ലേറ്റാണ്...കണ്ണൂർ എയർ ഇന്ത്യ എക്സ്പ്രസ്
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ നിന്ന് കണ്ണൂരിലേക്കുള്ള എയർഇന്ത്യ എക്സ്പ്രസ് വിമാന സർവിസ് ചൊവ്വാഴ്ചയും താളംതെറ്റി. ചൊവ്വാഴ്ച രാവിലെ 9.55ന് കുവൈത്തിൽനിന്ന് പുറപ്പെടേണ്ട വിമാനം പോയത് വൈകീട്ട്. അഞ്ചുമണിക്കൂറോളം വൈകിയ വിമാനം ഉച്ചക്ക് മൂന്നിനുശേഷമാണ് പുറപ്പെട്ടത്. വിമാനം വൈകുന്ന കാര്യം മുൻകൂട്ടി തിങ്കളാഴ്ചതന്നെ യാത്രക്കാരെ അറിയിച്ചിരുന്നു. ഇത് യാത്രക്കാർക്ക് ഗുണകരമായി. അതേസമയം, ചുരുങ്ങിയ അവധിക്ക് നാട്ടിൽ പോകുന്നവർക്കും നാട്ടിലെത്തിയിട്ട് വിവിധ പരിപാടികൾ ആസൂത്രണം ചെയ്തവർക്കും ഇത് തിരിച്ചടിയായി.
എയർ ഇന്ത്യയുടെ നിരന്തരമായ വൈകലും സമയമാറ്റവും ഷെഡ്യൂളുകൾ വെട്ടിക്കുറക്കുന്നതും അവസാനിപ്പിക്കണമെന്ന് യാത്രക്കാരും മലയാളി സംഘടന പ്രതിനിധികളും ആവശ്യപ്പെട്ടു. നിരന്തരമായ പ്രശ്നങ്ങൾ കാരണം എയർ ഇന്ത്യക്ക് പകരം മറ്റു വിമാനക്കമ്പനികളെയും വിമാനത്താവളങ്ങളെയും ആശ്രയിക്കേണ്ട അവസ്ഥയാണെന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടി. എയർ ഇന്ത്യയിലെ യാത്രക്ക് ആളുകൾക്ക് താൽപര്യം കുറഞ്ഞതായി ട്രാവൽസ് രംഗത്തുള്ളവരും വ്യക്തമാക്കുന്നു.
നാല് ദിവസം കുവൈത്തിൽ നിന്ന് 1,284 വിമാനങ്ങൾ; മികച്ച സേവനത്തിനൊരുങ്ങി കുവൈത്ത്
പുതുവത്സര അവധി കണക്കിലെടുത്ത് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്ര സുഗമമാക്കുന്നതിന് പ്രവർത്തനങ്ങൾ വർധിപ്പിച്ചു. മാസാന്ത്യത്തിൽ കൂടുതൽ പേർ യാത്രചെയ്യുന്നതിനാൽ വിമാനങ്ങളുടെ എണ്ണവും കൂടിയിട്ടുണ്ട്. ഇതിന്റെ കണക്കുകൾ സിവിൽ ഏവിയേഷൻ ജനറൽ അഡ്മിനിസ്ട്രേറ്റിവ് ഡിപ്പാർട്മെന്റ് പുറത്തുവിട്ടു.
ഡിസംബർ 29 മുതൽ ജനുവരി ഒന്ന് വരെ കുവൈത്തിൽ വന്നുപോകുന്ന 1,284 വിമാനങ്ങളിൽ ഏകദേശം 1,39,000 യാത്രക്കാർ ഉണ്ടാകും. ദുബൈ, കൈറോ, ഇസ്തംബൂൾ, ജിദ്ദ എന്നിവയാണ് ഏറ്റവും കൂടുതൽ ബുക്ക് ചെയ്ത സ്ഥലങ്ങൾ. ഈ കാലയളവിൽ, കുവൈത്തിൽ നിന്ന് പുറപ്പെടുന്ന വിമാനങ്ങളുടെ എണ്ണം 642ഉം യാത്രക്കാർ 78,000 ആണ്. കുവൈത്തിൽ എത്തുന്ന 642 വിമാനങ്ങളിൽ 61,000 യാത്രക്കാരും ഉണ്ടാകും.
വിമാനത്താവളത്തിൽ പാർക്കിങ് സ്ഥലം മുതൽ ഫ്ലൈറ്റ് ഗേറ്റ് വരെ യാത്രക്കാരുടെ ചലനം സുഗമമാണെന്ന് ഓപറേഷൻസ് ഡിപ്പാർട്മെന്റുകൾ ഉറപ്പാക്കുമെന്ന് വിമാനത്താവളത്തിലെ അഡ്മിനിസ്ട്രേറ്റിവ് വിഭാഗം അറിയിച്ചു. യാത്രക്കാർക്ക് ആശ്വാസം നൽകാനും സഞ്ചാരം സുഗമമാക്കാനും ജീവനക്കാർ കഠിനമായി പരിശ്രമിക്കുന്നതായും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

