മാറ്റമില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ്; വെള്ളിയാഴ്ചയും വൈകി
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത്- കോഴിക്കോട് വിമാനയാത്രക്കാരുടെ ദുരിതം തുടരുന്നു. വെള്ളിയാഴ്ചയും വിമാനം മണിക്കൂറുകൾ വൈകി. ഉച്ചക്ക് 12.40ന് പുറപ്പെടേണ്ട വിമാനം രാത്രി ഒമ്പതിന് പുറപ്പെടുമെന്നാണ് യാത്രക്കാർക്ക് ലഭിച്ച വിവരം. സാങ്കേതിക പ്രശ്നമാണ് വെള്ളിയാഴ്ചയും യാത്ര പുറപ്പെടാൻ വൈകുന്നതിന് കാരണമായി അധികൃതർ വ്യക്തമാക്കിയത്.
അവധിയും പെരുന്നാളും കണക്കിലെടുത്ത് നാട്ടിലേക്ക് തിരിച്ച സ്ത്രീകളും കുട്ടികളും അടക്കം വിമാനത്തിൽ നിറയെ യാത്രക്കാർ ഉണ്ടായിരുന്നു. യാത്ര വൈകിയത് ഇവരെ ദുരിതത്തിലാക്കി. അടിയന്തിരമായി നാട്ടിൽ എത്തേണ്ടവർക്കും വിമാനം വൈകിയത് തിരിച്ചടിയായി. വ്യാഴാഴ്ച കുവൈത്തിൽ നിന്നു കോഴിക്കോട്ടേക്കുമുള്ള വിമാനം യാത്രക്കാരെ മണിക്കൂറുകൾ വട്ടംകറക്കിയിരുന്നു. വിമാനത്തിൽ യാത്രക്കാർ കയറി മൂന്നു മണിക്കൂറിനുശേഷം യാത്ര റദ്ദാക്കിയതായി അറിയിക്കുകയായിരുന്നു. പുറപ്പെടുന്നതിനായി റൺവേയിലേക്ക് നീങ്ങിയ വിമാനം ഉടൻ നിർത്തുകയായിരുന്നു. മണിക്കൂറുകൾക്കു ശേഷവും പ്രശ്നം പരിഹരിക്കപ്പെടാത്തതിനാൽ യാത്രക്കാരെ ഹോട്ടൽ മുറിയിലേക്ക് മാറ്റി. ഇവരെ വെള്ളിയാഴ്ച വൈകീട്ട് ആറിനുള്ള വിമാനത്തിൽ നാട്ടിൽ എത്തിക്കും എന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ വ്യാഴാഴ്ച രാത്രി 12നുള്ള കൊച്ചി വിമാനത്തിൽ ഇവരെ കോഴിക്കോട്ടെത്തിച്ചു.
കുവൈത്തിൽ നിന്നുള്ള എയർഇന്ത്യ എക്സ്പ്രസ് മണിക്കൂറുകൾ വൈകിയിരുന്നത് ഇപ്പോൾ പതിവായിരിക്കുകയാണ്. കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്ക് കുവൈത്തിൽ നിന്ന് എയർഇന്ത്യ എക്സ്പ്രസ് മാത്രമാണ് നേരിട്ട് സർവിസ് നടത്തുന്നത് എന്നതിനാൽ മലബാർ പ്രവാസികളാണ് വലിയ ദുരിതം നേരിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

