വൈറസുകളെ നേരിടാൻ നടപടി അനിവാര്യം -കുവൈത്ത് ആരോഗ്യമന്ത്രി
text_fieldsഐ.ഒ.എം.എസ് അന്താരാഷ്ട്ര കോൺഫറൻസിന്റെ ഉദ്ഘാടന ചടങ്ങ്
കുവൈത്ത് സിറ്റി: നിയമവിരുദ്ധ രീതികളിലൂടെ പകരുന്ന വൈറസുകളെ നേരിടാൻ അന്താരാഷ്ട്ര നടപടി ആവശ്യമാണെന്ന് ആരോഗ്യമന്ത്രി ഡോ. അഹ്മദ് അൽ അവാദി. പാശ്ചാത്യ സമൂഹം നിരോധിത ബന്ധങ്ങളെ നിയമാനുസൃതമാക്കാനുള്ള നീക്കത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇസ്‌ലാമിക് ഓർഗനൈസേഷൻ ഫോർ മെഡിക്കൽ സയൻസിന്റെ (ഐ.ഒ.എം.എസ്) 13ാമത് അന്താരാഷ്‌ട്ര കോൺഫറൻസിന്റെ ഉദ്ഘാടന ചടങ്ങിൽ കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ പ്രതിനിധിയായി സംസാരിക്കുകയായിരുന്നു ഡോ. അഹ്മദ് അൽ അവാദി.
ജനങ്ങൾ നിരവധി വൈറസുകളും പകർച്ചവ്യാധികളും അനുഭവിക്കുന്ന കാലഘട്ടത്തിലാണ് സമ്മേളനം നടക്കുന്നതെന്നും ഡോ. അഹ്മദ് അൽ അവാദി ഉണർത്തി. വൈദ്യശാസ്ത്രത്തിലും ചികിത്സയിലും ഇസ്‌ലാമിക വീക്ഷണം വ്യക്തമാക്കുന്നതിന്റെ ആവശ്യകത നിറവേറ്റുന്നതിനാണ് ഐ.ഒ.എം.എസ് രൂപവത്കരിച്ചതെന്ന് തലവൻ ഡോ. മുഹമ്മദ് അൽ ജാറല്ല വ്യക്തമാക്കി.
ഇസ്‌ലാമിക വൈദ്യ ചികിത്സ പൈതൃകത്തിന്റെ കാത്തുസൂക്ഷിപ്പ്, ആധുനിക വൈദ്യശാസ്ത്രത്തിൽ അത് എങ്ങനെ പ്രയോഗിക്കാമെന്ന തീരുമാനം എന്നിവയും ഐ.ഒ.എം.എസ് കൈക്കൊള്ളുന്നതായും അദ്ദേഹം പറഞ്ഞു.
പരിഷ്കൃത ലോകം ശാസ്ത്രീയമായി കൂടുതൽ പുരോഗമിക്കുന്നതിനൊപ്പം കൂടുതൽ മോശവും അധഃപതനവുമായി മാറുന്നതായി അൽ അസ്ഹർ യൂനിവേഴ്‌സിറ്റി പ്രസിഡന്റും കോൺഫറൻസിന്റെ ഉപദേശക സമിതി ചെയർമാനുമായ ഡോ. സലാമ ദാവൂദ് ചൂണ്ടിക്കാട്ടി. ശാസ്ത്ര ഗവേഷണ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള പിന്തുണക്ക് കുവൈത്ത് എന്നും മുൻഗണന നൽകുന്നതായി കുവൈത്ത് ഫൗണ്ടേഷൻ ഫോർ ദി അഡ്വാൻസ്‌മെന്റ് ഓഫ് സയൻസസ് (കെ.എഫ്.എ.എസ്) ഡയറക്ടർ ജനറൽ ഡോ. ഖാലിദ് അൽ ഫാദിൽ വ്യക്തമാക്കി.
പ്രധാനമായ വിവിധ പ്രശ്നങ്ങളെ കോൺഫറൻസ് ചർച്ചചെയ്തതായി ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യു.എച്ച്.ഒ) കുവൈത്തിലെ പ്രതിനിധി ഡോ. അസദ് അഫീസ് അറിയിച്ചു. രോഗങ്ങൾ പടരുന്നത് തടയുന്നതിൽ ശ്രദ്ധ നൽകലാണ് കോൺഫറൻസിന്റെ പ്രധാന ലക്ഷ്യം. കുവൈത്തിൽ മികച്ച ആരോഗ്യപരിപാലന സംവിധാനമുണ്ടെന്നും എന്നാൽ വൈറസുകളുടെയും രോഗങ്ങളുടെയും വ്യാപനം തടയുന്നതിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്നും ഡോ. അസദ് അഫീസ് ഉണർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

