ഗസ്സയിലേക്കുള്ള സഹായവുമായി കുവൈത്തിന്റെ ‘ഗസ്സ കപ്പൽ’
text_fieldsഗസ്സയിലേക്ക് സഹായ വസ്തുക്കളുമായി പുറപ്പെടുന്ന കപ്പൽ
കുവൈത്ത് സിറ്റി: ഇസ്രായേൽ ആക്രമണത്തിൽ ദുരിതം തുടരുന്ന ഗസ്സക്ക് കുവൈത്ത് സഹായം തുടരുന്നു. കുവൈത്തിൽ നിന്നുള്ള രണ്ടാമത്തെ ‘ഗസ്സ കപ്പൽ’ ഫലസ്തീനികൾക്ക് ആശ്വാസമാകും. തുർക്കിയ തുറമുഖമായ മെർസിനിൽ നിന്ന് ഈജിപ്ഷ്യൻ തുറമുഖമായ അൽ അരിഷിലേക്ക് ആയിരം ടൺ സഹായ വസ്തുക്കളുമായാണ് കപ്പൽ പുറപ്പെട്ടത്. കുവൈത്ത് ഡയറക്ട് എയ്ഡ് അസോസിയേഷൻ കപ്പലിന് ധനസഹായം നൽകിയതായി കുവൈത്ത് റിലീഫ് സൊസൈറ്റി (കെ.ആർ.എസ്) ഡയറക്ടർ ജനറൽ അബ്ദുൽ അസീസ് അൽ ഉബൈദ് പറഞ്ഞു.
റെഡി-ടു ഈറ്റ് മീൽസ്, മൈദ, പാചക അവശ്യവസ്തുക്കൾ, ടിന്നിലടച്ച ഭക്ഷണം, ടെന്റ്, പുതപ്പുകൾ, മെത്ത തുടങ്ങിയവ കപ്പലിലുണ്ടായിരുന്നു. സ്ത്രീകൾക്കും കുട്ടികൾക്കും പ്രായമായവർക്കും വ്യക്തിപരമായ ആവശ്യങ്ങൾക്കുള്ള വസ്തുക്കളും ഇതിൽ അടങ്ങിയിരുന്നു. ഇസ്രായേൽ ആക്രമണത്തിൽ ഗസ്സയിൽ പരിക്കേറ്റവർക്കും പലായനം ചെയ്യപ്പെടുന്നവർക്കും പിന്തുണയും ആശ്വാസവും നൽകലാണ് ലക്ഷ്യം. അതിനിടെ, കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്) പിന്തുണയോടെ ഗസ്സയുടെ വടക്കൻ പ്രദേശങ്ങളിൽ 500 ചാക്ക് മാവ് എത്തിച്ചതായി ഫലസ്തീനിലെ ‘വഫ’ ഫൗണ്ടേഷൻ ഫോർ ഡെവലപ്മെന്റ് വ്യക്തമാക്കി. ഗസ്സയിലെ ഗവർണറേറ്റുകളിലേക്കുമായി 30,000 ചാക്ക് മാവ് വിതരണം ചെയ്തു. വടക്കൻ ഗവർണറേറ്റുകളിലേക്ക് കൂടുതൽ ചാക്ക് മാവും എത്തിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

