എയർ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കൽ; ആരുകാണും വയനാട്ടുകാരുടെ ദുരിതം...!
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് കണ്ണൂർ, കോഴിക്കോട് സർവിസ് അവസാനിപ്പിക്കുന്നതോടെ ഏറെ ദുരിതത്തിലാകുക വയനാട് പ്രവാസികൾ. ഇതോടെ വയനാട്ടുകാർക്ക് അടുത്തുള്ള വിമാനത്താവളങ്ങളിലേക്ക് കുവൈത്തിൽനിന്ന് നേരിട്ട് സർവിസുണ്ടാകില്ല. തൊട്ടടുത്ത ജില്ലകളായ കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് സർവിസില്ലാതാകുന്നതോടെ കുവൈത്തിൽനിന്നുള്ള വയനാട് പ്രവാസികൾ കൊച്ചി, മംഗലാപുരം, ബംഗളൂരു വിമാനത്താവളങ്ങളെ ആശ്രയിക്കേണ്ടിവരും. വിമാനയാത്രയും വിമാനത്താവളത്തിലെ നടപടികളും കഴിഞ്ഞ് ഇതോടെ നാടണയാൻ ഇവർക്ക് മണിക്കൂറുകൾ വേണ്ടിവരും. നിലവിൽ കണ്ണൂർ, കോഴിക്കോട് വിമാനത്താവളത്തിൽ എത്താൻ തന്നെ വയനാട് പ്രവാസികൾ വലിയ പ്രയാസങ്ങളാണ് നേരിടുന്നത്. കണ്ണൂർ, കോഴിക്കോട് വിമാനത്താവളങ്ങളിലെത്താൻ മൂന്ന് മണിക്കൂറിലേറെ സമയമെങ്കിലും വേണം. താമരശേരി ചുരത്തിലെ ഗതാഗത കുരുക്കും, കൊട്ടിയൂർ പാൽ ചുരത്തിലെ റോഡുകളുടെ അവസ്ഥയും ആശ്രയിച്ച് യാത്ര വൈകാനും സാധ്യതയേറെയാണ്. കൊച്ചി, മംഗലാപുരം യാത്രയിലും ചുരം വെല്ലുവിളിയാകും. ഇതോടൊപ്പം എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് കൂടി റദ്ദാക്കിയതോടെ കടുത്ത നിരാശയിലാണ് വയനാട്ടുകാർ. ഇനി കണക്ഷൻ വിമാനങ്ങൾ വഴി കോഴിക്കോട് എത്തുകയാണ് ഏക വഴി. ഇത് വലിയ സമയ നഷ്ടവും സാമ്പത്തിക നഷ്ടവുമാണ്. വിഷയത്തിൽ സജീവമായ ഇടപെടൽ ഉണ്ടാകണമെന്ന് കുവൈത്തിലെ വയനാട് പ്രവാസികൾ ആവശ്യപ്പെട്ടു.
വിദേശ വിമാനക്കമ്പനികൾ കോഴിക്കോട്, കണ്ണൂർ സർവിസ് ആരംഭിക്കണം -റോക്
കുവൈത്ത് സിറ്റി: കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിലേക്ക് വിദേശ എയർലൈൻ കമ്പനികൾക്ക് നേരിട്ട് സർവിസ് ആരംഭിക്കണമെന്ന് റസ്റ്റാറന്റ് ഓണേഴ്സ് അസോസിയേഷൻ (റോക്) ആവശ്യപ്പെട്ടു. ഇതിനായി കേന്ദ്ര-കേരള സർക്കാറുകൾ ഇടപെടൽ നടത്തണം. മലബാർ പ്രവാസികൾക്ക് കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളാണ് ഏറ്റവും സൗകര്യപ്രദവും എളുപ്പവും. വിദേശ വിമാനക്കമ്പനികൾക്ക് കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിലേക്കുള്ള നേരിട്ടുള്ള സർവിസിന് അനുമതി നൽകി ആവശ്യമായ അന്താരാഷ്ട്ര കരാറുകളിൽ ഭേദഗതി വരുത്തണം.
ഇതിലൂടെ യാത്രക്കാർക്ക് കുറഞ്ഞ ചെലവിൽ, നേരിട്ടുള്ള വിമാനങ്ങൾ ലഭ്യമാക്കാൻ സാധിക്കും. പ്രവാസികളായ യാത്രക്കാരെ നിരന്തരം ബുദ്ധിമുട്ടിച്ചു കൊണ്ടിരിക്കുന്ന ഇന്ത്യൻ വിമാന കമ്പനികളുടെ നീക്കങ്ങൾക്കെതിരെ കേന്ദ്ര സർക്കാറിലും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനിലും പരാതി നൽകുമെന്നും റോക് അറിയിച്ചു.
പ്രവാസികളോടുള്ള ക്രൂരത അവസാനിപ്പിക്കുക -കെ.കെ.ഐ.സി
കുവൈത്ത് സിറ്റി: കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിലേക്ക് കുവൈത്തിൽനിന്നും എയർ ഇന്ത്യ എക്സ്പ്രസ് നിർത്തലാക്കിയതിൽ കുവൈത്ത് കേരള ഇസ്ലാഹി സെന്റർ (കെ.കെ.ഐ.സി) ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഇത് പ്രാവാസികളോട് ചെയ്യുന്ന വഞ്ചനയും, ക്രൂരതയുമാണെന്ന്. ഈ തീരുമാനം പുനഃപരിശോധിക്കണമെന്നും കേന്ദ്ര സംസ്ഥാന സർക്കാറുകൾ അടിയന്തിരമായി ഇടപെട്ട് സർവീസുകൾ പുനഃസ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
യാത്രക്ലേശം ഉടൻ പരിഹരിക്കണം -ടി.ഡബ്ല്യു.എ
കുവൈത്ത് സിറ്റി: കുവൈത്തിൽനിന്ന് കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്കുള്ള സർവിസുകൾ റദ്ദ് ചെയ്ത എയർ ഇന്ത്യ എക്സ്പ്രസിന്റെ നടപടിയിൽ തലശ്ശേരി വെൽഫെയർ അസോസിയേഷൻ (ടി.ഡബ്ല്യൂ.എ) കുവൈത്ത് ശക്തമായി പ്രതിഷേധിച്ചു. മലബാർ മേഖലയിലെ പ്രവാസികൾക്ക് നേരിട്ട് യാത്ര ചെയ്യാൻ മറ്റു വിമാനങ്ങൾ ഇല്ലാത്ത സാഹചര്യത്തിൽ എയർ ഇന്ത്യയുടെ ഇത്തരം നീക്കം നിരാശജനകവും മലബാർ മേഖലയിലെ പ്രവാസികളെ ബുദ്ധിമുട്ടിക്കുന്നതുമാണ്. റദ്ദ് ചെയ്ത സർവിസ് ഉടൻ പുനഃസ്ഥാപിക്കണമെന്നും യാത്രക്ലേശം പരിഹരിക്കണമെന്നും കണ്ണൂർ വിമാനത്താവളത്തിന് പോയന്റ് ഓഫ് കാൾ പദവി ഉടൻ അനുവദിക്കണമെന്നും തലശ്ശേരി വെൽഫെയർ അസോസിയേഷൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

