80ാമത് ജനറൽ അസംബ്ലി; കിരീടാവകാശി യു.എൻ സെക്രട്ടറി ജനറലുമായി കൂടിക്കാഴ്ച നടത്തി
text_fieldsകിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ്, യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിനൊപ്പം
കുവൈത്ത് സിറ്റി: ഐക്യരാഷ്ട്രസഭയുടെ (യു.എൻ) 80ാമത് ജനറൽ അസംബ്ലി സെഷനിൽ പങ്കെടുക്കുന്നതിനായി ന്യൂയോർക്കിലെത്തിയ കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസുമായി കൂടിക്കാഴ്ച നടത്തി. ഐക്യരാഷ്ട്രസഭയുടെ സുപ്രധാനവും നിർണായകവുമായ പങ്കിനും ഇടപെടലുകൾക്കും കുവൈത്തിന്റെ പിന്തുണ കിരീടാവകാശി വ്യക്തമാക്കി. അമീർ ശൈഖ് മിശ്അൽ അൽ അഹമദ് അൽ ജാബിർ അസ്സബാഹിന്റെ ആശംസയും കൈമാറി.
യു.എന്നിന്റെ 80ാം വാർഷികത്തിൽ സെക്രട്ടറി ജനറലിനെ കിരീടാവകാശി അഭിനന്ദിച്ചു. ഐക്യരാഷ്ട്രസഭയെ പരിഷ്കരിക്കുന്നതിനും സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനും, അന്താരാഷ്ട്ര സമാധാനവും സുരക്ഷയും ഏകീകരിക്കുന്നതിലും, എല്ലാ ജനങ്ങൾക്കും സുസ്ഥിര വികസനം കൈവരിക്കുന്നതിലും പങ്ക് വർധിപ്പിക്കുന്നതിന് ഇത് ഒരു നിർണായക നിമിഷമാണെന്ന് കിരീടാവകാശി പറഞ്ഞു. സെഷന്റെ അജണ്ടയെയും ഉന്നതതല യോഗങ്ങളെയും, സൗദി അറേബ്യയും ഫ്രാൻസും സംയുക്തമായി അധ്യക്ഷത വഹിക്കുന്ന ഫലസ്തീനെയും ദ്വിരാഷ്ട്ര പരിഹാരത്തെയും കുറിച്ചുള്ള യോഗവും കൂടികാഴ്ചയിൽ വിലയിരുത്തി.
വിവിധ രാജ്യങ്ങൾ ഫലസ്തീനെ ഐക്യരാഷ്ട്രസഭയുടെ പൂർണ്ണ അംഗമായി അംഗീകരിക്കുന്നതിനുള്ള നടപടികൾക്ക് സാക്ഷ്യം വഹിക്കുന്ന യോഗത്തിന്റെ പ്രാധാന്യവും സൂചിപ്പിച്ചു.
അന്താരാഷ്ട്ര സമാധാനവും സുരക്ഷയും കൈവരിക്കുന്നതിനും സുസ്ഥിര വികസന ശ്രമങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും കുവൈത്തിന്റെ ചരിത്രപരവും ഫലപ്രദവുമായ പങ്കിനെ യു.എൻ മേധാവി പ്രശംസിച്ചു. കൂടികാഴ്ചയിൽ വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യ, അമീരി ദിവാനിലെ വിദേശകാര്യ അണ്ടർസെക്രട്ടറി മാസിൻ ഇസ്സ അൽ ഇസ്സ, യു.എന്നിലെ കുവൈത്തിന്റെ സ്ഥിരം പ്രതിനിധി അംബാസഡർ താരിഖ് മുഹമ്മദ് അൽ ബന്നായ് എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

