നിയമവിരുദ്ധമായി പടക്കങ്ങൾ സൂക്ഷിച്ച സ്ഥാപനങ്ങൾക്കെതിരെ നടപടി
text_fieldsഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സഊദ്
അസ്സബാഹിന്റെ നേതൃത്വത്തിൽ നടന്ന പരിശോധന
പിടിച്ചെടുത്ത പടക്കങ്ങൾ
കുവൈത്ത് സിറ്റി: നിയമവിരുദ്ധമായി പടക്കങ്ങൾ സൂക്ഷിച്ച സ്ഥാപനങ്ങൾക്കെതിരെ നടപടി. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സഊദ് അസ്സബാഹിന്റെ നേതൃത്വത്തിൽ നടത്തിയ നീക്കത്തിൽ ആവശ്യമായ അനുമതികളില്ലാതെ അനധികൃതമായി പടക്കങ്ങൾ സൂക്ഷിച്ചിരുന്ന നിരവധി സ്ഥലങ്ങൾ പിടിച്ചെടുത്തു.
പൊതുജനസുരക്ഷ നിലനിർത്തുന്നതിന്റെ ഭാഗമായി സുരക്ഷാ അധികാരികൾ നടത്തിയ തീവ്ര അന്വേഷണത്തിനും ഫീൽഡ് നിരീക്ഷണത്തിനും ശേഷമാണ് നടപടിയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സുരക്ഷിതമല്ലാത്ത രീതിയിൽ സൂക്ഷിച്ചിരുന്ന വലിയ അളവിൽ പടക്കങ്ങൾ ഇവിടെനിന്ന് കണ്ടുകെട്ടി. നിരവധി വ്യക്തികളെ പിടികൂടുകയും പിടിച്ചെടുത്ത പടക്കങ്ങൾ കണ്ടുകെട്ടിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പടക്കങ്ങളുടെ ഗതാഗതത്തിനും സംഭരണത്തിനും ഉപയോഗിച്ച വാഹനങ്ങളും പിടിച്ചെടുത്ത് സീൽ ചെയ്തു.
പടക്കങ്ങളുടെ കള്ളക്കടത്ത്, ഇറക്കുമതി, സംഭരണം എന്നിവയിൽ ഏർപ്പെട്ടിരുന്ന മൂന്നുപേർക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പിടിയിലായവരിൽ ഒരാൾ കസ്റ്റംസ് ജീവനക്കാരനാണ്. നിയമവിരുദ്ധമായി പടക്കങ്ങൾ കൈവശം വെക്കുകയോ വ്യാപാരം ചെയ്യുകയോ ചെയ്യരുതെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇത്തരം ലംഘനങ്ങൾക്ക് വിട്ടുവീഴ്ചയില്ലാത്ത കർശന നിയമനടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി. നിയമങ്ങളും ചട്ടങ്ങളും പാലിക്കാനും സുരക്ഷാ അധികാരികളുമായി സഹകരിക്കാനും സംശയാസ്പദമായ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യാനും മന്ത്രാലയം ഉണർത്തി.
ലൈസൻസില്ലാതെ പടക്കങ്ങൾ സൂക്ഷിച്ചിരിക്കുകയും പരിപാടി ഒരുക്കുകയും ചെയ്ത സ്ഥാപനങ്ങൾക്ക് കഴിഞ്ഞദിവസം വെടിക്കെട്ട് നടത്തുന്നതിനുള്ള അനുമതി നിഷേധിച്ചിരുന്നു.
പൊതുജനങ്ങളുടെ സുരക്ഷ പരമപ്രധാനമാണെന്നും നിയമലംഘകർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സഊദ് അസ്സബാഹ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

