കുവൈത്തിയുടെ ബാങ്ക് അക്കൗണ്ടിൽനിന്ന് 5990 ദീനാർ നഷ്ടമായി
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് പൗരെൻറ ബാങ്ക് അക്കൗണ്ടിൽനിന്ന് 5990 ദീനാർ നഷ്ടമായി. 55കാരനാണ് അബ്ദുല്ല അൽ സാലിം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ബാങ്കിൽനിന്ന് എന്ന വ്യാജേന ഒ.ടി.പി നമ്പർ അയച്ചുകൊടുക്കാൻ ആവശ്യപ്പെട്ട് വന്ന സന്ദേശം അനുസരിച്ചതാണ് ഇയാൾക്ക് വിനയായത്. നമ്പർ അയച്ചുകൊടുത്ത് നിമിഷങ്ങൾക്കകം അക്കൗണ്ടിൽനിന്ന് പണം പിൻവലിക്കപ്പെട്ടു.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ആർക്കും നൽകരുതെന്നും ബാങ്കിൽനിന്ന് ഇത്തരത്തിൽ സ്വകാര്യ വിവരങ്ങൾ ആവശ്യപ്പെട്ട് വിളിക്കാറില്ലെന്നും സൈബർ ക്രൈം വകുപ്പ് പലതവണ മുന്നറിയിപ്പ് നൽകിയതാണ്. ബാങ്ക് അക്കൗണ്ട് നമ്പർ, പാസ്വേഡ്, ക്രെഡിറ്റ് കാർഡ് സംബന്ധിച്ച വിവരങ്ങൾ എന്നിവ ബാങ്കിൽ നിന്ന് എന്ന വ്യാജേന ആവശ്യപ്പെടുന്നതായ വിവരത്തിെൻറ അടിസ്ഥാനത്തിൽ നേരത്തെ സെൻട്രൽ ബാങ്കും ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
കഴിഞ്ഞ മാസങ്ങളിൽ കുവൈത്തിൽ പലയിടത്തായി നിരവധി പേർക്ക് ഇത്തരം കാളുകൾ ലഭിച്ചു. ബാങ്ക് തട്ടിപ്പുകൾക്കായി പ്രത്യേക ലോബി തന്നെ പ്രവർത്തിക്കുന്നുണ്ട്. ബാങ്ക് നമ്പറിനോട് സാദൃശ്യമുള്ള നമ്പറുകളിൽനിന്ന് വിളിച്ച് സമ്മാനം ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞും വിവരങ്ങൾ കൈക്കലാക്കുന്നുണ്ട്.

