അധ്യയന വർഷാരംഭം; വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സമഗ്ര പദ്ധതി
text_fieldsകുവൈത്ത് സിറ്റി: പുതിയ അധ്യായന വർഷം ആരംഭിക്കുന്ന സാഹചര്യത്തിൽ വിദ്യാർഥികളുടെ സുരക്ഷയും ഗതാഗത സൗകര്യവും ഉറപ്പാക്കാൻ ആഭ്യന്തര മന്ത്രാലയം സമഗ്രമായ സുരക്ഷ പദ്ധതി പ്രഖ്യാപിച്ചു.
സ്കൂൾ സമയങ്ങളിൽ 300ലധികം ട്രാഫിക്, രക്ഷാപ്രവർത്തന, പൊതുസുരക്ഷാ പട്രോളിംഗ് സംഘങ്ങൾ വിന്യസിക്കുമെന്ന് അധികൃതർ അറിയിച്ചു. ഹെലികോപ്ടറുകളും ഓപറേഷൻസ് റൂമുമായി ബന്ധിപ്പിച്ചിരിക്കുന്ന നൂതന കാമറകളും ഗതാഗത നിയന്ത്രണത്തിനായി പ്രവർത്തിക്കും.
ട്രാഫിക് പട്രോളുകൾ രാവിലെ ആറു മുതൽ എട്ട് മുപ്പത് വരെയും ഉച്ചക്ക് പന്ത്രണ്ടു മുതൽ രണ്ടര വരെയും ജാഗ്രത പുലർത്തും. സബാഹ് അൽ സാലിം, ഹവല്ലി, ജബ്രിയ, ഫർവാനിയ, അൽ റഖ, സൽവ തുടങ്ങിയ തിരക്കേറിയ മേഖലകൾക്ക് പ്രത്യേക മുൻഗണന നൽകും.
150 സ്കൂളുകൾക്ക് നേരിട്ടുള്ള സുരക്ഷ പരിരക്ഷയും റോഡ് അറ്റകുറ്റപ്പണികളിൽ ഗതാഗത തടസ്സം ഒഴിവാക്കാൻ പൊതുമരാമത്ത് മന്ത്രാലയവുമായി സഹകരണവും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിദ്യാർഥികളുടെ സുരക്ഷക്ക് കാൽനട ക്രോസിങ്ങുകൾ കർശനമായി നിരീക്ഷിക്കും. കുട്ടികളെ സീറ്റ് ബെല്‍റ്റ് കെട്ടാതെ കൊണ്ടുപോകുന്ന മാതാപിതാക്കൾക്ക് പിഴയും ചുമത്തും. തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾ നിരോധിക്കും. ഈ കാര്യങ്ങളിൽ പൊതുജനങ്ങളുടെ സഹകരണം അഭ്യർഥിച്ച അധികൃതർ സാമൂഹ്യ പങ്കാളിത്തത്തിലൂടെ മാത്രമേ സുരക്ഷയും ക്രമവും ഉറപ്പാക്കാനാകൂവെന്നും ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

