ഇടതുപക്ഷ സർക്കാർ മതനിരാസത്തിന്റെ വഴിതുറക്കാൻ ശ്രമിക്കുന്നു -രണ്ടത്താണി
text_fieldsകുവൈത്ത് സിറ്റി: മതമൂല്യങ്ങളെ എതിർത്ത് മതനിരാസത്തിന്റെ വഴിതുറക്കാനും കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം അടിച്ചേൽപിക്കാനുമുള്ള വ്യഗ്രതയിലാണ് ഇടതുപക്ഷ സർക്കാറെന്ന് മുൻ എം.എൽ.എയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയുമായ അബ്ദുറഹിമാൻ രണ്ടത്താണി. കുവൈത്ത് കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച ലഹരിവിരുദ്ധ കാമ്പയിനുള്ള ഐക്യദാർഢ്യ - മുസ്ലിംലീഗ് ആദർശ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സമൂഹത്തിൽ മദ്യാസക്തി വർധിപ്പിച്ചും ജെൻഡർ സാമൂഹിക നിർമിതിയാണെന്ന വാദമുയർത്തിയും കലോത്സവ വേദികളിൽപോലും മത ചിഹ്നങ്ങളും വേഷവിധാനങ്ങളും തീവ്രവാദികളുടെ അടയാളമായി ചിത്രീകരിച്ചുമൊക്കെ സർക്കാർ എടുക്കുന്ന നിലപാടുകൾ സമൂഹം ഭീതിയോടുകൂടിയാണു കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ശറഫുദ്ധീൻ കണ്ണേത്ത് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് അബ്ദുൽ ഹമീദ് മൂടാൽ അധ്യക്ഷത വഹിച്ചു. ഡോ.സലീം കുണ്ടുങ്ങൽ ക്ലാസെടുത്തു. സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ. അബ്ദുൽ റസാഖ് പേരാമ്പ്ര, ഫാസ് മുഹമ്മദലി എന്നിവർ ആശംസകളർപ്പിച്ചു. ജില്ല ഭാരവാഹികളായ ഇല്യാസ് വെന്നിയൂർ, മുഹമ്മദ് അബ്ദുൽ സത്താർ, ശറഫുദ്ധീൻ കുഴിപ്പുറം എന്നിവർ നേതൃത്വം നൽകി.
അബ്ദുറഹിമാൻ രണ്ടത്താണിക്കുള്ള സംസ്ഥാന കമ്മിറ്റിയുടെ ഉപഹാരം ഉപദേശക സമിതി വൈസ് ചെയർമാൻ കെ.ടി.പി. അബ്ദുറഹിമാനും ജില്ല കമ്മിറ്റിയുടെ ഉപഹാരം അബ്ദുൽ ഹമീദ് മൂടാലും കൈമാറി. ഡോ.സലിം കുണ്ടുങ്ങലിന് ശറഫുദ്ധീൻ കണ്ണേത്ത് മെമന്റോ നൽകി. മികച്ച സേവനപ്രവർത്തനം നടത്തുന്ന ഐ.ടി. വിങ്, ഹെൽപ് ഡെസ്ക് വിങ് ജനറൽ കൺവീനർമാരായ ഇല്യാസ് വെന്നിയൂരിനും, അജ്മൽ വേങ്ങരക്കുമുള്ള മെമന്റോ രണ്ടത്താണി നൽകി.
കോവിഡ് കാലത്തെ മികച്ച സേവനത്തിന് ജാഫർ പറമ്പാട്ടിനെയും മുജീബ് ചേകന്നൂരിനെയും ആദരിച്ചു. സംസ്ഥാന ഭാരവാഹികളായ എൻജിനീയർ മുഷ്താഖ്, എം.ആർ നാസർ, മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂർ, സിറാജ് എരഞ്ഞിക്കൽ, എൻ.കെ.ഖാലിദ് ഹാജി, ടി.ടി.ഷംസു, ശരീഫ് ഒതുക്കുങ്ങൽ, ശഹീദ് പാട്ടില്ലത്, റസാഖ് അയ്യൂർ, ഇസ്ലാമിക കൗൺസിൽ ചെയർമാൻ ശംസുദ്ധീൻ ഫൈസി എന്നിവർ പങ്കെടുത്തു. ജില്ല ജനറൽ സെക്രട്ടറി റസീൻ പടിക്കൽ സ്വാഗതവും ട്രഷറർ അയൂബ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

