ബിനാമി ഇടപാടെന്ന് സംശയിക്കുന്ന 71 കേസുകൾ പിടികൂടി
text_fieldsറിയാദ്: സൗദി അറേബ്യയിൽ ബിനാമി ഇടപാടുകൾക്കെതിരെ നടക്കുന്ന ശക്തമായ നീക്കങ്ങളുടെ ഭാഗമായി മാർച്ചിൽ 71 കേസുകൾ കൂടി പിടികൂടി. ബിനാമി ബിസിനസ് നിർമാർജനം ചെയ്യുന്നതിനുള്ള ദേശീയ പരിപാടിയുടെ നേതൃത്വത്തിൽ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ നടത്തിയ 2,611 പരിശോധനകളിലാണ് ഇത്രയും കേസുകൾ കണ്ടെത്തിയത്.
വാണിജ്യ കുറ്റകൃത്യങ്ങൾ നിരീക്ഷിക്കുന്നതിനും തടയുന്നതിനുമുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായി ഫീൽഡ് തെളിവുകളുടെയും സംശയകരമായ സൂചനകളുടെയും അടിസ്ഥാനത്തിലായിരുന്നു ഈ നടപടികൾ. പഴങ്ങൾ, പച്ചക്കറികൾ, ബാഗുകൾ, വിലയേറിയ ലോഹങ്ങൾ, രത്നക്കല്ലുകൾ എന്നിവ വിൽക്കുന്ന കടകളിലും പരിപ്പ്, കാപ്പി, സുഗന്ധവ്യഞ്ജനങ്ങൾ, സുഗന്ധദ്രവ്യങ്ങൾ, ബേക്കറി ഉൽപന്നങ്ങൾ, മധുരപലഹാരങ്ങൾ തുടങ്ങിയ മേഖലകളിലുമാണ് പ്രധാനമായും പരിശോധന നടന്നത്.
പിടിക്കപ്പെട്ട 71 കേസുകളിലും അന്വേഷണ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനും കുറ്റക്കാർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിനുമായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായി ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാം വ്യക്തമാക്കി. ബിനാമി വിരുദ്ധ നിയമം ലംഘിക്കുന്നവർക്ക് അഞ്ച് വർഷം വരെ തടവും അഞ്ച് ദശലക്ഷം റിയാൽ വരെ പിഴയുമാണ് പ്രധാന ശിക്ഷ. കൂടാതെ, അന്തിമ കോടതി വിധികൾക്ക് ശേഷം നിയമവിരുദ്ധമായി സമ്പാദിച്ച ഫണ്ടുകൾ കണ്ടുകെട്ടുകയും ചെയ്യും.
കുറ്റം ചെയ്ത സ്ഥാപനം അടച്ചുപൂട്ടുക, ബിസിനസ് ലിക്വിഡേറ്റ് ചെയ്യുക, വാണിജ്യ രജിസ്ട്രേഷൻ റദ്ദാക്കുക, ഭാവിയിൽ ബിസിനസ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് നിരോധിക്കുക തുടങ്ങിയ ശിക്ഷകളും നിയമലംഘകർ നേരിടേണ്ടി വരും. സകാത്ത്, ഫീസ്, നികുതി എന്നിവ ഈടാക്കുന്നതിനൊപ്പം കുറ്റക്കാരുടെ പേര് വിവരങ്ങൾ പരസ്യമായി വെളിപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു. ബിനാമി പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന വിദേശികളെ രാജ്യത്തുനിന്ന് നാടുകടത്തുമെന്നും പിന്നീട് ഇവർക്ക് ജോലിയിൽ പ്രവേശിക്കുന്നതിന് സ്ഥിരമായ വിലക്ക് ഏർപ്പെടുത്തുമെന്നും പ്രോഗ്രാം അധികൃതർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

