കുവൈത്ത്: ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളും ബോട്ടുകളും നീക്കും
text_fieldsകുവൈത്ത് സിറ്റി: ശുചിത്വ നിലവാരം ഉറപ്പാക്കുന്നതിന്റെ ഭാഗമായി മുനിസിപ്പാലിറ്റികൾ ഫീൽഡ് കാമ്പയിൻ തുടരുന്നു. കുവൈത്ത് മുനിസിപ്പാലിറ്റിയുടെ ഫീൽഡ് കാമ്പയിനിന്റെ ഭാഗമായി ജഹ്റ ഗവർണറേറ്റിൽ രണ്ടാമത്തെ പരിശോധന ആരംഭിച്ചു.
കബ്ദ് മേഖലയിൽ അവശിഷ്ടങ്ങളും മാലിന്യങ്ങളും നീക്കം ചെയ്തു. ഉപേക്ഷിക്കപ്പെട്ട കാറുകളും റോഡിന് തടസ്സം സൃഷ്ടിക്കുന്നതും കാഴ്ചയെ വികലമാക്കുന്നതുമായ വസ്തുക്കൾ നീക്കം ചെയ്തു. ഉപേക്ഷിക്കപ്പെട്ട എട്ടു കാറുകളാണ് ഇവിടെ നിന്ന് നീക്കം ചെയ്തത്. ഉപേക്ഷിക്കപ്പെട്ട 120 കാറുകളിൽ മുന്നറിയിപ്പ് സ്റ്റിക്കറുകളും പതിച്ചു. മൂന്ന് പലചരക്ക് കടകളിൽ ലംഘനം കണ്ടെത്തി. പലചരക്ക് കട ഉടമകളും തൊഴിലാളികളും നിശ്ചയിച്ച സ്ഥലങ്ങളിൽ അല്ലാതെ മാലിന്യം ഉപേക്ഷിക്കുന്നതായി കണ്ടെത്തി.
എല്ലാ മേഖലകളിലും പരിശോധന കാമ്പയിൻ തുടരുമെന്ന് ജഹ്റ ഗവർണറേറ്റ് മുനിസിപ്പാലിറ്റി പൊതു ശുചിത്വ സൂപ്പർവൈസർ ദഹം അൽ അനാസി പറഞ്ഞു. നിയമ ലംഘനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ മുനിസിപ്പാലിറ്റി ഹോട്ട്ലൈൻ നമ്പറിൽ (139) അറിയിക്കാം.
കഴിഞ്ഞ ദിവസം മുബാറക് അൽ കബീർ മുനിസിപ്പാലിറ്റി ബ്രാഞ്ചിലെ പൊതുശുചിത്വ, റോഡ് പ്രവൃത്തി വിഭാഗം ഉദ്യോഗസ്ഥർ അവഗണിക്കപ്പെട്ട ഒമ്പത് കാറുകളും ബോട്ടുകളും നീക്കം ചെയ്തിരുന്നു. കാറുകൾ, ബോട്ടുകൾ, പലചരക്ക് സാധനങ്ങൾ, വാണിജ്യ കണ്ടെയ്നറുകൾ തുടങ്ങി 29 ഇടത്ത് നീക്കം ചെയ്യുന്നതിനുള്ള സ്റ്റിക്കറുകളും പതിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

