ഗസ്സയിലേക്ക് 50 ടൺ സഹായവസ്തുക്കൾ കൂടി അയച്ചു
text_fieldsഗസ്സയിലേക്കുള്ള സഹായവസ്തുക്കൾ എയർഫോഴ്സ് വിമാനത്തിൽ കയറ്റുന്നു
കുവൈത്ത് സിറ്റി: ഇസ്രായേൽ ആക്രമണത്തിൽ ദുരിതം പേറുന്ന ഫലസ്തീനികൾക്ക് ആശ്വാസമായി കുവൈത്ത് ചൊവ്വാഴ്ച 50 ടൺ സഹായവസ്തുക്കൾ കൂടി അയച്ചു. കുവൈത്ത് എയർ ബ്രിഡ്ജിന്റെ എട്ടാമത്തെ വിമാനത്തിന്റെ ഭാഗമായി വ്യോമസേനയുടെ രണ്ട് വിമാനങ്ങളിലായാണ് ചൊവ്വാഴ്ച സഹായം അയച്ചത്. ഇവ ഈജിപ്ഷ്യൻ നഗരമായ അൽ അരിഷിൽ എത്തി. ഇവിടെ നിന്ന് കരമാർഗം സഹായം ഗസ്സയിൽ എത്തിക്കും. ഭക്ഷണസാമഗ്രികളും നാല് ആംബുലൻസുകളും സഹായവസ്തുക്കളിലുണ്ട്.
കുവൈത്തിലെ നിരവധി ഔദ്യോഗിക, സ്വകാര്യ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെയും വിദേശകാര്യ, പ്രതിരോധ, ആരോഗ്യമന്ത്രാലയങ്ങളുടെയും കുവൈത്ത് ആർമിയുടെ സഹകരണത്തോടെയുമാണ് എയർ ബ്രിഡ്ജ് നടപ്പാക്കുന്നത്. കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി, റിലീഫ് സൊസൈറ്റി, അൽ സലാം ഹ്യൂമാനിറ്റേറിയൻ വർക്സ് അസോസിയേഷൻ, കുവൈത്ത് ചാരിറ്റബ്ൾ സൊസൈറ്റികൾ, മാനുഷിക സ്ഥാപനങ്ങൾ എന്നിവയുടെ പിന്തുണയും ഉണ്ട്.
ഫലസ്തീന് അടിയന്തരസഹായം എത്തിക്കാൻ അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ് എന്നിവർ നൽകിയ നിർദേശത്തിന് പിറകെയാണ് എയർ ബ്രിഡ്ജ് ആരംഭിച്ചത്. ചൊവ്വാഴ്ചയോടെ ഗസ്സയിലേക്ക് കുവൈത്ത് 240 ടൺ ഭക്ഷണവും മരുന്നും അയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

