കുവൈത്ത് റേഡിയോയിലെ മലയാളി ശബ്ദം അബൂബക്കർ പയ്യോളി വിരമിച്ചു
text_fieldsയാത്രയയപ്പ് ചടങ്ങിൽ അബൂബക്കർ പയ്യോളിക്ക് മെമന്റോ സമ്മാനിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്തിലെ ആദ്യകാല മലയാളിയും വാർത്തവിതരണ മന്ത്രാലയം ജീവനക്കാരനും കുവൈത്ത് റേഡിയോ ഉദ്യോഗസ്ഥനുമായിരുന്ന അബൂബക്കർ പയ്യോളി സർക്കാർ സർവിസിൽ നിന്നു വിരമിച്ചു. 47 വർഷത്തെ സേവനത്തിനുശേഷമാണ് വിരമിക്കൽ.
വാർത്തവിതരണ മന്ത്രാലയത്തിലെ വിദേശകാര്യ ഡിപ്പാർട്മെന്റിൽ നടന്ന യാത്രയയപ്പിൽ വിദേശകാര്യ വിഭാഗം ഡയറക്ടർ ശൈഖ ഷെജ്ജൂൻ അബ്ദുല്ല അസ്സബാഹ് അബൂബക്കറിന് മെമന്റോ കൈമാറി. ഉദ്യോഗസ്ഥ മേധാവികളും വിവിധ ഭാഷ സ്റ്റേഷൻ അംഗങ്ങളും അഭ്യുദയകാംക്ഷികളും പങ്കെടുത്തു.
അബൂബക്കർ പയ്യോളി റേഡിയോ സ്റ്റേഷനിൽ
കുവൈത്ത് വാർത്ത വിതരണ മന്ത്രാലയത്തിൽ ഉർദു, ഇംഗ്ലീഷ് റെക്കോഡിങ് ലൈബ്രറിയിൽ അസിസ്റ്റന്റ് ലൈബ്രേറിയനായാണ് അബൂബക്കർ ജോലി ആരംഭിക്കുന്നത്. വൈകാതെ ഉർദു, ഇംഗ്ലീഷ്, ഫിലിപ്പിനോ, ബംഗാളി, ഹിന്ദി, സൂപ്പർ സ്റ്റേഷൻ എഫ്.എം എന്നിവയുടെ കോഓഡിനേറ്റർ ആയി. ഫോറിൻ വിഭാഗം ഡയറക്ടർ ശൈഖ ഷെജ്ജൂൻ അബ്ദുല്ല അസ്സബാഹിന്റെ സെക്രട്ടറിയായും 30 വർഷം ജോലി ചെയ്തു. ഇന്ത്യയെ കുറിച്ചും ഇന്ത്യക്കാരെ കുറിച്ചും പല പരിപാടികളും ഹിന്ദിയിലും ഉർദുവിലും മലയാളത്തിലും അടക്കം നടത്താൻ അബൂബക്കറിന്റെ ഇടപെടൽ മൂലം കഴിഞ്ഞിട്ടുണ്ട്.
ഫാറൂഖ് കോളജ്, അലീഗഢ് യൂനിവേഴ്സിറ്റി, കോഴിക്കോട് ലോ കോളജ് എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ അബൂബക്കർ 1978ലാണ് കുവൈത്തിൽ എത്തുന്നത്. കുവൈത്തിൽ ആദ്യകാലങ്ങളിൽ പൊതുരംഗത്ത് സജീവമായിരുന്നു. കുവൈത്തിലെ മുസ്ലിം ലീഗ് അനുഭാവി സംഘടനയായിരുന്ന കേരള മുസ്ലിം വെൽഫെയർ ലീഗ് ജനറൽ സെക്രട്ടറി, കെ.എം.സി.സി കേന്ദ്ര ട്രഷറർ, വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കുവൈത്ത് യുദ്ധകാലത്ത് രൂപവത്കരിച്ച കുവൈത്ത് റിട്ടേണീസ് ഫോറം കോഴിക്കോട് ജില്ല സെക്രട്ടറി,യു.എം.ഒ,ക്രസന്റ്,കൽപക്, പയ്യോളി അസോസിയേഷൻ തുടങ്ങിയ സംഘടനകളിലും സജീവമായിരുന്നു. ഔദ്യോഗിക ജീവിതം അവസാനിച്ചതോടെ ഈ മാസം നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലാണ് അബൂബക്കർ.
കോഴിക്കോട് പയ്യോളി കിഴൂരിലെ പരേതരായ കടലമ്പത്തൂർ അഹമ്മദ് കുട്ടി ഹാജിയുടെയും കുഞ്ഞയിശ ഹജ്ജുമ്മയുടെയും മകനാണ്. ഭാര്യ: നഫീസ. മക്കൾ: അന്താസ് അഹമ്മദ്, അഫ്രാ ബക്കർ, അനീസ് ബക്കർ, അസ്റ ബക്കർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

