കുവൈത്ത്: വിമാനത്താവളത്തിലെ അനധികൃത ടാക്സികൾക്കെതിരെ നടപടി
text_fieldsആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ടാക്സി ഡ്രൈവർമാരുമായി കൂടിക്കാഴ്ചയിൽ
കുവൈത്ത് സിറ്റി: വിമാനത്താവളത്തിലെ അനധികൃത ടാക്സി സർവിസുകൾക്കെതിരെ നടപടി കർശനമാക്കുന്നു. നിയമലംഘനം നടത്തി സർവിസ് നടത്തുന്ന പ്രവാസികളെ നാട് കടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ബിദൂനിയാണെങ്കില് വാഹനം രണ്ട് മാസത്തേക്ക് കണ്ടുകെട്ടുകയും 48 മണിക്കൂര്‍ കസ്റ്റഡിയിൽ വെക്കുകയും ചെയ്യും.
വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർ അംഗീകൃത ടാക്സി സർവിസുകളെ മാത്രമെ ആശ്രയിക്കാൻ പാടുള്ളൂ. അംഗീകൃത എയർപോർട്ട് ടാക്സികളിലെ ഡ്രൈവർമാർ പ്രത്യേക പരിശീലനം ലഭിച്ചവരാണെന്നും ഇതിലൂടെ യാത്രക്കാര്‍ക്ക് ഏറ്റവും മികച്ച സേവനം ലഭിക്കുമെന്നും അധികൃതര്‍ പറഞ്ഞു. യാത്രക്കാരെ ഇറക്കാനും കയറ്റാനും എത്തുന്ന സ്വകാര്യ വാഹനങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്.
വിമാനത്താവളത്തില്‍ ഔദ്യോഗിക ടാക്സി സര്‍വിസ് നടത്തുന്ന സ്വദേശികള്‍ മറ്റു ടാക്സികള്‍ക്കെതിരെ പരാതി നല്‍കിയിരുന്നു. അനധികൃതമായി സർവിസ് നടത്തുന്ന വാഹനങ്ങൾ കണ്ടെത്താൻ വിമാനത്താവളം കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കിയതായും അധികൃതർ അറിയിച്ചു.
ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി കൂടിക്കാഴ്ച നടത്തി
കുവൈത്ത് സിറ്റി: വിമാനത്താവളത്തിലെ ടാക്സി ഡ്രൈവർമാരുടെ പരാതികളും പ്രശ്നങ്ങളും കേൾക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ലെഫ്.ജനറൽ അൻവർ അബ്ദുൽ ലത്തീഫ് അൽ ബർജാസ് ടാക്സി ഡ്രൈവർമാരുമായി കൂടിക്കാഴ്ച നടത്തി. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹിന്റെ നിർദേശങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു കൂടിക്കാഴ്ച. പബ്ലിക് സെക്യൂരിറ്റി, ട്രാഫിക്, ഓപറേഷൻസ് അഫയേഴ്സ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ അബ്ദുല്ല അൽ റജൈബ്, ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ ഡയറക്ടർ ജനറൽ മേജർ ജനറൽ തൗഹീദ് അൽ കന്ദരി, തുറമുഖ സുരക്ഷാ മേഖലയിലെ ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.
വിമാനത്താവളത്തിലെ ടാക്സി ഡ്രൈവർമാരുടെ പ്രശ്നങ്ങൾ കേൾക്കുകയും പരിഹാരങ്ങൾക്കുള്ള നിർദേശങ്ങൾ വിലയിരുത്തുകയും ചെയ്തു. പരാതികൾ പരിഹരിക്കാനുള്ള ശ്രമങ്ങൾക്കും സഹകരണത്തിനും ടാക്സി ഡ്രൈവർമാർ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

