കുവൈത്ത് ജയിലിൽ 446 ഇന്ത്യൻ തടവുകാർ
text_fieldsകുവൈത്ത് സിറ്റി: വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട് കുവൈത്തിലെ ജയിലുകളിൽ കഴിയുന്നത് 446 ഇന്ത്യക്കാർ. രാജ്യസഭയിൽ ബിനോയ് വിശ്വം എം.പിയുടെ ചോദ്യത്തിന് കേന്ദ്രമന്ത്രി മന്ത്രി വി. മുരളീധരൻ നൽകിയ മറുപടിയിലാണ് ഇക്കാര്യമുള്ളത്.
ലഹരിക്കടത്ത്, കൊലപാതകം, മറ്റു കുറ്റകൃത്യങ്ങൾ എന്നിവയിൽ ശിക്ഷിക്കപ്പെട്ട് ദീർഘനാളായി ജയിലിൽ കഴിയുന്നവരും ഇക്കൂട്ടത്തിലുണ്ട്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള തടവുകാരിൽ മലയാളികളുമുണ്ട്. അതിനിടെ വ്യാഴാഴ്ച വധശിക്ഷക്ക് വിധിച്ച ഒരു ഇന്ത്യൻ തടവുകാരന്റെ ശിക്ഷ നടപ്പാക്കൽ മാറ്റിവെച്ചു.
കൊലപാതകക്കേസിൽ അറസ്റ്റിലായ തമിഴ്നാട് സ്വദേശിയുടെ ശിക്ഷയാണ് മാറ്റിവെച്ചത്. കൊല്ലപ്പെട്ട ശ്രീലങ്കൻ സ്വദേശിനിയുടെ ബന്ധുക്കൾക്ക് ബ്ലഡ് മണി നൽകി മാപ്പുനേടാൻ ശ്രമം നടക്കുന്നതായ വിവരത്തെ തുടർന്നാണ് അവസാന നിമിഷം വധശിക്ഷ മാറ്റിവെച്ചത്. വ്യാഴാഴ്ച കുവൈത്ത് അഞ്ചുപേരുടെ വധശിക്ഷ നടപ്പാക്കുകയും ചെയ്തു.
തടവുകാരെ കൈമാറ്റം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയും കുവൈത്തും ധാരണയിൽ എത്തിയിരുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഇന്ത്യൻ അംബാസഡർ സിബി ജോർജ് 250 ഇന്ത്യൻ തടവുകാരുടെ പട്ടിക തയാറാക്കി നൽകുകയും ചെയ്തു. ഇന്ത്യൻ തടവുകാർക്ക് ശിക്ഷ കാലാവധി ഇന്ത്യയില്‍ പൂര്‍ത്തിയാക്കുന്ന നിലയിലായിരുന്നു ഇത്.
എന്നാൽ ഇത് പൂർണമായിട്ടില്ല. അതേസമയം, ആകെ 8,330 ഇന്ത്യക്കാരാണ് വിദേശരാജ്യങ്ങളിലെ ജയിലുകളില്‍ കഴിയുന്നതെന്ന് കേന്ദ്ര സർക്കാറിന്റെ കണക്കുകൾ പറയുന്നു. തടവുകാരിൽ ഭൂരിഭാഗവും യു.എ.ഇ, സൗദി അറേബ്യ, കുവൈത്ത് തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലാണുള്ളത്.
പുറത്തുവിട്ട കണക്കുകൾ പ്രകാരം ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുനൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവിടങ്ങളിലെ ജയിലുകളിൽ 4,630 ഇന്ത്യൻ തടവുകാരാണുള്ളത്. ഇതിൽ 1,611 തടവുകാരുള്ള യു.എ.ഇയിലാണ് ഏറ്റവും കൂടുതൽ. സൗദി അറേബ്യയിൽ 1,461 ഇന്ത്യൻ തടവുകാരുണ്ട്, ഖത്തറിൽ 696, ഒമാനിൽ 139 ഇന്ത്യക്കാരും തടവുകാരായുണ്ട്.
ഹോങ്കോങ്, യു.എ.ഇ, യു.കെ, റഷ്യ, ഇറാൻ, ഖത്തർ എന്നിവയുൾപ്പെടെ 31 രാജ്യങ്ങളുമായി 2018 വരെ ശിക്ഷ വിധിയുള്ളവരെ കൈമാറുന്നതിനുള്ള കരാറിൽ ഇന്ത്യ ഒപ്പുവെച്ചിട്ടുണ്ടെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി. ഇന്ത്യൻ തടവുകാരുടെ സുരക്ഷ, ക്ഷേമം എന്നിവക്ക് കേന്ദ്ര സർക്കാർ ഏറ്റവും ഉയർന്ന പരിഗണനയാണ് നൽകുന്നതെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

