തീക്കാറ്റിൽ വാടിത്തളർന്ന് ആടുജീവിതങ്ങൾ സഹിക്കാൻ കഴിയുന്നതല്ല
text_fieldsകുവൈത്ത് സിറ്റി: ഉപജീവനത്തിനായുള്ള മേച്ചിൽ പുറങ്ങൾ തേടിയാണ് പലരും പ്രവാസികളാകുന്നത്. മരുഭൂമിയിലേക്കുള്ള പറിച്ചുനടൽ ചിലർക്ക് തഴച്ചുവളരാനുള്ള അവസരമാണ്. മറ്റു ചിലർക്ക് വാടിത്തളരാനുള്ള നിമിത്തവും. അങ്ങനെ വാടിത്തളർന്ന ഒരു വിഭാഗമാണ് ആടുമേക്കുന്നവർ. കണ്ണെത്താ ദൂരത്തോളം പറന്നുകിടക്കുന്ന മണൽപ്പരപ്പിൽ അങ്ങിങ്ങായി കൊച്ചു കൊച്ചു കൂടാരങ്ങൾ. കുറെ ആട്ടിൻ പറ്റങ്ങളെയും കാവൽ നായ്ക്കെളയും ഓരോ തമ്പിനോടും ചേർന്നുകാണാം. ഒപ്പം കരുവാളിച്ച മുഖവും ദൈന്യത മുറ്റിയ മിഴികളുമായി കുറെ മനുഷ്യക്കോലങ്ങളും.
ചുട്ടുപോള്ളുന്ന വേനലിലും മരം കോച്ചുന്ന തണുപ്പിലും ഇവിടെ കാഴ്ചകൾ മാറുന്നില്ല. ടീ ബോയ്, ഹെൽപർ, പുല്ലുനനക്കൽ, അറബി വീട്ടിലെ ഡ്രൈവർ തുടങ്ങി പലവിധ ജോലിക്കെന്ന് പറഞ്ഞാണ് ഏജൻറുമാർ പലരെയും ചതിച്ച് ഇവിടെ എത്തിക്കുന്നത്. വിമാനത്താവളത്തിൽനിന്ന് സ്പോൺസർ നേരെ മരുഭൂമിയിലേക്കു കൊണ്ടുവരുേമ്പാൾ മാത്രമാണ് പലരും എത്തിയത് ഭീകരാവസ്ഥയിലേക്കാണെന്ന് അറിയുന്നത്. കുറഞ്ഞ ശമ്പളം മാത്രമാണ് ആടുമേക്കുന്നവർക്ക് ലഭിക്കുന്നത്.
സാധാരണ പ്രവാസികൾ താമസത്തിനും ഭക്ഷണത്തിനും ചെലവാക്കുന്ന പണം മാത്രമാണ് പലർക്കും ലഭിക്കുന്നത്.
കടം വാങ്ങിയ പണംകൊണ്ട് വിസ സംഘടിപ്പിച്ചാണ് എത്തിയത് എന്നതുകൊണ്ട് ഭൂരിഭാഗം പേർക്കും പിടിച്ചുനിൽക്കുകയല്ലാതെ വഴിയില്ല. ചിലർ സഹിക്കാൻ കഴിയാതെ ചാടി രക്ഷപ്പെടാറുണ്ട്. വേനൽക്കാലത്തെ ഉച്ച വിശ്രമ നിയമത്തിെൻറ ആനുകൂല്യം പോലും ഇടയന്മാർക്ക് അറിഞ്ഞോ അറിയാതെയോ നിഷേധിക്കപ്പെടുന്നു. നിർജ്ജലീകരണം കാരണമോ കുഴിബോംബ് പൊട്ടിത്തെറിച്ചോ മരിച്ചുവീഴുന്ന ആടുജീവിതങ്ങളുടെ കഥകൾ അധികമൊന്നും പുറത്തുവരാറില്ല. പറിച്ചുനട്ടിട്ടും പച്ചപിടിക്കാത്ത പ്രവാസമാണ് ഇവരുടേത്. മരുഭൂമിയിലെ ചുടുകാറ്റിൽ വാടി നിറം കെട്ടുകൊണ്ടിരിക്കുകയാണ് ഇവരുടെ പ്രതീക്ഷകൾ. ഇന്ത്യക്കാരനും ബംഗ്ലാദേശിക്കും സുഡാനിക്കും ഒട്ടകത്തിനും ആടിനും എല്ലാം ഇവിടെ ഒരേ ഭാവമാണ്, വിധേയത്ത്വത്തിെൻറ ദൈന്യഭാവം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
