കടലിലെ അപകടം തടയാൻ ഉന്നതതല സമിതിയുണ്ടാക്കും
text_fieldsആഭ്യന്തരമന്ത്രി ശൈഖ് അഹ്മദ് നവാഫ് അസ്സബാഹ്
കുവൈത്ത് സിറ്റി: കടലിലെ അപകടങ്ങളും മുങ്ങിമരണവും തടയാൻ ഉന്നതതല സമിതിയുണ്ടാക്കും. ആഭ്യന്തരമന്ത്രിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ ശൈഖ് അഹ്മദ് നവാഫ് അസ്സബാഹ് ഇതുസംബന്ധിച്ച് ഉത്തരവിട്ടു. ആഭ്യന്തര മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, വാണിജ്യ വ്യവസായ മന്ത്രാലയം, കുവൈത്ത് മുനിസിപ്പാലിറ്റി, പബ്ലിക് അതോറിറ്റി, പരിസ്ഥിതി വകുപ്പ്, ഫത്‌വ, നിയമനിർമാണ വകുപ്പ്, ടൂറിസ്റ്റിക് എന്റർപ്രൈസസ് കമ്പനി എന്നിവയിലെ അസി. അണ്ടർ സെക്രട്ടറിയിൽ കുറയാത്ത തസ്തികയിലുള്ളവരെ ഉൾപ്പെടുത്തിയാണ് സമിതിയുണ്ടാക്കുക.
തീരത്തെയും കടലിലെയും അപകടം ഇല്ലാതാക്കാൻ സമിതി പദ്ധതികൾ തയാറാക്കും. നീന്തലിനും വിനോദങ്ങൾക്കും നിശ്ചിത സമയം നിർണയിക്കുകയും ഈ സമയത്ത് സുരക്ഷ ഉദ്യോഗസ്ഥരുടെയും രക്ഷാപ്രവർത്തകരുടെയും സാന്നിധ്യം ഉറപ്പാക്കുകയും ചെയ്യും. അനിയന്ത്രിതമായി വിനോദ സ്പീഡ് ബോട്ടുകൾ പായുന്നത് അപകടങ്ങൾക്ക് കാരണമാകുന്നതായി റിപ്പോർട്ടുണ്ടായിരുന്നു.
കഴിഞ്ഞമാസം തീരസംരക്ഷണ സേനയും മാരിടൈം സെക്യൂരിറ്റിയും സംയുക്തമായി നടത്തിയ പരിശോധന കാമ്പയിനിൽ 14 വാട്ടർ ബൈക്ക് കസ്റ്റഡിയിലെടുത്തിരുന്നു. ജല മോട്ടോർബൈക്കുകൾ തെറ്റായ രീതിയിലും അലക്ഷ്യമായും ഓടിക്കുന്നത് കടലിൽ പോകുന്നവർക്ക് അപകട ഭീഷണി ഉയർത്തുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഈ മേഖലയിലെ നിയമലംഘനം അവസാനിക്കുകയും കടൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നതുവരെ പരിശോധന തുടരുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

