ഓടിക്കൊണ്ടിരുന്ന ട്രക്കിന് തീപിടിച്ചു
text_fieldsട്രക്കിലെ തീ കെടുത്താനുള്ള ശ്രമം, തീപിടിത്തത്തിൽ നശിച്ച ട്രക്ക്
കുവൈത്ത് സിറ്റി: ഓടിക്കൊണ്ടിരുന്ന ട്രക്കിന് തീപിടിച്ചു. ചരക്ക് കയറ്റിവന്ന ട്രക്കിനാണ് തീപിടിച്ചത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ഷുവൈഖ് ഇൻഡസ്ട്രിയല്‍ ഏരിയക്ക് അടുത്തുള്ള ഗസാലി റോഡിലാണ് സംഭവം. റോഡിൽ വശം ചേർന്ന് പോകവെ ട്രക്കിൽ പൊടുന്നനെ തീ പടരുകയായിരുന്നു. സംഭവം ശ്രദ്ധയിൽപെട്ട ഉടൻ വാഹനത്തിലുണ്ടായിരുന്നവർ പുറത്തിറങ്ങി. റോഡിൽ പുകയും തീയും വ്യാപിച്ചതോടെ മറ്റു വാഹനങ്ങളും പരിഭ്രാന്തരായി.
സംഭവം അറിഞ്ഞ ഉടന്‍ ഫയര്‍ഫോഴ്സും പൊലീസ് സംഘവും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. അപകടത്തിൽ ട്രക്ക് പൂർണമായി നശിച്ചു. ഫയർഫോഴ്സ് ഉടൻ ഇടപെട്ടതിനാൽ മറ്റു വാഹനങ്ങൾക്കും കൂടുതൽ അനിഷ്ടസംഭവങ്ങൾ ഉണ്ടായില്ല. തീയണച്ചതിനു പിന്നാലെ റോഡിൽ ഗതാഗതം പുനഃസ്ഥാപിച്ചു. തീപിടിത്ത കാരണം വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
വേനൽ രൂക്ഷമായതോടെ രാജ്യത്ത് നിരവധി തീപിടിത്തമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ദിവസവും ചെറുതും വലുതുമായ തീപിടിത്തങ്ങൾ സംഭവിക്കുന്നുണ്ട്. ഉയർന്ന താപനിലയും ചൂടുകാറ്റും കാരണം തീപിടിച്ചാൽ അണക്കാൻ പ്രയാസമാണ്. ജനങ്ങളോട് ജാഗ്രതപുലർത്താനും സുരക്ഷാക്രമീകരണങ്ങൾ കരുതാനും ഫയർഫോഴ്സ് അധികൃതർ അറിയിച്ചു. തീപിടിത്തമുണ്ടായാൽ ഉടൻ ഫയർഫോഴ്സിനെ വിവരമറിയിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

