334 പുരുഷന്മാർ 450 സ്ത്രീകൾ 15 കുട്ടികൾ; നാടുകടത്തൽ കേന്ദ്രത്തിൽകഴിയുന്നത് 784 പേർ
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തെ നാടുകടത്തൽ കേന്ദ്രത്തിൽ നിലവിൽ കഴിയുന്നത് 784 പേർ. ഇതിൽ 334 പുരുഷന്മാരും 450 സ്ത്രീകളും 15 കുട്ടികളും ഉൾപ്പെടുന്നു. തടവുകാരിൽ ഭൂരിഭാഗവും ഏഷ്യൻ, അറബ് രാജ്യങ്ങളിൽനിന്നുള്ളവരാണ്. 1,200 തടവുകാർക്ക് പരമാവധി ശേഷിയുള്ള നാടുകടത്തൽ കേന്ദ്രത്തിൽ പുരുഷന്മാർക്ക് 700 ഇടങ്ങളും സ്ത്രീകൾക്ക് 500 ഇടങ്ങളും ഉണ്ട്.
ഭക്ഷണം, പാനീയങ്ങൾ, ആരോഗ്യ സംരക്ഷണം എന്നിവക്കുള്ള ചെലവുകൾക്കായി ആഭ്യന്തര മന്ത്രാലയം ഒരു തടവുകാരന് ശരാശരി പ്രതിദിനം 10 ദീനാർ ചെലവഴിക്കുന്നു. പാൽ, കളിപ്പാട്ടങ്ങൾ, വസ്ത്രങ്ങൾ എന്നിവയുൾപ്പെടെ ഏകദേശം 15 ദീനാറാണ് കുട്ടികളുടെ പ്രതിദിന ചെലവ്. തടവുകാരുടെ ക്ഷേമം ഉറപ്പാക്കാൻ, ജയിൽ ഭരണകൂടം സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക ആരോഗ്യ ക്ലിനിക്കുകളും ഒരു ഡെന്റൽ ക്ലിനിക്കും സ്ഥാപിച്ചിട്ടുണ്ട്.
നാടുകടത്തൽ കേന്ദ്രത്തിൽ കഴിയുന്ന എല്ലാ വ്യക്തികളെയും നാടുകടത്താൻ ആഭ്യന്തര മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്ന് അധികൃതർ അറിയിച്ചു. അതേസമയം, യാത്രാ തീയതികളും ഉയർന്ന ടിക്കറ്റ് നിരക്കും പോലുള്ള മന്ത്രാലയത്തിന്റെ നിയന്ത്രണത്തിന് അതീതമായ ഘടകങ്ങൾ കാരണം നാടുകടത്തൽ വൈകിയേക്കാമെന്നും വ്യക്തമാക്കി. സാധുതയുള്ള യാത്ര ടിക്കറ്റ്, പാസ്പോർട്ട് അല്ലെങ്കിൽ എംബസി നൽകിയ യാത്രാരേഖ എന്നിവ കൈവശമുള്ളവരെ എളുപ്പത്തിൽ കയറ്റിവിടുന്നുണ്ട്.
അതിനിടെ, നാടുകടത്തപ്പെട്ട ചില സ്ത്രീകൾ കുവൈത്തിൽ സാധുതയുള്ള റസിഡൻസി പെർമിറ്റുകൾ ഉണ്ടായിരുന്നിട്ടും തങ്ങളുടെ കുട്ടികളെ ഉപേക്ഷിക്കാൻ വിമുഖത കാണിക്കുകയും അവരോടൊപ്പം സ്വന്തം രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ നിർബന്ധിക്കുകയും ചെയ്യുന്നത് പ്രതിസന്ധി ഉണ്ടാക്കുന്നതായി അൽ റായ് പത്രം റിപ്പോർട്ട് ചെയ്തു.
കുട്ടികൾക്ക് മറ്റാരും ഇല്ലാത്തതും പ്രയാസകരമാണ്. ഇത്തരം കേസുകളിൽ ചാരിറ്റി സംഘടനകളുടെയും കമ്മിറ്റികളുടെയോ ദാതാക്കളുടെയോ സഹായത്തോടെ യാത്ര ടിക്കറ്റുകൾ ക്രമീകരിക്കാൻ നാടുകടത്തൽ വകുപ്പ് ശ്രമം നടത്തുന്നുണ്ട്. മുഴുവൻ കുടുംബത്തെയും ഒരുമിച്ച് നാടുകടത്താൻ ഇത് സഹായിക്കുന്നു.
അനധികൃത താമസക്കാർ, വിവിധ കേസുകളിൽ ഉൾപ്പെടുന്നവർ, മദ്യം, മയക്കുമരുന്ന് ഇടപാടുകാർ, സദാചാര വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ എന്നിങ്ങനെ ഗൗരവ കുറ്റങ്ങളിൽ പിടിയിലാകുന്നവർക്ക് തടവും നാടുകടത്തലുമാണ് ശിക്ഷ. തടവുശിക്ഷ ഇല്ലാത്തവരെ നാടുകടത്തൽ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയും നടപടികൾക്കു ശേഷം കയറ്റിവിടുകയുമാണ് പതിവ്. ദിവസേന, ഏകദേശം 150 പ്രവാസികളെ നാടുകടത്തുന്നതായാണ് റിപ്പോർട്ട്.
2022 സെപ്റ്റംബർ ഒന്നു മുതൽ 2023 മേയ് 30 വരെയുള്ള കാലയളവിൽ കുവൈത്തിൽനിന്ന് 2695 പ്രവാസികളെ നാട് കടത്തിയിട്ടുണ്ട്. ഇന്ത്യയിൽ നിന്നുള്ള 6,400 പുരുഷൻമാർ, 1,700 സ്ത്രീകൾ എന്നിവർ അടക്കം കഴിഞ്ഞ വർഷം മൊത്തം 30,000 പ്രവാസികളെയാണ് നാടുകടത്തിയത്.
വിവിധ രാജ്യങ്ങളുടെ എംബസികൾ കേന്ദ്രീകരിച്ചും അതത് രാജ്യക്കാരെ നാട്ടിലെത്തിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം വിസയില്ലാതെ രാജ്യത്ത് അനധികൃതമായി തങ്ങിയ 62 ശ്രീലങ്കൻ പൗരന്മാരെ കുവൈത്തിലെ ശ്രീലങ്കൻ എംബസി താൽക്കാലിക പാസ്പോർട്ടിൽ രാജ്യത്തേക്ക് തിരിച്ചയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

