കുവൈത്തിൽ ഒറ്റദിവസം 75 കോവിഡ് സ്ഥിരീകരണം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ വെള്ളിയാഴ്ച 42 ഇന്ത്യക്കാർ ഉൾപ്പെടെ 75 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗികളുടെ എണ്ണത്തിൽ ഒരുദിവസം ഇത്രയധികം വർധനവുണ്ടാവുന്നത് ആദ്യമായാണ്. ഇതോടെ ആകെ വൈറസ് ബാധിതരുടെ എണ്ണം 417 ആയി. വെള്ളിയാഴ്ചത്തെ ഒന്ന് അടക്കം 82 പേർ രോഗമുക്തരായി. ബാക്കി 335 പേരാണ് ചികിത്സയിലുള്ളത്. 16 പേർ തീവ്രപരിചരണ വിഭാഗത്തിലുണ്ട്.
പുതിയ രോഗബാധിതരിൽ 26 ഇന്ത്യക്കാർ നേരത്തെ വൈറസ് സ്ഥിരീകരിച്ചവരുമായി സമ്പർക്കം പുലർത്തിയവരാണ്. അഞ്ച് കുവൈത്തികൾ ബ്രിട്ടനിൽനിന്നും ഒരു കുവൈത്തി ഇറാനിൽനിന്നും വന്നതാണ്. സ്വന്തം നാട്ടിൽനിന്ന് വന്ന ഇറാഖ് പൗരനും കോവിഡ് സ്ഥിരീകരിച്ചു. മൂന്ന് കുവൈത്തികൾ ബ്രിട്ടനിൽനിന്ന് വന്നവരുമായി സമ്പർക്കം പുലർത്തിയവരാണ്.
ഒരു കുവൈത്തി, മൂന്ന് ബംഗ്ലാദേശ് പൗരന്മാർ, മൂന്ന് ഇൗജിപ്തുകാർ എന്നിവർ നേരത്തെ കോവിഡ് സ്ഥിരീകരിച്ചവരുമായി സമ്പർക്കം പുലർത്തിവരാണ്. 16 ഇന്ത്യക്കാർ, രണ്ട് കുവൈത്തികൾ, ഏഴ് ബംഗ്ലാദേശികൾ, അഞ്ച് ഇൗജിപ്തുകാർ, ഒരു ഫിലിപ്പീൻസ് പൗരൻ, ഒരു നേപ്പാൾ പൗരൻ എന്നിവർക്ക് രോഗം വന്ന വഴി കണ്ടെത്തിയിട്ടില്ല.