കിളിയേ കിളിയേ; 415 ഇനം ദേശാടനപ്പക്ഷികൾ ഈ വർഷം കുവൈത്തിൽ എത്തിയേക്കും
text_fieldsകുവൈത്ത് സിറ്റി: വരുന്ന ശരത് കാലവും കുവൈത്ത് വൻ തോതിൽ ദേശാടനപ്പക്ഷികളുടെ ഇടത്താവളമാകും. രാജ്യത്തെ തണ്ണീർ തടങ്ങളിലും കടലോരത്തും അവ പറന്നിറങ്ങും. ചില്ലകളിൽ കൂടുകൂട്ടും. ആകാശത്ത് ചിറകുവിരിക്കും. അങ്ങനെ കാഴ്ചകളുടെ വർണത്തൂവലുകൾ വിടർത്തി ദിവസങ്ങൾ കുവൈത്തിൽ തുടരും. ഒടുവിൽ മറ്റൊരു ദേശത്തേക്ക് പറന്നുപോകും.
60 സ്പീഷീസിലുള്ള 415 ഇനം ദേശാടനപ്പക്ഷികൾ ഈ വർഷം കുവൈത്തിൽ എത്തുമെന്ന് കുവൈത്ത് എൻവയൺമെന്റൽ ലെൻസ് (കെ.ഇ.എൽ) മേധാവി റസീദ് അൽ ഹാജി വ്യക്തമാക്കി. ദേശാടനപ്പക്ഷികളുടെ ശരത്കാല കുടിയേറ്റത്തിൽ നിർണായകമായ ഇടമാണ് കുവൈത്ത്.
കുവൈത്തിന്റെ ഭൂമിശാസ്ത്രപരമായ സവിശേഷ സ്ഥാനവും, പ്രകൃതിദത്തമായ ഇടങ്ങളുമാണ് പക്ഷികൾ സുരക്ഷിത താവളമാക്കുന്നതിന് പിന്നിൽ. റഷ്യ, കസാഖ്സ്താൻ, അസർബൈജാൻ എന്നിവിടങ്ങളിലെ തെക്കുപടിഞ്ഞാറൻ പ്രദേശങ്ങളിൽ നിന്ന് കിഴക്കൻ, മധ്യ ആഫ്രിക്കയിലെ ചൂടുള്ള കാലാവസ്ഥയിലേക്ക് പക്ഷികൾ സഞ്ചരിക്കുന്നു. യൂറോപ്പിന്റെ വടക്ക് കിഴക്ക് നിന്ന് തുർക്കിയ, സിറിയ എന്നിവയിലൂടെ ഇന്ത്യയിലേക്കും ഒരു വിഭാഗം സഞ്ചരിക്കുന്നു.
ഈ പക്ഷികളുടെ ഇടത്താവളമാണ് കുവൈത്ത്. ശൈത്യകാലത്തിന്റെ ആരംഭം വരെ കുവൈത്തിൽ പക്ഷികളുടെ ശരത്കാല കുടിയേറ്റം തുടർന്നേക്കാമെന്ന് പക്ഷി നിരീക്ഷകർ ചൂണ്ടിക്കാട്ടി. കുവൈത്തിലുടനീളം പ്രകൃതിദത്തമായ 13 തണ്ണീർതടങ്ങളുണ്ട്. ഇവിടങ്ങളിലും കടൽ തീരങ്ങളിലും വൈകാതെ പല നിറങ്ങളിലും രൂപങ്ങളിലുമുള്ള പക്ഷികളെ കാണാം.
യാത്രക്കിടെ സംഭവിക്കുന്ന സസ്യങ്ങളുടെയും പൂക്കളുടെയും സ്വാഭാവിക പരാഗണത്തിലൂടെ ദേശാടനപ്പക്ഷികളുടെ വരവ് പരിസ്ഥിതി വ്യവസ്ഥക്കും നിർണായകമായ സംഭാവന നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

