എ.ഐ കാമറകൾ സജീവം; 15 ദിവസത്തിനിടെ റിപ്പോർട്ട്
text_fieldsകുവൈത്ത് സിറ്റി: നിരത്തുകളിലെ നിയമലംഘനങ്ങൾ കണ്ടെത്താൻ രാജ്യത്ത് എ.ഐ കാമറകൾ സജീവം. വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച കാമറകള്‍ പ്രവര്‍ത്തനം ആരംഭിച്ചതോടെ പതിനായിരക്കണക്കിന് നിയമ ലംഘനങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
രാജ്യത്ത് മൊത്തം പൊതുറോഡുകളിൽ 252 ലേറെ എ.ഐ കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. 15 ദിവസത്തിനിടെ 18,778 നിയമലംഘനങ്ങളാണ് ഇവ റിപ്പോർട്ട് ചെയതത്.
പുതുതായി സ്ഥാപിച്ച കാമറകൾക്ക് ഡ്രൈവറുടെയും മുൻ സീറ്റ് യാത്രക്കാരന്റെയും നിയമ ലംഘനങ്ങൾ നിരീക്ഷിക്കാൻ കഴിയും. സീറ്റ് ബെൽറ്റ് ഇടാതെയുള്ള യാത്ര, ഡ്രൈിങ്ങിനിടെയുള്ള ഫോൺ ഉപയോഗം, വേഗ പരിധി ലംഘനം എന്നിവ കാമറകൾ രേഖപ്പെടുത്തും. തുടർന്ന് നിയമ ലംഘനത്തിന് വാഹന ഉടമക്കെതിരെ നോട്ടീസ് അയക്കുന്നുണ്ടെന്നും ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റിലെ ട്രാഫിക് അവയർനെസ് അസിസ്റ്റന്റ് ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ അബ്ദുല്ല ബു ഹസ്സൻ വ്യക്തമാക്കി.
ഡിസംബറിൽ 15 ദിവസത്തിനിടെ രേഖപ്പെടുത്തിയ 4,944 നിയമ ലംഘനങ്ങൾ വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗവുമായി ബന്ധപ്പെട്ടതാണ്.
കഴിഞ്ഞ വർഷം ഗതാഗതവമായി ബന്ധപ്പെട്ട മരണങ്ങളിൽ കുറവുണ്ടായതായും അബ്ദുല്ല ബു ഹസ്സൻ ചൂണ്ടിക്കാട്ടി. 2024ൽ 284 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 2023ൽ 296 അപകട മരണങ്ങളുണ്ടായിരുന്നു.
വാഹനങ്ങളുടെയും റോഡുകളുടെയും ഡ്രൈവിങ് ലൈസൻസുകളുടെയും എണ്ണം വർധിച്ചിട്ടും അപകട മരണങ്ങളിൽ 12 കേസുകളുടെ കുറവുണ്ടായി. ട്രാഫിക് അഫയേഴ്സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ യൂസഫ് അൽ ഖുദ്ദയുടെ നേതൃത്വത്തിൽ ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് നടത്തുന്ന തുടർച്ചയായ ശ്രമങ്ങളാണ് ഗുണകരമായ ഈ മാറ്റത്തിന് കാരണമെന്ന് ലെഫ്റ്റനന്റ് കേണൽ ബു ഹസ്സൻ പറഞ്ഞു.
റോഡ് സുരക്ഷ വർധിപ്പിക്കാനും ഗതാഗത നിയമ ലംഘനം കണ്ടുപിടിക്കാനും പുതിയ മാർഗമായാണ് എ.ഐ കാമറകൾ സ്ഥാപിച്ചത്.
ക്യാമറാ ലൊക്കേഷനുകൾക്ക് സമീപം വേഗത കുറച്ചാലും വേഗത പരിധി ലംഘിക്കുന്ന ഡ്രൈവർമാരെ തിരിച്ചറിയാനും പിഴ ചുമത്താനും എ.ഐ ക്യാമറകള്‍ക്ക് കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.