വീണ്ടും വിമാനം റദ്ദാക്കൽ; കണ്ണൂർ, കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കി
text_fieldsകുവൈത്ത് സിറ്റി: യാത്രക്കാരെ ദുരിതത്തിലാക്കി വീണ്ടും എയർ ഇന്ത്യ എക്സ്പ്രസ്. വെള്ളി, തിങ്കൾ ദിവസങ്ങളിലെ ഷെഡ്യൂളുകൾ പൂർണമായും എയർ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കി.
ഫെബ്രുവരി 10ന് കണ്ണൂരിൽനിന്ന് കുവൈത്തിലേക്കും കുവൈത്തിൽനിന്ന് കണ്ണൂരിലേക്കുമുള്ള ഷെഡ്യൂൾ, ഫെബ്രുവരി 13ന് കോഴിക്കോടുനിന്ന് കുവൈത്തിലേക്കും തിരിച്ച് കുവൈത്തിൽനിന്ന് കോഴിക്കോട്ടേക്കുമുള്ള ഷെഡ്യൂളുകൾ എന്നിവയാണ് റദ്ദാക്കിയത്.
കണ്ണൂരിൽനിന്ന് വെള്ളിയാഴ്ച പുലർച്ച 4.20ന് പുറപ്പെട്ട് കുവൈത്ത് സമയം ഏഴിനെത്തുന്ന എയർ ഇന്ത്യ എക്സ്പ്രസ്, തിരിച്ച് കുവൈത്തിൽനിന്ന് രാവിലെ എട്ടിന് പുറപ്പെട്ട് ഇന്ത്യൻ സമയം 3.05ന് കണ്ണൂരിലെത്തുന്ന വിമാനവുമാണ് റദ്ദാക്കിയത്. കോഴിക്കോടുനിന്ന് തിങ്കളാഴ്ച രാവിലെ 7.40ന് പുറപ്പെട്ട് 10.20ന് കുവൈത്തിൽ എത്തുന്ന വിമാനവും തിരിച്ച് 11.20ന് കുവൈത്തിൽനിന്ന് പുറപ്പെട്ട് 6.45ന് കോഴിക്കോട്ട് എത്തുന്ന വിമാനവുമാണ് റദ്ദാക്കിയത്. രണ്ടിടങ്ങളിലേക്കുമായി നാലു ഷെഡ്യൂളുകൾ റദ്ദാക്കിയതോടെ ഈ ദിവസങ്ങളിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നവർ പ്രയാസത്തിലായി.
അതേസമയം, ഈ ദിവസങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് മറ്റൊരു ദിവസത്തേക്ക് സൗജന്യമായി ടിക്കറ്റ് മാറ്റാമെന്ന് എയർ ഇന്ത്യ അറിയിച്ചു. യാത്ര റദ്ദാക്കി മറ്റു വിമാനങ്ങളെ ആശ്രയിക്കുന്നവർക്ക് ടിക്കറ്റ് നിരക്ക് തിരികെ നൽകുമെന്നും അറിയിച്ചു. വിമാനം റദ്ദാക്കിയ കാര്യം യാത്രക്കാരെ അറിയിച്ചിട്ടുണ്ട്.
കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽനിന്ന് കുവൈത്തിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കലും വൈകലും പതിവ് സംഭവമായിരിക്കുകയാണ്. ജനുവരി 20ന് കുവൈത്തിൽനിന്ന് കണ്ണൂരിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കിയതാണ് അവസാന സംഭവം. സമയക്രമം തെറ്റലും വിമാനം റദ്ദാക്കലും പതിവായതോടെ യാത്രക്കാർക്ക് വലിയ പ്രയാസം നേരിടുന്നുണ്ട്. രണ്ടാഴ്ചയായി വലിയ പരാതികളില്ലാതെ മുന്നോട്ടുപോകുന്നതിനിടയിലാണ് വെള്ളി, തിങ്കൾ ദിവസങ്ങളിലെ വിമാനം റദ്ദാക്കൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

