എയർഇന്ത്യ എക്സ്പ്രസ് സർവിസുകൾ വെട്ടൽ; പ്രവാസികൾക്ക് കനത്തതിരിച്ചടി
text_fieldsകുവൈത്ത് സിറ്റി: വിന്റർ ഷെഡ്യൂളിന്റെ ഭാഗമായി എയർഇന്ത്യ എക്സ്പ്രസ് സർവിസുകൾ വെട്ടികുറച്ചത് കുവൈത്ത് പ്രവാസികൾക്ക് ദുരിതമാകും. കുവൈത്തിൽ നിന്നും മറ്റു ജി.സി.സി രാജ്യങ്ങളിൽ നിന്നും കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിലേക്കുള്ള സർവിസുകളാണ് ഒക്ടോബർ മുതൽ ഡിസംബർ വരെ പ്രധാനമായും വെട്ടിയത്. ഇത് മലബാർ മേഖലയിലേക്കുള്ള യാത്രക്കാരെ വലിയരൂപത്തിൽ ബാധിക്കും.
കുവൈത്തിൽ നിന്ന് കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്കുള്ള മുഴുവൻ സർവിസുകളും റദ്ദാക്കിയിട്ടുണ്ട്. നിലവിൽ എയർഇന്ത്യ എക്സ്പ്രസ് മാത്രമാണ് കുവൈത്തിൽ നിന്ന് ഈ രണ്ടു വിമാനത്താവളങ്ങളിലേക്കും നേരിട്ട് സർവിസ് നടത്തുന്നത്. കണ്ണൂരിലേക്ക് ആഴ്ചയിൽ രണ്ടും കോഴിക്കോടേക്ക് അഞ്ചും സർവിസാണുണ്ടായിരുന്നത്.
ഇത് നിലക്കുന്നതോടെ വിന്റർ ഷെഡ്യൂളിൽ കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ നിന്നും കുവൈത്തിലേക്ക് നേരിട്ടുള്ള വിമാനങ്ങൾ ഇല്ലാത്ത അവസ്ഥയാകും. ഈ രണ്ടു റൂട്ടുകളിലും നല്ല രീതിയിൽ യാത്രക്കാർ ഉണ്ടായിരുന്നു. സമ്മർ ഷെഡ്യൂളിൽ എയർ ഇന്ത്യ എക്സ്പ്രസിന് കുവൈത്ത്, അബുദബി, ദുബൈ, ഷാർജ, ജിദ്ദ, ബഹ്റൈൻ, ദമാം, റാസൽഖൈമ, മസ്കത്ത് റൂട്ടുകളിൽ ആഴ്ചയിൽ 96 സർവിസുകളാണ് ഉണ്ടായിരുന്നത്. വിന്റർ ഷെഡ്യൂളിൽ ഇത് 54 ആയി കുറയും. തിരക്കേറിയ സർവിസുകൾ റദ്ദാക്കുന്നതിൽ പ്രവാസി സംഘടനകൾ കടുത്ത നിരാശയിലാണ്. സർവിസുകൾ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധങ്ങൾക്കും വിവിധ സംഘടനകൾ രൂപം നൽകിവരികയാണ്.
സർവിസ് നിർത്തലാക്കൽ പ്രതിഷേധാർഹം-കെ.ഡി.എൻ.എ
കുവൈത്ത് സിറ്റി: എയർ ഇന്ത്യ എക്സ്പ്രസ് വിന്റർ ഷെഡ്യൂളിൽ കോഴിക്കോട്,കണ്ണൂർ സർവീസുകൾ നിർത്തലാക്കിയ നടപടി പ്രതിഷേധാർഹമാണെന്ന് കോഴിക്കോട് ജില്ല എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ). കുവൈത്തിൽ നിന്ന് കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്ക് നേരിട്ട് യാത്ര ചെയ്യാൻ മറ്റു വിമാനങ്ങൾ ഇല്ലാത്ത സാഹചര്യത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് നടപടി ഈ മേഖലയിൽ ഉള്ളവർക്ക് പ്രയാസം സൃഷ്ടിക്കും.
വെക്കേഷൻ സമയത്ത് നാലിരട്ടി ചാർജ് ഈടാക്കുന്ന എയർ ഇന്ത്യ എക്സ്പ്രസ് തിരക്കു കുറഞ്ഞ വിന്റർ സമയത്ത് പൂർണമായും യാത്ര നിർത്തലാക്കുന്നത് യാത്രക്കാരോടുള്ള വെല്ലുവിളിയാണ്. സമയ കൃത്യത പാലിക്കുന്നതിലും പൂർണ പരാജയമാണ് നിലവിലെ സർവിസ്. കുവൈത്ത് എയർ വേയ്സ്, ജെസിറ തുടങ്ങിയവ കുവൈത്തിൽ നിന്നും കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് നേരിട്ട് സർവീസ് ആരംഭിക്കണമെന്നും ഇത് മലബാർ യാത്രക്കാർക്ക് വലിയ ആശ്വാസമാകുമെന്നും കെ.ഡി.എൻ.എ ആക്ടിങ് പ്രസിഡന്റ് ഇലിയാസ് തോട്ടത്തിൽ ആക്ടിങ് ജനറൽ സെക്രട്ടറി ശ്യാം പ്രസാദ് എന്നിവർ ആവശ്യപ്പെട്ടു.
മനുഷ്യത്വരഹിതമായ തീരുമാനം കോഴിക്കോട് ജില്ല അസോസിയേഷൻ
കുവൈത്ത് സിറ്റി: എയർഇന്ത്യ എക്സ്പ്രസ് കോഴിക്കോട്, കണ്ണൂർ സർവിസുകൾ നിർത്തലാക്കുന്നതിൽ കോഴിക്കോട് ജില്ല അസോസിയേഷൻ പ്രതിഷേധിച്ചു. ഈ സർവിസുകൾ നിർത്തലാക്കുന്നത് മലപ്പുറം, പാലക്കാട്, വയനാട്, കണ്ണൂർ, കാസർകോട് നിവാസികളെ നേരിട്ട് ബാധിക്കും. എയർഇന്ത്യ എക്സ്പ്രസ് നടപടിയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും അസോസിയേഷൻ അറിയിച്ചു.
കുവൈത്തിലെ പ്രവാസി സമൂഹത്തിൽ കൂടുതലുള്ള ഉത്തരകേരളത്തിലെ ജനങ്ങൾക്ക് വലിയ തിരിച്ചടിയാണ് എയർഇന്ത്യ എക്സ്പ്രസിന്റേത്.സാധാരണക്കാരായ പ്രവാസികൾക്ക് കുറഞ്ഞ ചെലവിൽ സ്വന്തം നാട്ടിലെത്തുന്നതിന് നേരിട്ടുള്ള ഈ സർവിസുകൾ സഹായകരമായിരുന്നു.
സർവിസ് നിർത്തലാക്കുന്നത് ആയിരക്കണക്കിന് പ്രവാസികൾക്കും കുടുംബങ്ങൾക്കും വലിയ ദുരിതം സൃഷ്ടിക്കും. മനുഷ്യത്വ രഹിതമായ തീരുമാനം ഉടൻ പിൻവലിക്കുകയും, മുൻപുള്ളതുപോലെ സർവിസുകൾ തുടരണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

