യതയിലും പ്രയാസം തീർക്കും. തിരക്ക് കൂടുന്നതോടെ ടിക്കറ്റ് നിരക്കും ഉയരാൻ സാധ്യതയുണ്ട്.
എയർ ഇന്ത്യ എക്സ്പ്രസിൽ കോഴിക്കോട്ടേക്ക് കുറഞ്ഞ ചെലവിൽ നേരിട്ട് യാത്രചെയ്യാം എന്നത് കുവൈത്തിലെ പ്രവാസികൾക്ക് വലിയ ആശ്വാസമായിരുന്നു. സർവിസ് എണ്ണം കുറയുന്നതോടെ മറ്റു വിമാനക്കമ്പനികളെ ആശ്രയിക്കാൻ മലയാളി പ്രവാസികൾ നിർബന്ധിതരാകും. ഇത് സമയനഷ്ടത്തിനൊപ്പം സാമ്പത്തിക നഷ്ടവും വരുത്തുമെന്ന് പ്രവാസികൾ ചൂണ്ടിക്കാട്ടുന്നു. സർവിസ് എണ്ണം വർധിപ്പിക്കുന്നതിനുപകരം ഉള്ളത് കുറക്കുന്നത് പ്രതിഷേധാർഹമാണെന്ന് പ്രവാസി സംഘടനകൾ വ്യക്തമാക്കി.
അബൂദബി-കുവൈത്ത് സർവിസുമായി എയർ അറേബ്യ
കുവൈത്ത് സിറ്റി: അബൂദബിയിൽനിന്ന് കുവൈത്തിലേക്ക് പുതിയ സർവിസുമായി എയർ അറേബ്യ. അബൂദബി ഇന്റർനാഷനൽ എയർപോർട്ടിൽനിന്ന് കുവൈത്ത് ഇന്റർനാഷനൽ എയർപോർട്ടിലേക്കും തിരിച്ചുമാണ് നേരിട്ടുള്ള പ്രതിദിന ഫ്ലൈറ്റുകൾ. ഒക്ടോബർ 31 മുതൽ ഇവ സർവിസ് ആരംഭിക്കും.
എയർ അറേബ്യ നെറ്റ്വർക്കിലേക്ക് കുവൈത്തിനെ സ്വാഗതംചെയ്യുന്നതിൽ സന്തോഷമുണ്ടെന്ന് എയർ അറേബ്യ ഗ്രൂപ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ആദിൽ അൽ അലി പറഞ്ഞു. 2020 മുതൽ എയർ അറേബ്യ അബൂദബി, കുവൈത്ത്, ബെയ്റൂത്, ഈജിപ്ത്, ബഹ്റൈൻ, അസർബൈജാൻ, ഇന്ത്യ, ബംഗ്ലാദേശ്, തുർക്കി, നേപ്പാൾ, സുഡാൻ, പാകിസ്താൻ, ഒമാൻ, ബോസ്നിയ, ഹെർസഗോവിന എന്നിവ ഉൾപ്പെടെ വിവിധ ഇടങ്ങളിലേക്ക് സർവിസ് വിപുലീകരിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

