സുഗന്ധങ്ങളുടെ നിറക്കൂട്ടുമായി പെർഫ്യൂം എക്സിബിഷൻ
text_fieldsപെർഫ്യൂം എക്സിബിഷനിൽനിന്ന്
കുവൈത്ത് സിറ്റി: നറുമണം പരത്തി സുഗന്ധങ്ങളുടെ നിറക്കൂട്ടുമായി പെർഫ്യൂം എക്സിബിഷൻ. പ്രാദേശികവും ലോകോത്തരവുമായ കമ്പനികളുടെയും ഏജൻസികളുടെയും പങ്കാളിത്തത്തോടെ കുവൈത്തിൽ പെർഫ്യൂംസ് ആൻഡ് കോസ്മെറ്റിക് എക്സിബിഷന് തുടക്കമായി. കുവൈത്ത് ഇന്റർനാഷനൽ ഫെയർ കമ്പനി ആതിഥേയത്വം വഹിക്കുന്ന മേള നവംബർ നാലുവരെ തുടരും. രാജ്യത്തിനകത്തും പുറത്തുമുള്ള 300ലധികം കമ്പനികൾ ഉൽപന്നങ്ങളുമായി മേളയിൽ പങ്കെടുക്കുന്നുണ്ട്.
13,140 ചതുരശ്ര മീറ്ററിൽ കൂടുതൽ വിസ്തീർണമുള്ള ഹാളുകളിൽ വ്യത്യസ്ത സ്റ്റാളുകളിലായി മനോഹരമായ രീതിയിൽ പെർഫ്യൂമുകൾ പ്രദർശിപ്പിച്ചിട്ടുണ്ട്. ലോകത്തിലെ മികച്ച ബ്രാൻഡുകൾ കുറഞ്ഞ വിലയിൽ വാങ്ങാനും ആസ്വദിക്കാനും എക്സ്പോയില്‍ സൗകര്യമുണ്ട്. സുഗന്ധവസ്തുക്കൾക്കു പുറമെ സൗന്ദര്യവർധക വസ്തുക്കളും മേളയിൽ ലഭ്യമാണ്. എക്സിബിഷനിൽ നിന്നുള്ള ലാഭത്തിന്റെ ഒരു ഭാഗം ഗസ്സയിലെ ജനങ്ങൾക്ക് സഹായമായി നല്‍കുമെന്ന് സംഘാടകർ പറഞ്ഞു.

