‘ഇസ്രായേൽ ഭീകരതക്കെതിരെ ശക്തമായ പ്രതികരണം ഉയരണം’
text_fieldsമുജാഹിദ് സമ്മേളന കുവൈത്ത് പ്രചാരണോദ്ഘാടനം ശൈഖ് അഹ്മദ് മുഹമ്മദ് സഈദ് അൽ ഫാരിസി നിർവഹിക്കുന്നു
കുവൈത്ത് സിറ്റി: ഫലസ്തീൻ ജനതയെ നിഷ്കരുണം കൊന്നൊടുക്കുന്ന ഇസ്രായേൽ ഭീകരതക്കെതിരെ മൗനം വെടിഞ്ഞ് ശക്തമായ പ്രതികരണമുയരണമെന്ന് ഇന്ത്യൻ ഇസ്ലാഹി സെന്ററിന് കീഴിൽ സാൽമിയയിൽ സംഘടിപ്പിച്ച മുജാഹിദ് സമ്മേളന കുവൈത്ത് തല പ്രചാരണോദ്ഘാടനം അഭിപ്രായപ്പെട്ടു. ആഗോള യുദ്ധനിയമങ്ങൾ ലംഘിച്ച് ഫലസ്തീനിൽ കുടിയേറി കുഞ്ഞുങ്ങളെയും സ്ത്രീകളെയുമടക്കം കൊന്നൊടുക്കുന്ന ഇസ്രായേൽ ഭീകരതക്കെതിരെ അറബ് രാഷ്ട്രങ്ങൾ ഐക്യപ്പെടണം. സ്വതന്ത്ര ഫലസ്തീൻ യാഥാർഥ്യമാക്കാൻ യു.എൻ ബാധ്യത നിർവഹിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ജനുവരിയിൽ കരിപ്പൂരിൽ നടക്കുന്ന പത്താം മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ‘വിശ്വമാനവികതക്ക് വേദവെളിച്ചം’ എന്ന പ്രമേയത്തിൽ കേരള നദ്വത്തുൽ മുജാഹിദീൻ (കെ.എൻ.എം മർക്കസ്സുദ്ദഅ്വ) സംസ്ഥാന സെക്രട്ടറി ഡോ. ജാബിർ അമാനി മുഖ്യ പ്രഭാഷണം നടത്തി. വര്‍ഗീയതയും പ്രതിവര്‍ഗീയതയും മാനവികതയുടെ ശത്രുക്കളാണെന്ന് ജാബിർ അമാനി പറഞ്ഞു. ഫെമിനിസവും ലിബറലിസവും ജെന്‍ഡര്‍ പൊളിറ്റിക്സും മാനവികതയെ അട്ടിമറിക്കുന്നു.
പ്രചാരണോദ്ഘാടന സദസ്സ്
ജ്ഞാനത്തിന്റെ പ്രകാശം പരത്തേണ്ട ഇടങ്ങൾ ആത്മീയ വാണിഭത്തിന്റെ കോര്‍പറേറ്റ് ലോകം തീര്‍ക്കുകയാണെന്നും ജാബിർ അമാനി പറഞ്ഞു. കുവൈത്ത് തല പ്രചാരണോദ്ഘാടനം സൽസബീൽ ജംഇയ്യതുൽ ഖൈരിയ്യ ജനറൽ സെക്രട്ടറി ശൈഖ് അഹ്മദ് മുഹമ്മദ് സഈദ് അൽ ഫാരിസി നിർവഹിച്ചു. ഐ.ഐ.സി പ്രസിഡന്റ് യൂനുസ് സലീം അധ്യക്ഷത വഹിച്ചു. വിവിധ സംഘടനകളെ പ്രതിനിധാനം ചെയ്ത് ഇബ്രാഹിം കുന്നിൽ (കെ.കെ.എം.എ), ഫിറോസ് (കെ.ഐ.ജി), അബ്ദുറഹിമാൻ (അൽ അൻസാരി), സഫാസ് അഹ്മദ് (ലുലു എക്സ്ചേഞ്ച്), ഹംസ പയ്യന്നൂർ (മെട്രോ മെഡിക്കൽസ്), ഷാനിബ് പേരാമ്പ്ര (ഐ.ഐ.സി) എന്നിവർ സംബന്ധിച്ചു. ഐ.ഐ.സി ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് സലഫി സ്വാഗതവും ട്രഷറർ അനസ് മുഹമ്മദ് നന്ദിയും പറഞ്ഞു. ഹാഷിൽ യൂനുസ് ഖിറാഅത്ത് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

