ഒന്നര വർഷത്തിനു ശേഷം തോളോടുതോൾ ചേർന്ന് നമസ്കാരം
text_fieldsഒന്നര വർഷത്തെ ഇടവേളക്ക് ശേഷം സാമൂഹിക അകലം ഒഴിവാക്കി ജുമുഅ നമസ്കരിക്കുന്നവർ
കുവൈത്ത് സിറ്റി: കുവൈത്തിൽ ഒന്നര വർഷത്തിനു ശേഷം പള്ളികളിൽ സാമൂഹിക അകലം ഒഴിവാക്കി തോളോടുതോൾ ചേർന്ന് നമസ്കാരം. സമ്പന്നനെന്നോ ദരിദ്രനെന്നോ വ്യത്യാസമില്ലാതെ, പണ്ഡിതനും പാമരനുമിടയിൽ പദവി വ്യത്യാസമില്ലാതെ ദേശ, ഭാഷ, വർണ, വർഗ വ്യത്യാസമില്ലാതെ തോളോടുതോൾ ചേർന്നു നിൽക്കുന്നത് നമസ്കാരത്തിെൻറ സൗന്ദര്യമാണ്. മഹാമാരി സൃഷ്ടിച്ച വിടവ് നികത്തി വീണ്ടും തോളോടുതോൾ ചേരുേമ്പാൾ വിശ്വാസികളുടെ മനസ്സുനിറക്കുന്നത് ഇഴയടുപ്പത്തിെൻറ സൗന്ദര്യമാണ്.
രാജ്യത്തെ കോവിഡ് സാഹചര്യം മെച്ചപ്പെട്ടതിനെ തുടർന്നാണ് സാമൂഹിക അകലം ഒഴിവാക്കാൻ മന്ത്രിസഭ അനുമതി നൽകിയത്. 2020 മാർച്ച് 13നാണ് ജുമുഅ, ജമാഅത്ത് (സംഘടിത) നമസ്കാരങ്ങൾ അനിശ്ചിത കാലത്തേക്ക് നിർത്തിവെക്കാനും പള്ളികൾ അടച്ചിടാനും കുവൈത്ത് മതകാര്യ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചത്.
'സ്വല്ലൂ ഫീ രിഹാലികും' നിങ്ങളുടെ വീടുകളിൽ തന്നെ നമസ്കരിക്കുക എന്ന ആഹ്വാനം ബാങ്കിൽ മുഴങ്ങിക്കേട്ടത് ഇൗ തലമുറക്ക് പരിചയം ഇല്ലാത്തതായിരുന്നു. 2020 ജൂൺ പത്തുമുതൽ കർശന നിയന്ത്രണങ്ങളോടെ നിർബന്ധ നമസ്കാരങ്ങൾക്കായി പള്ളികൾ തുറന്നുകൊടുത്തു.
അഞ്ചു നേരത്തെ നിർബന്ധ നമസ്കാരങ്ങൾക്ക് മാത്രമാണ് ആദ്യഘട്ടത്തിൽ അനുമതി നൽകിയത്. വീട്ടിൽനിന്ന് അംഗശുദ്ധി വരുത്തിയും മുസല്ല കൈയിൽ കരുതിയും വേണം എത്താൻ, പരസ്പരം കെട്ടിപ്പിടിക്കുകയും ഹസ്തദാനം ചെയ്യുകയോ അരുത്, മാസ്ക് ധരിച്ച് വേണം പുറത്തിറങ്ങാൻ, ഒരാൾ ഇടവിട്ട് നിൽക്കണം തുടങ്ങിയ നിബന്ധനകളും ഇതോടൊപ്പം ബാധകമാക്കി.
2020 ജൂൺ 12ന് മൂന്നു മാസത്തെ ഇടവേളക്കു ശേഷം രാജ്യത്ത് ജുമുഅ നടന്നു. ഇമാമിനും പള്ളി ജീവനക്കാർക്കും മാത്രം പ്രവേശനം അനുവദിച്ച് മസ്ജിദുൽ കബീറിൽ നടന്ന ജുമുഅ ഖുതുബയും പ്രാർഥനയും ദേശീയ ടെലിവിഷൻ ചാനലിൽ തത്സമയം സംപ്രേക്ഷണം ചെയ്തു. പിന്നീട് ജുമുഅ മറ്റു പള്ളികളിലേക്കും വ്യാപിപ്പിച്ചു.
അപ്പോഴും ഒന്നിടവിട്ട് അടയാളപ്പെടുത്തിയ സ്ഥലങ്ങളിൽനിന്ന് സാമൂഹിക അകലം ഉറപ്പുവരുത്തണമെന്ന നിബന്ധനയുണ്ടായിരുന്നു. അതാണ് ഇൗ വെള്ളിയാഴ്ച മുതൽ നീക്കിയത്. നേരത്തെ ഒന്നിടവിട്ട് നിൽക്കുന്നത് കൊണ്ട് പള്ളി നിറഞ്ഞുകവിഞ്ഞ് വരി റോഡിലേക്കും നീണ്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

