മണിക്കൂറുകൾ കാത്തിരിപ്പ്; വീണ്ടും വൈകി എയർ ഇന്ത്യ എക്സ്പ്രസ്
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത്-കോഴിക്കോട് സെക്ടറിൽ വീണ്ടും എയർഇന്ത്യ എക്സ്പ്രസിന്റെ ഒളിച്ചുകളി. വ്യാഴാഴ്ച കോഴിക്കോടു നിന്ന് കുവൈത്തിലേക്കും കുവൈത്തിൽ നിന്നു കോഴിക്കോടേക്കുമുള്ള വിമാനങ്ങൾ മണിക്കൂറുകൾ വൈകി. രാവിലെ ഒമ്പതിന് കോഴിക്കോട് നിന്നു പുറപ്പെടേണ്ട വിമാനം യാത്ര ആരംഭിച്ചത് രാത്രി 8.15നാണ്. ഇതോടെ 11.40ന് എത്തേണ്ട വിമാനം കുവൈത്തിൽ എത്തിയത് രാത്രി 10.45ന്. കോഴിക്കോട് നിന്നുള്ള വിമാനം വൈകിയതോടെ കുവൈത്തിൽ നിന്ന് തിരിച്ചുള്ള വിമാനവും വൈകി. ഉച്ചക്ക് 12.40ന് കോഴിക്കോട്ടേക്കുള്ള വിമാനം 11.55നാണ് പുറപ്പെടുമെന്ന് അറിയിച്ചത്. ഇതോടെ വ്യാഴാഴ്ച രാത്രി 8.10ന് കോഴിക്കോട് എത്തേണ്ട യാത്രക്കാർ നാട്ടിലെത്തുക ഏറെ വൈകി വെള്ളിയാഴ്ച രാവിലെ 7.15നാണ്. കോഴിക്കോടുനിന്നുള്ള യാത്രക്കാരിൽ മിക്കവരും വിമാനത്താവളത്തിൽ എത്തിയതിന് ശേഷമാണ് വിമാനം വൈകുന്ന കാര്യം അറിഞ്ഞത്. ഇതോടെ ദൂരങ്ങളിൽ ഉള്ളവർക്ക് വീട്ടിലേക്ക് മടങ്ങാനായില്ല. എയർഇന്ത്യ അധികൃതർ വിശ്രമിക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയത് യാത്രക്കാർക്ക് ആശ്വാസമായി. അതേസമയം, വ്യാഴാഴ്ച ജോലികൾക്ക് കയറാനുള്ളവർക്ക് വിമാനം വൈകൽ തിരിച്ചടിയായി. ഈ മാസം എട്ട്, ഒമ്പത് ദിവസങ്ങളിൽ എയർഇന്ത്യ ജീവനക്കാർ നടത്തിയ സമരം ആ ദിവസങ്ങളിലെ യാത്രക്കാരെ സാരമായി ബാധിച്ചിരുന്നു. തുടർന്ന് സംഭവിച്ച സർവിസിലെ താളപ്പിഴകൾ ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല. കഴിഞ്ഞ കോഴിക്കോട് സർവിസുകൾ മണിക്കൂറുകൾ വൈകിയിരുന്നു. കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്ക് കുവൈത്തിൽ നിന്ന് എയർഇന്ത്യ എക്സ്പ്രസ് മാത്രമാണ് നേരിട്ട് സർവിസ് നടത്തുന്നത് എന്നതിനാൽ മലബാർ പ്രവാസികൾ രൂക്ഷമായ യാത്ര പ്രശ്നമാണ് നേരിടുന്നത്.
വിമാനം മുടങ്ങിയാൽ എല്ലാം വൈകും; പ്രയാസത്തിൽ സംഘടനകളും
കുവൈത്ത് സിറ്റി: ബുധൻ, വ്യാഴം ദിവസങ്ങളിൽ വിമാനം വൈകുന്നത് കുവൈത്തിലെ പ്രവാസി സംഘടനകളെയും കുഴക്കുന്നു. വെള്ളിയാഴ്ചയാണ് കുവൈത്തിൽ മിക്ക സംഘടനകളും പൊതു പരിപാടികൾ സംഘടിപ്പിക്കുന്നത്. ഇവയിൽ പങ്കെടുക്കുന്ന അതിഥികൾ ഭൂരിപക്ഷവും നാട്ടിൽ നിന്നുള്ളവരായിരിക്കും. ബുധൻ, വ്യാഴം ദിവസങ്ങളിൽ കുവൈത്തിലെത്തി വിശ്രമത്തിനു ശേഷം വെള്ളിയാഴ്ച പരിപാടികളിൽ പങ്കെടുത്ത് ശനി, ഞായർ ദിവസങ്ങളിൽ മടങ്ങുന്ന രീതിയിലാണ് പലരും അതിഥികളെ ക്ഷണിക്കുന്നത്.
വിമാനം മുടങ്ങലും വൈകലും ഈ ഷെഡ്യൂളുകളിൽ മാറ്റം വരാനും സംഘാടകർക്ക് നഷ്ടത്തിനും ഇടയാക്കുന്നുണ്ട്. കണ്ണൂരിൽ നിന്ന് ആഴ്ചയിൽ രണ്ടു വിമാനങ്ങൾ മാത്രമേ ഉള്ളൂ എന്നതിനാൽ ഒന്നു റദ്ദായാൽ പരിപാടി തന്നെ മുടങ്ങും. കഴിഞ്ഞ ആഴ്ച കണ്ണൂർ വിമാനം റദ്ദായതോടെ ഒരു അതിഥിയെ കൊച്ചിയിൽ എത്തിച്ച് മറ്റു വിമാനത്തിലാണ് സംഘാടകർ കുവൈത്തിലെത്തിച്ചത്. പ്രധാന അതിഥികളെ കൂടാതെ ഗായക സംഘവും മറ്റു കലാപ്രകടനങ്ങൾ നടത്തുന്നവരും ഒരുമിച്ച് നാട്ടിൽ നിന്ന് എത്തുന്നതും പതിവാണ്. ഇത്തരം ഘട്ടങ്ങളിൽ വിമാനം മുടങ്ങിയാൽ പരിപാടിയും മുടങ്ങും. പൊതു പരിപാടികൾക്ക് പുറമെ സംഘടനയുടെ ഇന്റേണൽ പരിപാടിയിലും അതിഥികൾക്ക് ക്ഷണമുണ്ടാകും. വിമാനം വൈകുന്നതോടെ ഇവ റദ്ദാക്കാനും സംഘടനകൾ നിർബന്ധിതരാകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

