Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightയുദ്ധഭീതി നിലച്ചിട്ടും...

യുദ്ധഭീതി നിലച്ചിട്ടും കാതിലടിക്കുന്ന ആ സൈറൺ ശബ്ദം...

text_fields
bookmark_border
യുദ്ധഭീതി നിലച്ചിട്ടും കാതിലടിക്കുന്ന ആ സൈറൺ ശബ്ദം...
cancel

ണ്ടു മൂന്നു ദിവസങ്ങളായി സൈറണുകളൊന്നും ഇല്ലല്ലോ?

മൊബൈലിൽ അലേർട്ടും ഇല്ല,

അമേരിക്ക- ഇറാൻ യുദ്ധമെല്ലാം കഴിഞ്ഞോ​? കുവൈത്തിന് ആശ്വസിക്കാമോ?

അതിരാവിലെ കുവൈത്തിലെ പ്രവാസി സുഹൃത്തിന്റെ സംശയമാണ്.

അമേരിക്കയുടെ കയ്യിലുള്ള ആയുധങ്ങൾ തീർന്നെന്നു കേൾക്കുന്നു.

അതാണത്രെ ഇപ്പോഴൊരു ഇടവേള.

എന്തേ യുദ്ധം വീണ്ടും തുടങ്ങണോ?

വേണ്ടേ, രാത്രിയും പുലർച്ചെയുമുള്ള സൈറനുകളും സ്ഫോടനശബ്നങ്ങളും കേട്ട് എത്രനാളായി

പേടിച്ചു പേടിച്ചു ജീവിക്കുന്നു, മതിയായി. പക്ഷേ, ഇപ്പോഴത്തെ പ്രശ്നം അതല്ല.

ഇടക്കിടക്ക് സൈറണുകൾ മുഴങ്ങുന്നതുപോലെ തോന്നും. ചെവിയിൽ ആ മൂളൽ ഇടക്കിടക്ക് വന്നെത്തുന്നു.

വാതിൽ അടയുമ്പോൾ, വാഹനങ്ങൾ റിവേഴ്സ് എടുക്കുമ്പോൾ ബീപ്പ് ശബ്ദം കേൾക്കുമ്പോൾ എല്ലാം ആ തോന്നൽ.

വിമാനങ്ങൾ പറക്കുമ്പോൾ, എസിയുടെ ശബ്ദങ്ങൾ... എല്ലാം സ്ഫോടനങ്ങളാണോ എന്ന് ചിന്തിച്ചു പോകുന്നു.

ഇതെന്താ ഇങ്ങനെ? സുഹൃത്തിന്റെ ചോദ്യം നീളുകളാണ്.

അറിയാതെ എന്നിൽ ഒരു ചിരിപൊട്ടി. ഇതെന്നിലും ഉള്ളതാണല്ലോ എന്ന് ഓർത്തു.

കുവൈത്തിലെ 10 പേരെടുത്താൽ നാലുപേരും ചിലപ്പോൾ ഇതുതന്നെ പറയുമായിരിക്കും. മാസങ്ങളായി ഭീതിയുടെ കുഴലൂത്തുപോലെ തുടർച്ചയായി വന്നെത്തി പരിചിതമായൊരു ശബ്ദം. അത് അത്രപെട്ടന്ന് മറക്കുന്നതെങ്ങനെയാണ്. അതുകൊണ്ടുതന്നെയാകണം അതിപ്പോഴും അന്തീക്ഷത്തിൽ ബാക്കിയുണ്ടെന്ന്, ചെവിക്കുപിറകിൽ മുഴങ്ങുന്നുണ്ടെന്ന് തോന്നി​കൊണ്ടേയിരിക്കുന്നത്!

കുവൈത്തിന്റെ പല ഭാഗങ്ങളിലായി സൈറണുകൾ സഥാപിച്ചത് ഒന്നോ രണ്ടോ വർഷങ്ങൾക്കു മുമ്പാണ്. പരീക്ഷണ ഭാഗമായി ചില ദിവസങ്ങളിൽ സൈറണുകൾ മുഴക്കുമെന്ന് ​അന്നൊക്കെ വാർത്തകൾ വരാറുണ്ടായിരുന്നു. അപ്പോഴൊന്നും ഇത്തരത്തിൽ സ്വസ്ഥ ജീവിതത്തിലേക്ക് തുളച്ചുകയറുന്ന ഭീതിയുടെ ശബദമായി അവ ഇങ്ങനെ തള്ളികയറിവരുമെന്ന് ആരും കരുതിയിട്ടുണ്ടാകില്ല!. എപ്പോൾ നോക്കിയാലും ഒരു വിമാനമെങ്കിലും കാണുന്ന ആകാശത്ത് അവയുടെ മൂളൽ ജനങ്ങൾക്ക് ചിരപരിചിതവുമായിരുന്നു. ഇപ്പോഴെല്ലാം മാറിയിട്ടുണ്ടോ​?


സംഘർഷ നാളുകളിലൊന്നിൽ ദമ്മാമിൽ വിമാനമിറങ്ങി കുവൈത്തിലേക്ക് ബസുമാർഗം സഞ്ചരിച്ചത് ഓർമയിലെത്തി. പുലർച്ചെ യാത്രക്കാരെല്ലാം ഉറക്കത്തിലാണ്. സൗദിയിലെ എതോ വിജനമായ ഇടങ്ങളിലൂടെ ബസ് നീങ്ങുകയാണ്. പൊടുന്നനെയാണ് മുഴുവൻ പേരുടെയും മൊബൈൽ ഒരേ സമയം ഒരുപോലെ ശബ്ദിച്ചത്. നിങ്ങൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് ആക്രമണ സാധ്യതയുള്ള പ്രദേശത്തുകൂടിയാണെന്നും ജാഗ്രത പാലിക്കണമെന്നുമായിരുന്നു അതിലെ ചുരുക്കം. ഭീതിയുടെ നൂൽപ്പാലത്തിലൂടെയായി പിന്നീട് യാത്ര. വൈകാതെ ഒരു സ്ഫോടന ശബദം കാതിലെത്തി. ദൂരെ നിന്ന് ഉയർന്ന കട്ടിയേറിയ പുക ഏറെ ദൂരം ബസിന് പിറകെയെത്തി. മുറിഞ്ഞ ഉറക്കം പിന്നീട് ഒരാൾക്കും അന്ന് കൂട്ടിച്ചേർക്കാനായില്ല.

അതിർത്തി കടന്നു കുവൈത്തിൽ പ്രവേശിച്ചതോടെ മെബൈൽ അലേർട്ടും സൈറണുകളും പതിവായി. പുലർച്ചെ പലതവണകളായി അവ വിളിച്ചുണർത്തി. ഇടക്ക് എല്ലാം തീർന്നെന്ന് സമാധിക്കും. എന്നാൽ അടുത്ത ദിവസം ഹുർമുസിലോ, ഇറാനിലോ വെടിപൊട്ടുന്നതോടെ കുവൈത്തിലും കൃത്യമായി മിസൈലും ഡ്രോണുകളും പറന്നെത്തും. സൈറണുകൾ മുഴങ്ങും, ഉറക്കം മുറിയും. ആശങ്കകൾ ഉണരും.

ഈ പ്രശ്നം എനിക്കുമാത്രമാണോ?

തുടക്കത്തിൽ പറഞ്ഞ സുഹൃത്തിന്റെ സംശയം എന്നെപോലെ പലർക്കുമുണ്ടായിരുന്നു. സൈറണുകൾ നിലച്ചാലും വീണ്ടും ആവർത്തിക്കുന്നതായി തോന്നുന്നതായും, ചെറിയ ശബ്ദങ്ങൾ പോലും സ്​ഫോടനങ്ങളുടെതാണോ എന്നു സംശയം ഉണരുമെന്നും പലരും പങ്കുവെക്കുകയുണ്ടായി. ഇത് തനിക്കുമാത്രമുള്ള വെറും തോന്നലാണോ (hallucination) എന്നായിരുന്നു ചിലരുടെ സംശയം. നിത്യജീവിതത്തിലെ സാധാരണ ശബ്ദങ്ങൾ കേട്ട് പെട്ടെന്ന് ഞെട്ടിപ്പോകുന്നതായും, വിശ്രമിക്കാനോ ഉറങ്ങാനോ കഴിയാതെ ബുദ്ധിമുട്ടുന്നതായും മറ്റു ചിലർ ആശങ്കകൾ പങ്കുവെച്ചു.

ഡോ. നീതു മറിയം

ഹൈപ്പർ വിജിലൻസി​ന്റെ കളി

ഭയമുളവാക്കുന്ന സംഭവങ്ങൾക്ക് ശേഷം ചിലരിൽ സാധാരണയായി ഇങ്ങനെ കണ്ടുവരാറുണ്ടെന്നും ‘ഹൈപ്പർ വിജിലൻസ്’ (അമിത ജാഗ്രത) എന്ന മാനസിക പ്രതികരണത്തിന്റെ ഭാഗമായാണ് ഈ തോന്നൽ എന്നുമാണ് മാനസികരോഗ വിദഗ്ധ ഡോ. നീതു മറിയം ചാക്കോ പറയുന്നത്.

ആക്രമണ മുന്നറിയിപ്പ് സൈറൺ പോലുള്ള സാഹചര്യങ്ങൾ നേരിട്ടതിനുശേഷം, തലച്ചോറ് അതീവ ജാഗ്രതാവസ്ഥയിൽ തുടരും. ഇത്തരം ഘട്ടങ്ങളിൽ ശബ്ദങ്ങളോട് തലച്ചോറ് അസാധാരണമായ സംവേദനക്ഷമത പ്രകടിപ്പിക്കും. എയർ കണ്ടീഷണറുകൾ, വാഹനങ്ങളുടെ ശബ്ദം, ഗാർഹികോപകരണങ്ങൾ എന്നിവയിൽ നിന്നുള്ള സാധാരണ ശബ്ദങ്ങളെപ്പോലും സൈറണോ മറ്റ് ഭീഷണിപ്പെടുത്തുന്ന ശബ്ദങ്ങളോ ആയി തലച്ചോറ് തെറ്റിദ്ധരിക്കാൻ സാധ്യതയുണ്ട്. ഇടക്കിടെയുള്ള ഈ ‘നമ്മൾ മാത്രം കേൾക്കുന്ന, ഇല്ലാത്ത സൈറൺ’ അതിൽ നിന്നുണ്ടാകുന്നതാണ്.

സൈറൺ മുഴങ്ങുന്നത് നിലച്ച ശേഷവും ചിലർക്ക് അത് കേൾക്കുന്നതായി അൽപ്പനേരത്തേക്ക് തോന്നുന്നതും ഇതുകൊണ്ടാണ്. എന്നാൽ, ഇതൊരു യഥാർഥ ഭ്രമക്കാഴ്ചയല്ല (hallucination), മറിച്ച് സാധാരണയായി കേൾവി സംബന്ധമായ ഒരു തോന്നലോ (auditory illusion) അല്ലെങ്കിൽ സമ്മർദ്ദം മൂലമുണ്ടാകുന്ന ഒരുതരം ധാരണാപരമായ പ്രതിഭാസമോ ആണെന്ന് ഡോക്ർ ചൂണ്ടികാട്ടി. ഇത്തരം അനുഭവം ഉണ്ടാകുന്നവർ, ശ്രദ്ധയോടെ നിരീക്ഷിച്ചാൽ യഥാർത്ഥത്തിൽ ആ ശബ്ദം ഇല്ലെന്ന് പെട്ടെന്ന് തിരിച്ചറിയാറുണ്ട്. മാനസികരോഗങ്ങളുമായി ബന്ധപ്പെട്ട ഹാലൂസിനേഷൻ നിന്ന് അതുകൊണ്ടുതന്നെ ഇത് വ്യത്യസ്തമാണ്.

യുദ്ധങ്ങൾ, പ്രകൃതിദുരന്തങ്ങൾ, അടിയന്തിര ഘട്ടങ്ങൾ തുടങ്ങിയ വലിയ ആഘാതം ഏൽപ്പിക്കുന്നതും സമ്മർദ്ദം വരുത്തുന്നതുമായ സംഭവങ്ങൾക്ക് ശേഷം, ആളുകൾ സാധാരണയായി അമിത ജാഗ്രത, അതിശയോക്തിപരമായ അമ്പരപ്പിക്കുന്ന പ്രതികരണങ്ങൾ, ഞെട്ടൽ തുടങ്ങിയ താൽക്കാലിക ലക്ഷണങ്ങൾ അനുഭവിക്കാറുണ്ടെന്ന് ശാസ്ത്രീയ ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. മിക്കവരിലും, സമ്മർദ്ദമുണ്ടാക്കുന്ന അനുഭവത്തിൽ നിന്ന് തലച്ചോറും ശരീരവും മുക്തമാകുന്നതോടെ ദിവസങ്ങൾക്കോ ​​ആഴ്ചകൾക്കോ ​​ഉള്ളിൽ ഇത് ക്രമേണ അപ്രത്യക്ഷമാകും. പേടിക്കേണ്ട കാര്യമൊന്നും ഇല്ലെന്നും ഡോ. നീതു മറിയം ചാക്കോ പറയുന്നു.

നീണ്ടുപോയാൽ ശ്രദ്ധിക്കണം

എന്നാൽ ഇത്തരം അനുഭവങ്ങൾ ഇടക്കിടെ ഉണ്ടാകുകയോ, ആഴ്ചകളോളം നീണ്ടുനിൽക്കുകയോ, കടുത്ത ഉത്കണ്ഠയോ ഉറക്കപ്രശ്നങ്ങളോ ഉണ്ടാക്കുകയോ, അല്ലെങ്കിൽ ദൈനംദിന ജീവിതത്തെ ബാധിക്കുകയോ ചെയ്യുന്ന സാഹചര്യത്തിൽ, ‘അക്യൂട്ട് സ്ട്രെസ് ഡിസോർഡർ’ (acute stress disorder) അല്ലെങ്കിൽ പോസ്റ്റ്-ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ (പി.ടി.എസ്.ഡി) പോലുള്ള അവസ്ഥകൾ ഇല്ലെന്ന് ഉറപ്പുവരുത്തുന്നതിനായി മാനസികാരോഗ്യ വിദഗ്ധനെ സമീപിക്കണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwaitnewsgulf storysirenUS Iran War
News Summary - യുദ്ധം കഴിഞ്ഞിട്ടും കാതിൽ മുഴങ്ങുന്ന സൈറൺ...
Next Story