വെല്ലുവിളികൾ നേരിടാൻ യോജിച്ച ശ്രമങ്ങൾ വേണം -വിദേശകാര്യ മന്ത്രി
text_fieldsഒ.ഐ.സി വിദേശകാര്യ മന്ത്രിമാരുടെ സെഷനിൽ മന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ
അസ്സബാഹ്
കുവൈത്ത് സിറ്റി: മൗറിത്താനിയയിൽ നടന്ന ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപറേഷൻ (ഒ.ഐ.സി) അംഗരാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുടെ 49ാമത് സെഷനിൽ വിദേശകാര്യ മന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് കുവൈത്ത് പ്രതിനിധി സംഘത്തെ നയിച്ചു. ഫലസ്തീൻ പ്രശ്നം, തീവ്രവാദ വിരുദ്ധത, ഇസ്ലാമോഫോബിയ, ഐക്യദാർഢ്യം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച യോഗത്തെ അഭിസംബോധനചെയ്ത വിദേശകാര്യ മന്ത്രി, ലോകമെമ്പാടുമുള്ള സങ്കീർണമായ സാഹചര്യങ്ങൾ, യുദ്ധങ്ങൾ, ദുരന്തങ്ങൾ, പകർച്ചവ്യാധികൾ എന്നിവക്കിടയിൽ ഇസ്ലാമിക ലോകം നിരവധി ഗുരുതരമായ വെല്ലുവിളികൾ അഭിമുഖീകരിക്കുന്ന സമയത്താണ് ഒത്തുചേരലെന്ന് പറഞ്ഞു.
ഈ വെല്ലുവിളികൾ നേരിടാൻ യോജിച്ച ശ്രമങ്ങളും പ്രതികരണവും ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു. ഭിന്നതകളും അഭിപ്രായവ്യത്യാസങ്ങളും മാറ്റിവെച്ച് സഹകരണം വർധിപ്പിക്കുന്നതിന് വ്യക്തവും സമഗ്രവുമായ കാഴ്ചപ്പാട് വികസിപ്പിക്കാൻ വിദേശകാര്യ മന്ത്രി ആഹ്വാനം ചെയ്തു. ഫലസ്തീൻ പ്രശ്നം, അറബ് മുസ്ലിം ലോകങ്ങളുടെ പ്രധാന പ്രശ്നമായി കണക്കാക്കപ്പെടുന്നു. ഈ പ്രശ്നത്തിന് ന്യായമായതും സമഗ്രവുമായ പരിഹാരമുണ്ടായില്ലെങ്കിൽ പ്രദേശം സുസ്ഥിരവും സുരക്ഷിതവും സമൃദ്ധവുമാകില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഇസ്ലാമോഫോബിയയെക്കുറിച്ചും ഇസ്ലാമിന്റെ സഹിഷ്ണുതയെയും സമാധാന മൂല്യങ്ങളെയും തുരങ്കം വെക്കാൻ ഉദ്ദേശിച്ചുള്ള പ്രചാരണങ്ങളെക്കുറിച്ചും ബോധവാന്മാരാകണം. ഇസ്ലാമിനെ സംരക്ഷിക്കലും അതിന്റെ യഥാർഥ പ്രതിച്ഛായ പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും മന്ത്രി പറഞ്ഞു. ഇസ്ലാമോഫോബിയക്കെതിരെ പോരാടാനുള്ള ഒ.ഐ.സിയുടെ മഹത്തായ ശ്രമങ്ങളെ അഭിനന്ദിച്ച മന്ത്രി, ഇസ്ലാമിക ലോകം അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ അതിജീവിക്കുന്നതിനുള്ള യോജിച്ച നിലപാടുകളും ദർശനങ്ങളും യോഗത്തിൽ ഉരുത്തിരിയുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.
വ്യാഴാഴ്ചയാണ് മൗറിത്താനിയയിലെ നൗക്ചോട്ടിൽ ഒ.ഐ.സി അംഗരാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുടെ കൗൺസിലിന്റെ 49ാമത് സെഷൻ ആരംഭിച്ചത്. ഒ.ഐ.സി അംഗരാജ്യങ്ങളിലെ 40ലധികം വിദേശകാര്യ മന്ത്രിമാർ പങ്കെടുത്തു. രാഷ്ട്രീയ, സാംസ്കാരിക, സാമൂഹിക, ശാസ്ത്ര, മാനുഷിക വിഷയങ്ങൾ യോഗത്തിൽ ചർച്ചയായി.