തീരാതെ എയർ ഇന്ത്യ എക്സ്പ്രസ് ‘സാങ്കേതിക പ്രശ്നം’ ; ആശങ്കയുടെ ആകാശത്ത് പ്രവാസികൾ
text_fieldsകുവൈത്ത് സിറ്റി: എയർ ഇന്ത്യ എക്സ്പ്രസ് ‘സാങ്കേതിക പ്രശ്നം’ തുടരുന്നു. കഴിഞ്ഞ ആഴ്ച വ്യാപകമായി യാത്ര തടസ്സപ്പെട്ടതിനു പിറകെ വ്യാഴാഴ്ചയും വിമാനം വൈകി. ഉച്ചക്ക് 12.20ന് കോഴിക്കോട്ടേക്കുള്ള വിമാനമാണ് വൈകിയത്. പുറപ്പെടുന്നതിന് തൊട്ടുമുമ്പാണ് സാങ്കേതിക പ്രശ്നം എന്നു പറഞ്ഞ് വിമാനം വൈകുമെന്ന് അറിയിച്ചത്. ഏകദേശം ഒരു മണിക്കൂറോളം കഴിഞ്ഞാണ് പിന്നീട് വിമാനം പുറപ്പെട്ടത്.
കഴിഞ്ഞ വെള്ളിയാഴ്ച വിമാനത്തിന്റെ സാങ്കേതിക തകരാർ യാത്രക്കാരെ ദുരിതത്തിലാക്കിയിരുന്നു. കോഴിക്കോട് നിന്ന് രാവിലെ ഒമ്പതിനുള്ള വിമാനം പുറപ്പെട്ടത് രാവിലെ 11 നാണ്. കുവൈത്തിൽ നിന്ന് 12.20ന് പുറപ്പെടേണ്ട വിമാനം പുറപ്പെട്ടത് വൈകീട്ട് അഞ്ചിനും. ഇതിനിടെ വിമാനത്തിൽ കയറിയ യാത്രക്കാർ മൂന്നു മണിക്കൂർ അതിനകത്ത് ചെലവഴിക്കേണ്ടിയും വന്നു.
ഖത്തർ, യു.എ.ഇ, ഒമാൻ, ബഹ്റൈൻ എന്നിവിടങ്ങളിലേക്കുള്ള എയർഇന്ത്യ എക്സ്പ്രസ് സർവിസുകളും ഈ ആഴ്ച ആദ്യത്തിൽ താളം തെറ്റി. പല വിമാനങ്ങളും റദ്ദാക്കി. പലതും 48 മണിക്കൂർ കഴിഞ്ഞാണ് പുറപ്പെട്ടത്. എല്ലായിടത്തും സാങ്കേതിക പ്രശ്നം എന്നാണ് അധികൃതർ യാത്രക്കാരോട് വിശദീകരിക്കാറ്. എന്നാൽ ഇത് കൃത്യമായി പരിഹരിക്കാതെ എങ്ങനെ വിശ്വസിച്ച് യാത്രചെയ്യും എന്ന ആശങ്കയിലാണ് പ്രവാസികൾ. കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് നിലവിൽ കുവൈത്തിൽനിന്ന് നേരിട്ട് എയർഇന്ത്യ എക്സ്പ്രസ് സർവിസുകൾ മാത്രമാണുള്ളത്. കണ്ണൂരിലേക്ക് ആഴ്ചയിൽ ഒരു ദിവസവും കോഴിക്കോട്ടേക്ക് അഞ്ചു ദിവസവുമാണ് സർവിസുള്ളത്.
യാത്രക്കാരുടെ തിരക്കും സുരക്ഷയും കണക്കിലെടുത്ത് രണ്ടിടത്തേക്കും മറ്റു കമ്പനികളുടെ സർവിസ് ആരംഭിക്കണമെന്ന ആവശ്യം പ്രവാസികളിൽ ശക്തമാണ്. അതിനിടെ, 30 ബില്യൺ ഡോളറാണ് പുതിയ വിമാനങ്ങൾ വാങ്ങാനായി കമ്പനി മുടക്കുന്നതെന്നാണ് സൂചന. യു.എസ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സി.എഫ്.എം ഇന്റർനാഷനലിൽ നിന്ന് 400 എയർക്രാഫ്റ്റ് എൻജിനുകൾ വാങ്ങാൻ ഈ ജൂലൈയിൽ എയർ ഇന്ത്യ കരാറൊപ്പിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

