കുവൈത്തിൽ നിന്നൊരു മലയാളി ‘താരം’ ഏഷ്യൻ യൂത്ത് ഗെയിംസിൽ
text_fieldsനിഹാൽ കമാൽ
കുവൈത്ത് സിറ്റി: ബഹ്റൈനിൽ നടക്കുന്ന മൂന്നാമത് ഏഷ്യൻ യൂത്ത് ഗെയിംസിൽ ഇന്ത്യൻ അത്ലറ്റിക്സ് ടീമിൽ അഭിമാനമായി കുവൈത്തിലെ മലയാളി വിദ്യാർഥി നിഹാൽ കമാൽ. കുവൈത്ത് ഡൽഹി പബ്ലിക് സ്കൂളിൽ 12ാം ക്ലാസ് വിദ്യാർഥിയായ നിഹാൽ 100 മീറ്റർ ഓട്ടത്തിലും 1000 മീറ്റർ മെഡ്ലി റിലേയിലും നിഹാൽ ഇന്ത്യയെ പ്രതിനിധാനം ചെയ്യും. ഈ മാസം 22 മുതൽ 31വരെയാണ് ബഹ്റൈനിൽ ഏഷ്യൻ യൂത്ത് ഗെയിംസ്. 45 രാജ്യങ്ങളിൽനിന്നായി 4,300ൽ അധികം യുവ അത്ലറ്റുകൾ ഈ കായികമാമാങ്കത്തിൽ മാറ്റുരക്കും.
ഡൽഹിയിലെ ദേശീയ കോച്ചിങ് ക്യാമ്പിൽ പരിശീലനം പൂർത്തിയാക്കിയ നിഹാൽ അടുത്ത ദിവസം ഇന്ത്യൻ ടീമിനൊപ്പം ബഹ്റൈനിലെത്തും. ഈ മാസം ആദ്യം സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായി) ബംഗളൂരു കാമ്പസിലും നിഹാൽ പരിശീലനം നേടിയിരുന്നു. ഒഡിഷയിലെ ഭുവനേശ്വറിൽ നടന്ന 40ാമത് ദേശീയ ജൂനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിലും പങ്കെടുത്തു. ഈ വർഷം ബിഹാറിൽ നടന്ന 'ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിലും പങ്കെടുത്തിരുന്നു.
ഇന്ത്യയിലും കുവൈത്തിലും സ്കൂൾ, ദേശീയ തലങ്ങളിൽ നിഹാൽ കായിക പ്രതിഭ തെളിയിച്ചിട്ടുണ്ട്. കുവൈത്ത് സി.ബി.എസ്.ഇയിൽ 100 മീറ്ററിലും 200 മീറ്ററിലും റെക്കോഡ് നേടിയിട്ടുണ്ട്. ഈ വർഷം 100 മീറ്ററിലെ 21 വർഷം പഴക്കമുള്ള റെക്കോഡും തകർത്തു. കുവൈത്ത് അത്ലറ്റിക്സ് ഫെഡറേഷൻ വിവിധ മീറ്റുകളിലും കഴിവ് പ്രകടിപ്പിച്ചിട്ടുണ്ട്. നിലവിൽ കുവൈത്ത് അൽ സഹേൽ ക്ലബ്ബിന്റെ ഭാഗമാണ് നിഹാൽ.
കുവൈത്ത് യൂത്ത് ചാമ്പ്യൻഷിപ്പിൽ 100 മീറ്ററിൽ രണ്ട് സ്വർണ മെഡലുകളും ഒരു വെങ്കലവും, 300 മീറ്ററിൽ വെള്ളിയും, 4x100 മീറ്റർ റിലേയിൽ വെങ്കലവും നേടിയിട്ടുണ്ട്. കുവൈത്ത് ഫെഡറേഷൻ കപ്പിൽ U-19 4x100 മീറ്റർ റിലേയിൽ സ്വർണ മെഡലും 2025ലെ യൂത്ത് ചാമ്പ്യൻഷിപ്പിൽ 200 മീറ്ററിൽ വെള്ളി മെഡലും നേടി പ്രതിഭ തെളിയിച്ചിട്ടുണ്ട്. കാസർകോടാണ് നിഹാലിന്റെ കുടുംബവേരുകൾ. കുവൈത്തിൽ ജോലിചെയ്യുന്ന മുഹമ്മദ് കമാലിന്റെയും റഹീന കമാലിന്റെയും മകനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

