സിമന്റ്, ചായം നിർമാണ പ്ലാന്റിൽ വൻ തീപിടിത്തം
text_fieldsകുവൈത്ത് സിറ്റി: ഷുഐബ ഇൻഡസ്ട്രിയൽ ഏരിയയിലെ സിമന്റ്, ചായം നിർമാണ പ്ലാന്റിൽ വൻ തീപിടിത്തം. ബുധനാഴ്ച ഉച്ചക്കുശേഷമാണ് സംഭവം. അപകടം റിപ്പോർട്ട് ചെയ്തതിനു പിറകെ ആറ് അഗ്നിശമന കേന്ദ്രങ്ങളിൽനിന്നുള്ള സംഘം സ്ഥലത്തെത്തി പ്രതിരോധ നടപടികൾ ആരംഭിച്ചു. എന്നാൽ സിമന്റ്, ചായം എന്നിവയിൽ തീപിടിക്കുന്ന രാസവസ്തുക്കൾ അടങ്ങിയതിനാൽ തീ തൊട്ടടുത്ത ഭാഗങ്ങളിലേക്കും പടർന്നു. ഫയർസ്റ്റേഷനുകളുടെ ദ്രുതപ്രതികരണവും സംഭവസ്ഥലത്ത് സമയത്ത് എത്തിയതും വലിയ നഷ്ടങ്ങളില്ലാതെ തീ അണക്കാൻ സഹായകമായി. ജനറൽ ഫയർഫോഴ്സ് മേധാവി ലെഫ്റ്റനന്റ് ജനറൽ ഖാലിദ് റകാൻ അൽ മെക്രാദിന്റെ നടപടികൾക്ക് മേൽനോട്ടം വഹിച്ചു. കൺട്രോൾ സെക്ടർ വൈസ് പ്രസിഡന്റ് മേജർ ജനറൽ ജമാൽ ബദർ നാസർ, അഹമ്മദി ഗവർണറേറ്റിലെ അഗ്നിശമന സേനയുടെ ആക്ടിങ് ഡയറക്ടർ കേണൽ മുഹമ്മദ് സൗദ് അബ്ദുൽ അസീസ് എന്നിവർ സ്ഥലത്തെത്തി.
രാജ്യത്ത് കനത്ത ചൂട് തുടരുന്നതിനാൽ തീപിടിത്തസാധ്യത അവസാനിച്ചിട്ടില്ലെന്നും സുരക്ഷ കണക്കിലെടുത്ത് അഗ്നിപ്രതിരോധമാർഗങ്ങൾ നടപ്പാക്കാനും ഫാക്ടറികൾ, വ്യവസായിക പ്ലോട്ടുകൾ, വാണിജ്യ, നിക്ഷേപ കെട്ടിടങ്ങൾ എന്നിവയുടെ ഉടമകളോടും വാടകക്കാരോടും അഗ്നിശമനസേന ആവശ്യപ്പെട്ടു.
നിർത്തിയിട്ട വാഹനത്തിന് തീപിടിച്ചു
കുവൈത്ത് സിറ്റി: പാർക്കിങ് സ്ഥലത്ത് നിർത്തിയിട്ട വാഹനത്തിന് തീപിടിച്ചു. അൽ റായി ഏരിയയിലെ വാണിജ്യസമുച്ചയത്തിന്റെ പാർക്കിങ് സ്ഥലത്താണ് സംഭവം. അഗ്നിശമനസേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി തീയണച്ചു. ബുധനാഴ്ച രാവിലെയാണ് സംഭവമെന്ന് ജനറൽ ഫയർഫോഴ്സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു.
വാണിജ്യ സമുച്ചയത്തിന്റെ കെട്ടിടത്തിൽ പാർക്ക് ചെയ്ത വാഹനത്തിൽ പെട്ടെന്ന് തീ പടർന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. ആർക്കും കാര്യമായ പരിക്കുകളില്ലാതെ ഉടൻ തീ അണച്ചതായി അഗ്നിശമന സേനാംഗം വ്യക്തമാക്കി.
രാജ്യത്ത് കനത്ത ചൂട് തുടരുന്നതിനാൽ വാഹനങ്ങളിൽ അടക്കം തീപിടിക്കുന്നത് പതിവാണ്. വാഹനങ്ങളിൽ സുരക്ഷാമുന്നൊരുക്കങ്ങൾ കരുതണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

