പഴയ കെട്ടിടങ്ങളിലെ ലിഫ്റ്റുകളിൽ അപകടം പതിയിരിക്കുന്നു
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ പഴയ കെട്ടിടങ്ങളിലെ ലിഫ്റ്റുകളിൽ അപകടം പതിയിരിക്കുന്നു. പല ലിഫ്റ്റുകളും കാലപ്പഴക്കവും സാങ്കേതിക തകരാറുകളും കാരണം ഇടക്കിടെ പണിമുടക്കാറുണ്ട്. ഇടക്കുവെച്ച് സ്റ്റെക്ക് ആകുന്നതും അറ്റകുറ്റപ്പണിക്ക് ആളെയെത്തിച്ച് പുറത്തിറക്കുന്നതുമായ സംഭവങ്ങൾ ആവർത്തിക്കാറുണ്ട്. അപകടമില്ലാതെ പുറത്തിറക്കാൻ കഴിയുന്നതിനാൽ ഇവ വാർത്തയാകാറില്ല. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ പരിഭ്രാന്തരാകുന്ന അവസ്ഥയുണ്ടാകുന്നു.
സാങ്കേതിക വിദ്യതന്നെ കാലഹരണപ്പെട്ടതാണ്. തുറക്കാതെ ആൾ അകത്ത് കുടുങ്ങി കമ്പികൊണ്ട് തിക്കിയകത്തി രക്ഷിക്കേണ്ടുന്ന വിധം മോശം ലിഫ്റ്റുകൾ രാജ്യത്ത് വിരളമല്ല. തകരാർ കാരണം ഉയർന്ന നിലകളിലേക്ക് നടന്നുപോകേണ്ടുന്ന സ്ഥിതിയും അപൂർവമല്ല. ഹോം ഡെലിവറി ജീവനക്കാരാണ് ഇതിന്റെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരുവിഭാഗം.
ഭാരവസ്തുക്കളുമായി പത്തിലേറെ നില കോണി കയറേണ്ടി വരുന്നു ഇവർക്ക്. അഗ്നിസുരക്ഷയുമായി ബന്ധപ്പെട്ട് ഫീൽഡ് പരിശോധനകൾ നടക്കാറുണ്ടെങ്കിലും എലിവേറ്ററുകളിലെ സുരക്ഷ സംബന്ധിച്ച പരിശോധനകൾ നടക്കാറില്ല. പഴയ ലിഫ്റ്റുകൾ ഭൂരിഭാഗവും വൃത്തിഹീനമാണ്. ഇക്കാരണം കൊണ്ട് തന്നെ ലിഫ്റ്റ് ഉപയോഗിക്കാതെ കോണി കയറുന്നവരുമുണ്ട്.
മംഗഫിൽ കഴിഞ്ഞദിവസം മലയാളി യുവാവിന് ദാരുണാന്ത്യം സംഭവിച്ചത് ലിഫ്റ്റിലെ പ്രശ്നം കാരണമാണ്. മംഗഫ് ബ്ലോക്ക് നാലിൽ ബഖാല ജീവനക്കാരനായ മുഹമ്മദ് ഫാസിൽ (ഷാഫി) സാധനങ്ങൾ ഡെലിവറി ചെയ്യാനെത്തിയ കെട്ടിടത്തിലെ ലിഫ്റ്റിലാണ് കുടുങ്ങിയത്.
മൂന്നു നിലക്കെട്ടിടത്തിൽ പഴയ മോഡൽ ലിഫ്റ്റാണ്. പുറത്തുനിന്നുള്ള ഒറ്റ ഡോർ മാത്രമാണ് ലിഫ്റ്റിനുണ്ടായിരുന്നത്. ട്രോളി ലിഫ്റ്റിൽ കുടുങ്ങിയ വേളയിൽ ഷാഫി തല പുറത്തേക്കിട്ടു. ആ സമയം ലിഫ്റ്റ് മുകളിലേക്ക് പൊങ്ങി അപകടമുണ്ടാകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

