61,000 അപ്പാർട്മെൻറുകൾ ഒഴിഞ്ഞുകിടക്കുന്നു
text_fieldsറിയൽ എസ്റ്റേറ്റ് യൂനിയൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ
കുവൈത്ത് സിറ്റി: കോവിഡ് പ്രതിസന്ധി റിയൽ എസ്റ്റേറ്റ് മേഖലയെ കാര്യമായി ബാധിച്ചുവെന്നും 61,000 അപ്പാർട്മെൻറുൾ ഒഴിഞ്ഞുകിടക്കുെന്നന്നും റിയൽ എസ്റ്റേറ്റ് യൂനിയൻ. താമസക്കാരുള്ള അപ്പാർട്മെൻറുകൾ 3,35,100 എണ്ണം ആണ്. 84.6 ശതമാണ് ഒക്യുപെൻസി.
കോവിഡ് കാലത്ത് അപ്പാർട്മെൻറുകളുടെ വാടകയിൽ 10 മുതൽ 15 ശതമാനം വരെ കുറവുണ്ടായി. 2024ലെ ശരാശരി വാടക 2020ലെ നിലയിൽ ആകുമെന്നും എന്നാൽ 2019ലേതിനേക്കാൾ കുറവായിരിക്കുമെന്നുമാണ് വിലയിരുത്തൽ. വാർത്തസമ്മേളനത്തിൽ റിയൽ എസ്റ്റേറ്റ് ഗൈഡിെൻറ പുതിയ പതിപ്പ് പ്രകാശനം ചെയ്തു. വിദേശി കുടുംബങ്ങളുടെ ഒഴിഞ്ഞുപോക്ക് രാജ്യത്ത് റിയൽ എസ്റ്റേറ്റ് മേഖലയെ തളർത്തുന്നുണ്ട്.
കുടുംബങ്ങൾ കൂട്ടത്തോടെ നാട്ടിൽ പോയത് ഫ്ലാറ്റുകൾ വലിയതോതിൽ കാലിയാവാനിടയായി. വിദേശികളുടെ പ്രവേശന വിലക്ക് കാരണം നിരവധി പേർ നാട്ടിൽ കുടുങ്ങിക്കിടക്കുകയാണ്. സ്വദേശിവത്കരണവും ജീവിതച്ചെലവ് വർധിച്ചതും കാരണം വിദേശി കുടുംബങ്ങൾ കുറഞ്ഞു. ജീവിതച്ചെലവുകൾ വർധിച്ചതിനാൽ വിദേശികൾ കുടുംബങ്ങളെ നാട്ടിലേക്ക് പറഞ്ഞുവിട്ടതാണ് ഈ മേഖലയിൽ പ്രതിസന്ധി രൂക്ഷമാക്കിയത്.
ഫഹാഹീൽ, ജലീബ് അൽ ശുയൂഖ്, മംഗഫ്, അബൂഹലീഫ, സാൽമിയ, ഖൈത്താൻ എന്നിവിടങ്ങളിൽ ഒഴിഞ്ഞുകിടക്കുന്ന ഫ്ലാറ്റുകൾ നിരവധിയാണ്. താമസക്കാരെ കിട്ടാത്തതിനാൽ പലയിടത്തും വാടക കുറച്ചു. വാടകക്ക് ആളെ ആവശ്യമുണ്ടെന്ന ബോർഡുകൾ മിക്ക കെട്ടിടങ്ങളുടെയും മുന്നിലുണ്ട്.
ഇതിനിടയിലും പുതിയ ഫ്ലാറ്റ് സമുച്ചയങ്ങളുടെ നിർമാണം പുരോഗമിക്കുന്നുവെന്നതാണ് കൗതുകം.വരുംമാസങ്ങളിൽ റിയൽ എസ്റ്റേറ്റ് മേഖല കൂടുതൽ സമ്മർദത്തിലേക്ക് നീങ്ങുമെന്നും ഇനിയും അപ്പാർട്മെൻറുകൾ ഒഴിയുന്നത് വാടക കുറക്കാൻ ഉടമകളെ നിർബന്ധിതരാക്കുമെന്നുമാണ് റിയൽ എസ്റ്റേറ്റ് യൂനിയൻ നൽകുന്ന സൂചന.

