ഗതാഗതത്തിരക്ക് കുറക്കൽ സമഗ്രമാറ്റം പരിഗണനയിൽ
text_fieldsകുവൈത്ത് സിറ്റി: റോഡുകളിലെ രൂക്ഷമായ ഗതാഗതത്തിരക്ക് പരിഹരിക്കുന്നതിന് സ്വീകരിക്കേണ്ട നടപടികളെകുറിച്ച് അധികൃതർ വിലയിരുത്തിവരുന്നു. ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് വിവിധ നിർദേശങ്ങൾ ലഭിച്ചിട്ടുണ്ട്. ഇവക്കൊപ്പം മറ്റു സാഹചര്യങ്ങളും പരിഗണിച്ചായിരിക്കും തീരുമാനം. സ്ഥാപനങ്ങളുടെ പ്രവൃത്തിസമയം മാറ്റുന്നതടക്കമുള്ള നിർദേശങ്ങൾ സിവിൽ സർവിസ് കമീഷന് മുമ്പാകെ എത്തിയിട്ടുണ്ട്. ഇവ പഠിച്ചുകൊണ്ടിരിക്കുകയും മീറ്റിങ്ങുകൾ നടന്നുവരുകയുമാണ്.
അതേസമയം, ഈ വിഷയവുമായി ബന്ധപ്പെട്ട് മികച്ച നിർദേശങ്ങൾ സമർപ്പിക്കുന്നതിന് സിവിൽ സർവിസ് കമീഷൻ സമയപരിധി നൽകിയിട്ടുണ്ടെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. സർക്കാർ ഏജൻസികളിൽ ഫ്ലെക്സിബിൾ ജോലി സംവിധാനം എങ്ങനെ നടപ്പാക്കാമെന്ന് നേരത്തെ പഠനം നടത്തിയിരുന്നു. സിവിൽ സർവിസ് കമീഷൻ മുൻ മേധാവി മറിയം അൽ അഖീൽ അത് മന്ത്രിസഭക്ക് സമർപ്പിച്ചിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. പൊതുവെ തിരക്കേറിയ കുവൈത്തിലെ പ്രധാന റോഡുകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നതോടെ വാഹനങ്ങളുടെ എണ്ണം കൂടിയിട്ടുണ്ട്. രാവിലെയും ഉച്ചക്കുശേഷവും തിരക്ക് വർധിച്ചു. എല്ലാ സ്കൂളുകളും ഒരേസമയം അവസാനിക്കുന്നതും സ്കൂൾ ബസുകളും മറ്റു വാഹനങ്ങളും നിരത്തിലിറങ്ങുന്നതുമാണ് പ്രധാന കാരണം.
വിദ്യാർഥികളുടെ സുരക്ഷയുടെ ഭാഗമായി സ്കൂൾ പരിസരത്തെ ട്രാഫിക് നിയന്ത്രിക്കാൻ പ്രത്യേക ടീമിനെ നിയോഗിക്കാൻ ആഭ്യന്തരമന്ത്രാലയം നിർദേശം നല്‍കിയിട്ടുണ്ട്. വിദ്യാർഥികളുടെ സുരക്ഷക്ക് പ്രത്യേക ശ്രദ്ധചെലുത്തണമെന്നും സ്കൂൾ സമയങ്ങളില്‍ വാഹനമോടിക്കുന്നവർ ജാഗ്രതപാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.ഗതാഗതക്കുരുക്ക് കുറക്കുന്നതിന്റെ ഭാഗമായി പൊതുനിരത്തുകളിൽ ട്രക്കുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് ഞായറാഴ്ച മുതൽ പ്രാവർത്തികമാകും. ഞായര്‍ മുതൽ വ്യാഴം വരെ രാവിലെ 6.30 മുതൽ ഒമ്പതുവരെയും ഉച്ച 12.30 മുതൽ 3.30വരെയുമാണ് നിയന്ത്രണം. തിരക്കേറിയ സമയമായ രാവിലെയും വൈകീട്ടും വലിയ ട്രക്കുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതോടെ ഗതാഗതക്കുരുക്ക് പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷ.
വിദ്യാർഥിനി അപകടത്തിൽനിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്
വിഡിയോ വൈറൽ
കുവൈത്ത് സിറ്റി: റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്കൂൾ വിദ്യാർഥിനി വാഹനാപകടത്തിൽനിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്. സോഷ്യൽ മീഡിയയിൽ ഇതിന്റെ വിഡിയോ വൈറലാണ്. യൂനിഫോം ധരിച്ച സ്കൂൾ വിദ്യാർഥിനികൾ സ്കൂളിലേക്ക് പോകാനായി റോഡ് മുറിച്ചുകടക്കുന്നത് വിഡിയോയിൽ കാണിക്കുന്നു. ഇവർക്ക് പോകാനായി തൊട്ടടുത്ത വാഹനങ്ങൾ നിർത്തിക്കൊടുക്കുന്നുണ്ട്. ഇതിനെ മറികടന്ന് പെട്ടെന്ന് ഒരു പെൺകുട്ടി മുന്നോട്ട് പാഞ്ഞുകയറുകയും അമിതവേഗത്തിൽ വന്ന കാർ ഇടിക്കാതെ കഷ്ടിച്ച് രക്ഷപ്പെടുകയും ചെയ്യുന്നതായി വിഡിയോയിൽ കാണുന്നു.
നിർത്തിയിട്ട വാഹനത്തിന്റെ മറവിൽ വേറെ വാഹനം വരുന്നത് പെൺകുട്ടിയോ പെൺകുട്ടി റോഡ് മുറിച്ചുകടക്കുന്നത് വാഹന ഡ്രൈവറോ കാണാത്തതാണ് സംഭവത്തിന് കാരണം. സംഭവം നടന്നത് എവിടെയാണെന്നോ എന്നാണെന്നോ വ്യക്തമല്ല.
റോഡ് മുറിച്ചുകടക്കുന്ന പെൺകുട്ടി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

