ഒളിച്ചോട്ടക്കാരെ നാടുകടേത്തണ്ടത് അഭയം നൽകുന്നവരുടെ ചെലവിലെന്ന് എം.പി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ ഒളിച്ചോടുന്ന തൊഴിലാളികളെ നാടുകടത്തുന്നതിനുള്ള ചെലവ് അഭയം നൽകുന്നവരിൽനിന്ന് ഈടാക്കണമെന്ന് നിർദേശം.
പാർലമെൻറ് അംഗമായ അഷ്‌കർ അൽ അനാസി ആണ് വിദേശികളുടെ താമസാനുമതി സംബന്ധിച്ച അമീരി ഓർഡിനൻസിൽ ഇതിനാവശ്യമായ ഭേദഗതി വരുത്തണമെന്ന് നിർദേശിച്ചത്. സ്‌പോൺസറുടെ അടുക്കൽനിന്ന് ഒളിച്ചോടുന്ന ഗാർഹിക ജോലിക്കാരെ നാടുകടത്തുന്നതിനാവശ്യമായ ചെലവ് അത്തരം തൊഴിലാളികൾക്ക് അഭയം നൽകുന്നവരിൽനിന്ന് ഈടാക്കണമെന്നാണ് എം.പിയുടെ നിർദേശം.
1959ൽ പുറപ്പെടുവിച്ച വിദേശികളുടെ താമസാനുമതി സംബന്ധിച്ച ഓർഡിനൻസിൽ ഇക്കാര്യം എഴുതിച്ചേർക്കണമെന്നും എം.പി നിർദേശിച്ചു. ഒളിച്ചോടുന്ന ജോലിക്കാരുടെ ഉത്തരവാദിത്തത്തിൽനിന്ന് സ്പോൺസർമാരെ ഒഴിവാക്കുന്ന രീതിയിലാകണം ഓർഡിനൻസ് പരിഷ്കരിക്കേണ്ടതെന്നും നിർദേശത്തിൽ പറയുന്നു. നിലവിൽ ഒളിച്ചോടുന്ന ഗാർഹിക ജോലിക്കാരുടെ നാടുകടത്തൽ ചെലവ് സ്പോൺസർമാരാണ് വഹിക്കേണ്ടത്. റിക്രൂട്ട്മെൻറ്, ഇഖാമ ചെലവുകൾക്ക് പുറമെ നാടുകടത്തൽ ചെലവുകൂടി സ്പോൺസർമാരുടെ ചുമലിലാകുന്ന സാഹചര്യമാണ് നിലവിലുള്ളത്.
അമീരി ഓർഡിനൻസിൽ ചെറിയ ഭേദഗതി വരുത്തി ഈ കീഴ്വഴക്കം അവസാനിപ്പിക്കാൻ സാധിക്കും. ഗാർഹിക ജോലിക്കാർ വീടുകളിൽനിന്ന് ഒളിച്ചോടുന്ന പ്രവണത വർധിച്ചുവരുകയാണ്. സ്വദേശികളായ സ്പോൺസർമാർക്ക് ഇത് പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ട്. സ്പോൺസർമാരുടെ അവകാശങ്ങൾ സംരക്ഷിപ്പെടണമെന്നത് കൊണ്ടാണ് ഇത്തരമൊരു നിർദേശം മുന്നോട്ടുവെക്കുന്നതെന്നും അഷ്‌കർ അൽ അനീസി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.