60 വർഷം 42 സർക്കാറുകൾ...
text_fieldsകുവൈത്ത് സിറ്റി: 2022 ഒക്ടോബർ 17ന് ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹിനെ വീണ്ടും പ്രധാനമന്ത്രിയായി അമീർ നിയമിച്ചതോടെ കുവൈത്തിൽ നിലവിൽ വന്നത് 42ാമത് മന്ത്രിസഭയാണ്. ഈ സർക്കാറും രാജി സമർപ്പിച്ചതോടെ, 43ാമത്തെ സർക്കാറിനാകും അടുത്തതായി രാജ്യം സാക്ഷ്യംവഹിക്കുക.
1962ലാണ് രാജ്യത്ത് ആദ്യ സർക്കാർ നിലവിൽ വന്നത്. ഇതിന്റെ 60 വർഷം പൂർത്തീകരിച്ച ഘട്ടംകൂടിയായിരുന്നു കഴിഞ്ഞ വർഷം. ശൈഖ് അബ്ദുല്ല അൽ സലീം അസ്സബാഹ് അമീറായിരിക്കെ നിലവിൽ വന്ന ആദ്യ സർക്കാറിൽ 14 മന്ത്രിമാരാണ് ഉണ്ടായിരുന്നത്. കുവൈത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ സുപ്രധാന വഴിത്തിരിവായിരുന്നു അത്. ഭരണഘടന രൂപവത്കരണം പോലുള്ള സുപ്രധാന നടപടികൾക്ക് തുടക്കമിട്ടത് ഈ സർക്കാറാണ്. 1963 ജനുവരി 27ന് ആദ്യ സർക്കാർ സ്ഥാനമൊഴിഞ്ഞു. ശൈഖ് സബാഹ് അൽ സലീം അസ്സബാഹിന്റെ നേതൃത്വത്തിൽ 1963 ജനുവരി 28ന് രണ്ടാം സർക്കാർ ചുമതലയേറ്റു. 15 മന്ത്രിമാർ ഉണ്ടായിരുന്ന മന്ത്രിസഭ 1964 ഡിസംബർ അഞ്ചിന് ഒഴിഞ്ഞു. പിറ്റേ ദിവസംതന്നെ ശൈഖ് സബാഹ് അൽ സലീമിന്റെ നേതൃത്വത്തിൽ 14 അംഗ മന്ത്രിസഭ നിലവിൽ വന്നു. മന്ത്രിമാരിൽ നാലുപേർ പാർലമെന്റ് എം.പിമാരിൽ നിന്നുള്ളവരായിരുന്നു. ഭരണഘടന ലംഘനവുമായി ബന്ധപ്പെട്ട വിഷയത്തിൽ 28 ദിവസത്തിനുശേഷം ഈ മന്ത്രിസഭക്ക് രാജിവെക്കേണ്ടിവന്നു. 1965 ജനുവരി മൂന്നിന് നാലാം മന്ത്രിസഭ നിലവിൽ വന്നു. 13 പേർ ഉൾപ്പെട്ടതായിരുന്നു ഈ മന്ത്രിസഭ.
തുടർന്ന് ഇതുവരെ വിവിധ മന്ത്രിസഭകൾ രാജ്യത്തെ പ്രതിനിധാനം ചെയ്തു. 2022 ആഗസ്റ്റ് ഒന്നിനാണ് 40ാമത്തെ പ്രധാനമന്ത്രിയായി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ് ചുമതലയേറ്റത്. ഒക്ടോബർ രണ്ടിന് അദ്ദേഹത്തിന്റെ രാജി അമീർ അംഗീകരിച്ചു. തുടർന്ന് ഒക്ടോബർ അഞ്ചിന് 41ാം മന്ത്രിസഭയുടെ അമരക്കാരനായി വീണ്ടും ചുമതലയേറ്റു. ദിവസങ്ങൾക്കം അതേ മന്ത്രിസഭ പുനഃസംഘടിപ്പിച്ചാണ് നിലവിൽ രാജി സമർപ്പിച്ച സർക്കാർ രൂപവത്കരിച്ചത്.